തിരുവനന്തപുരം: പണിമുടക്കിന്റെ ഭാഗമായി തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ ജോലിക്കെത്തിയവര്‍ക്ക് മര്‍ദനമേറ്റതായി പരാതി.
ആറ്റിങ്ങലില്‍ ജോലിക്ക് എത്തിയ ഹയര്‍സെക്കന്‍ഡറി അധ്യാപകനും കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് മര്‍ദനമേറ്റതായി പരാതി ഉയര്‍ന്നത്.
ആറ്റിങ്ങല്‍ ഗവണ്‍മെന്റ് വി ആന്‍ഡ് എച്ച്എസ്എസ്സിലെ അനൂപ് വി. എന്ന അധ്യാപകനെ പ്രതിഷേധക്കാര്‍ മര്‍ദിച്ചതായാണ് പരാതി. സ്‌കൂളിലെത്തിയ പ്രതിഷേധക്കാരുടെ വീഡിയോ എടുക്കാനും അവരെ തടയാനും ശ്രമിച്ചപ്പോഴാണ് അനൂപിന് മര്‍ദനമേറ്റത് എന്നാണ് വിവരം.
കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെയും കണ്ടക്ടറെയും സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടര്‍ ഷിബുവിനും സുനില്‍കുമാറിനും ആണ് മര്‍ദനമേറ്റത്.
വാഹനത്തില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ സമരാനുകൂലികള്‍ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു എന്നും പരാതിയുണ്ട്. ഡ്രൈവറും കണ്ടക്ടറും കാട്ടാക്കട ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി.