Tag: കേരളീയം

  • ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും എണ്ണപ്പെടുന്ന ഒരു മഹോത്സവമായി കേരളീയം മാറും; മുഖ്യമന്ത്രി

    ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും എണ്ണപ്പെടുന്ന ഒരു മഹോത്സവമായി കേരളീയം മാറും; മുഖ്യമന്ത്രി

    തിരുവനന്തപുരം: ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും എണ്ണപ്പെടുന്ന ഒരു മഹോത്സവമായി കേരളീയം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

    പരിപാടി സംസ്ഥാനത്തെ ജനങ്ങള്‍ നെഞ്ചേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളീയത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കേരളത്തിലെ ജനങ്ങളുടെ ഐക്യത്തിലൂടെ നമുക്ക് നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് നാം തെളിയിച്ചതാണ്. ഈ ഒരുമയും ഐക്യവും എല്ലാ കാലവും ഉണ്ടാകണം.

    സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവര്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. മഴയൊന്നും കണക്കാക്കാതെയും ജനങ്ങള്‍ പരിപാടികളില്‍ പങ്കെടുത്തു. കേരളീയം വന്‍ വിജയമാക്കിയത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

  • കേരളീയം സമാപനം: തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

    കേരളീയം സമാപനം: തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം: കേരളീയത്തിന്റെ സമാപനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകുന്നേരം 3.30 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.

    സമാപന സമ്മേളനത്തിൽ പങ്കെടുക്കാനുള്ളവർ മൂന്നരയോടെ പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെത്തേണ്ടതാണ്.ആദ്യമെത്തുന്നവർക്ക് ആദ്യം സീറ്റ് എന്ന നിലയിലാണ് സീറ്റുകൾ അനുവദിച്ചിട്ടുള്ളത്.

    സെൻട്രൽ സ്റ്റേഡിയത്തിലേക്കെത്താൻ വിവിധ പാർക്കിങ് സെന്ററുകളിൽ നിന്നും ഓരോ പത്ത് മിനിട്ടിലും കെ.എസ്.ആർ.ടി.സി. ഇലക്‌ട്രിക്‌ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

    സ്റ്റേഡിയത്തിലേക്ക് എത്തുന്നവരെ സുരക്ഷാ പരിശോധനക്ക് ശേഷമേ കടത്തിവിടൂ. പ്രധാന റോഡുകളിൽ വാഹനപാർക്കിങ് അനുവദിക്കില്ല.

    പനവിള, ഹൗസിങ് ബോർഡ് – പ്രസ് ക്ലബ് റോഡ് എന്നിവ വഴിയും സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റ്, വൈ.എം.സി.എ. -പ്രസ് ക്ലബ്ബ് റോഡ് എന്നിവയിലൂടെയും സെൻട്രൽ സ്റ്റേഡിയത്തിലേക്ക് വി.ഐ.പി. വാഹനങ്ങൾ, എമർജൻസി വാഹനങ്ങൾ, കേരളീയം സംഘാടകരുടെ വാഹനങ്ങൾ, നിശ്ചിത പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾ എന്നിവ മാത്രമേ കടത്തിവിടൂ. ഇവർക്കായി പനവിള – ഹൗസിങ് ബോർഡ് റോഡിലും സെൻട്രൽ സ്റ്റേഡിയം പരിസരത്തുമായി പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.

    പബ്ലിക് ഓഫീസ് ഗ്രൗണ്ട്, സംസ്‌കൃത കോളേജ് പാളയം, ഗവ. മോഡൽ എച്ച്.എസ്.എസ്. തൈക്കാട്, ശ്രീസ്വാതി തിരുനാൾ സംഗീത കോളേജ്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, തമ്പാനൂർ, ഐരാണിമുട്ടം ഗവ. ഹോമിയോ ഹോസ്പിറ്റൽ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ബി.എസ്.എൻ.എൽ. ഓഫീസ്, കൈമനം, ഗിരിദീപം കൺവെൻഷൻ സെന്റർ നാലാഞ്ചിറ എന്നിവിടങ്ങളിൽ വിപുലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • കേരളീയം വേദിയില്‍ തത്സമയം കപ്പയും ചിക്കനുമായി കിഷോർ

    കേരളീയം വേദിയില്‍ തത്സമയം കപ്പയും ചിക്കനുമായി കിഷോർ

    തിരുവനന്തപുരം:കേരളീയത്തിന്റെ ആറാം ദിനത്തില്‍ നടന്ന തത്സമയ പാചകത്തില്‍ സൂര്യകാന്തി വേദിയില്‍ അതിഥിയായി എത്തിയത് വ്‌ലോഗറും അവതാരകനും ടെലിവിഷന്‍ താരവുമായ കിഷോര്‍.

