കടയ്ക്കാവൂർ : മൂന്നുമാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വക്കം ഇരവിള പാട്ടത്തിൽ വീട്ടിൽ സുനുവിന്റെ ഭാര്യ രഞ്ജിനി (36)യെയാണ് തിങ്കളാഴ്ച രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വക്കത്തെ സ്വകാര്യ സ്കൂളിലെ ജീവനക്കാരായിരുന്നു സുനുവും രഞ്ജിനിയും. രണ്ടു സമുദായത്തിൽപ്പെട്ട ഇരുവരും നാലുവർഷംമുമ്പ് പ്രേമിച്ചാണ് വിവാഹം കഴിച്ചത്. ഇവർക്ക് മൂന്നു വയസ്സുള്ള ഒരു മകനുണ്ട്.
പട്ടികജാതിയിൽപ്പെട്ട രഞ്ജിനിയെ മദ്യപിച്ച് ജാതി പറഞ്ഞ് സുനു നിരന്തരം അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നുവെന്ന് രഞ്ജിനിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.ഞായറാഴ്ച രാത്രിയും സുനു രഞ്ജിനിയെ ഉപദ്രവിച്ചതായും പറയുന്നു. അച്ഛൻ: ചന്ദ്രൻ, അമ്മ: ഓമന, സഹോദരങ്ങൾ: രഞ്ജിത്ത്, വിപിൻ.