    തത്സമയം കപ്പയും ചിക്കനും പാചകം ചെയ്താണ് കിഷോര്‍ ആസ്വാദകരെ വരവേറ്റത്. ‘ലൈവ്’ പാചകത്തിനിടയില്‍ നാടന്‍ പാട്ട് പാടി പ്രേക്ഷകരെ കയ്യിലെടുത്ത എ. എന്‍. മണികണ്ഠനായിരുന്നു വേദിയിലെ മറ്റൊരു താരം.

    ലളിതകലാ അക്കാദമി ജീവനക്കാരനായ എ. എന്‍ മണികണ്ഠന്‍ മലപ്പുറം സ്വദേശിയാണ്. കൂടെ ആര്‍ ജെ അഞ്ജലിയുടെ അവതരണവും പരിപാടി കളറാക്കി. കിഷോറിന്റെ പാചകരുചി അറിഞ്ഞാണ് ജനക്കൂട്ടം മടങ്ങിയത്. തുടര്‍ന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ വേദിയിലെത്തി കേരളീയം ഫുഡ് ഫെസ്റ്റിന്റ പേരില്‍ സ്‌നേഹോപഹാരം നല്‍കി കിഷോറിനെആദരിച്ചു.

  • കേരളീയം വേദിയില്‍ തത്സമയം ഷെഫ് പിള്ള; കൈയടി നേടി പൊറോട്ടയും ഫിഷ് നിര്‍വാണയും

    കേരളീയം വേദിയില്‍ തത്സമയം ഷെഫ് പിള്ള; കൈയടി നേടി പൊറോട്ടയും ഫിഷ് നിര്‍വാണയും

    തിരുവനന്തപുരം:കേരളീയത്തിന്റെ അഞ്ചാംദിനം സൂര്യകാന്തിയിലെ തത്സമയ പാചകത്തില്‍ രുചിലോകം തീര്‍ത്ത് ഷെഫ് പിള്ള.

    നിറഞ്ഞ കൈയടികളോടെയാണ് കാണികള്‍ ഒന്നടങ്കം ഷെഫിനെ വേദിയിലേക്ക് വരവേറ്റത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നൂല്‍ പൊറോട്ടയും ഫിഷ് നിര്‍വാണയുമാണ് ആസ്വാദകര്‍ക്കായി അദ്ദേഹം ഒരുക്കിയത്.

    ‘ലൈവ് ‘വേദിയില്‍ നടനും അവതാരകനുമായ ബേസില്‍ തോമസിന്റെ കമന്ററിയും പ്രേക്ഷക കൈയടി നേടി. കേരളീയം ഫുഡ് ഫെസ്റ്റിന്റെ പേരില്‍ സ്‌നേഹോപഹാരം നല്‍കി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഷെഫ് പിള്ളയെആദരിച്ചു.

  • ‘കേരളീയ’ത്തിന് ഗിന്നസ് തിളക്കവും

    ‘കേരളീയ’ത്തിന് ഗിന്നസ് തിളക്കവും

    തിരുവനന്തപുരം:കേരളത്തിന്റെ നേട്ടങ്ങളുടെ അടയാളപ്പെടുത്തലുമായി സംസ്ഥാനസര്‍ക്കാര്‍ ഒരുക്കിയ ‘കേരളീയ’ത്തിന് ഗിന്നസ് നേട്ടത്തിന്റെ കൂടി തിളക്കം.

    കേരളീയത്തിന്റെ ഭാഗമായി 67-ാമത് കേരളപ്പിറവി ആഘോഷവേളയില്‍, 67 വ്യത്യസ്ത ഭാഷകളില്‍, 67 പേര്‍ ഓണ്‍ലൈന്‍ വീഡിയോ മുഖേന കേരളപ്പിറവി ആശംസകള്‍ നേര്‍ന്നതിലൂടെയാണ് ഈ ഗിന്നസ് നേട്ടം കേരളീയത്തിനു സ്വന്തമായത്.

    ഇത്രയധികം ആളുകള്‍ ഇത്രയധികം ഭാഷകളില്‍ ഒരേ സമയം ആശംസ നേരുന്ന’ഓണ്‍ലൈന്‍ വീഡിയോ റിലേ’ ചരിത്രത്തില്‍ ആദ്യമാണെന്ന് ഗിന്നസ് അധികൃതര്‍ അറിയിച്ചു. ‘കേരളീയം’ ലോകശ്രദ്ധയിലേക്ക് എത്തിയപ്പോഴാണ് ഗിന്നസ് നേട്ടം കൂടി സ്വന്തമാകുന്നത്.

    മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയോടെ ആരംഭിച്ച ഓണ്‍ലൈന്‍ വീഡിയോ റിലേയില്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു മലയാള ഭാഷയുടെ പ്രതിനിധിയായി. തുടര്‍ന്നു വിവിധ സംസ്ഥാനങ്ങളില്‍നിന്നുളള കേരള കേഡര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അവരുടെ മാതൃഭാഷകളില്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. കിഫ്ബി ഉദ്യോഗസ്ഥരും ഈ നേട്ടത്തിന്റെ ഭാഗമായി.

    വിവിധ മേഖലകളില്‍നിന്നുള്ള ലോക കേരള സഭാംഗങ്ങള്‍, കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഉപഭോക്താക്കള്‍,പ്രവാസി ഡിവിഡന്റ് സ്‌കീമിലെ അംഗങ്ങള്‍ എന്നിവരും ഈ ദൗത്യത്തില്‍ പങ്കാളികളായി. കൂടാതെ ഒട്ടേറെ വിദേശ പൗരന്മാരും അവരുടെ ഭാഷകളില്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നത് ഈ റെക്കോര്‍ഡ് നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

     

    ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘റേഡിയോ കേരളം 1476 എ.എം’ ഈ ഗിന്നസ് ഉദ്യമത്തിന്റെ സംഘാടനത്തില്‍ മുഖ്യ പങ്കുവഹിച്ചു. ഹിന്ദി, ഉര്‍ദു, മണിപ്പൂരി, ഗുജറാത്തി തുടങ്ങി ലിപിയുള്ള വിവിധ ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ, ജാപ്പനീസ്, മലയ്, സ്പാനിഷ്, റഷ്യന്‍ തുടങ്ങി നിരവധി വിദേശഭാഷകളിലുള്ള ആശംസകളും ‘കേരളീയ’ത്തിന്റെ ഗിന്നസ് ദൗത്യത്തെ സമ്പന്നമാക്കി. ആഫ്രിക്കയിലെ പ്രാദേശിക ഭാഷകളില്‍ വരെയുള്ള കേരളപ്പിറവി ആശംസകള്‍ വീഡിയോയിലുണ്ട്. കേരളീയത്തിന്റെ ഈ ഗിന്നസ് നേട്ടം, വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ബൃഹത്താക്കാനും പദ്ധതിയുണ്ട്. ലോകത്ത് ഇന്നും സജീവമായ ഏഴായിരത്തില്‍ അധികം ഭാഷകളില്‍ കേരളപ്പിറവി ആശംസകള്‍ നേരുന്ന ഒരു ഓണ്‍ലൈന്‍ വീഡിയോ റിലേ ആണ് ലക്ഷ്യമിടുന്നത്.

  • കനകക്കുന്നില്‍ പൂക്കാലം

    കനകക്കുന്നില്‍ പൂക്കാലം

    തിരുവനന്തപുരം:കനകക്കുന്ന് കൊട്ടാര വളപ്പില്‍ ഒരുക്കിയിരിക്കുന്ന കട്ട് ഫ്ളവര്‍ പുഷ്പവേദിയില്‍ കാഴ്ചക്കാരുടെ തിരക്ക്.

    ദിവസങ്ങളോളം വാടാതെ നില്‍ക്കുന്ന ഓര്‍ക്കിഡ്, ജിഞ്ചര്‍ ജില്ലി, ആന്തൂറിയം, ഹെലികോനിയ, ടൂലിപ്സ്, ഹൈഡ്രാഞ്ചിയ തുടങ്ങിയ പുഷ്പങ്ങള്‍ വിവിധ തരത്തിലാണ് ഇവിടെ അലങ്കരിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കേരളീയത്തില്‍ ഏറെ ജനകീയമായ വേദികളിലൊന്നാണിത്.

    പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കിയാണ് പ്രദര്‍ശനം. തടിയില്‍ പണിത ചുണ്ടന്‍ വള്ളത്തിലും ഈറ കൊണ്ടുണ്ടാക്കിയ മുറം, പായ, വട്ടി എന്നിവയിലുമാണ് വ്യത്യസ്തങ്ങളായ ബൊക്കെകള്‍ തീര്‍ത്തിരിക്കുന്നത് .

    ഇതിനു പുറമെ കട്ട് ഫ്ളവര്‍ അറേഞ്ച്മെന്റ് മത്സരമായും ഇവിടെ നടത്തുന്നുണ്ട്. പരിപാടിയുടെ ആദ്യ രണ്ടു ദിനങ്ങളില്‍ പൊതുജനങ്ങള്‍ക്കും ശനിയും ഞായറും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുമാണ് മത്സരം.

    തിങ്കളാഴ്ച വെജിറ്റബിള്‍ കാര്‍വിംഗ് മത്സരമാണ്. ഇതിനു പുറമെ കനകക്കുന്നിലെ പ്രവേശനകവാടം മുതല്‍ ചെടികളുടെ വിപുലമായ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഫ്ളവര്‍ ഷോ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇവിടെ പുഷ്‌പോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

  • കേരളീയം; നഗരവീഥികളില്‍ ഉറഞ്ഞാടി തെയ്യക്കോലങ്ങള്‍

    കേരളീയം; നഗരവീഥികളില്‍ ഉറഞ്ഞാടി തെയ്യക്കോലങ്ങള്‍

    തിരുവനന്തപുരം:കാണികളില്‍ കൗതുകം നിറച്ച് നഗരവീഥികളില്‍ തെയ്യക്കോലങ്ങളുടെ ഉറഞ്ഞാട്ടം.

    കേരളീയത്തിന്റെ ഭാഗമായി ജന നിബിഢ വേദിയായി മാറിയ മാനവീയത്തിലും ഗാന്ധി പാര്‍ക്കിലും അവതരിപ്പിച്ച വിവിധ തെയ്യക്കോലങ്ങള്‍ കാണാന്‍ നൂറുകണക്കിന് ആസ്വാദകരാണ് തടിച്ചു കൂടിയത്.

    നാലു തെയ്യങ്ങളാണ് ഇരുസ്ഥലങ്ങളിലും കെട്ടിയാടിയത്. മാനവിയം വീഥിയില്‍ മുഖപ്പാള ഗുളികന്‍, നാഗക്കാളി, പരദേവത, അഗ്നി ഭൈരവന്‍ എന്നീ തെയ്യങ്ങളാണ് ഉത്സവ വീഥികള്‍ കയ്യടക്കിയത്.

    ഗാന്ധി പാര്‍ക്കില്‍ ഭഗവതി, രക്തേശ്വരി, മുഖപ്പാളി, ഒതേനന്‍ എന്നീ തെയ്യങ്ങളാണ് കാണികള്‍ക്ക് മുന്നില്‍ ഉറഞ്ഞാടിയത്. കോഴിക്കോട് ഉള്ളിയേരിയിലെ നിതീഷും സംഘവുമാണ് തെയ്യക്കോലങ്ങള്‍ അവതരിപ്പിച്ചത്. തലസ്ഥാന നഗരിക്ക് അത്ര പരിചിതമല്ലാത്ത തെയ്യക്കോലങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നഗര ഹൃദയം കവരുകയായിരുന്നു.

  • കേരളീയം; വേദികളില്‍ നിന്ന് വേദികളിലേക്ക് ഇലക്ട്രിക് ബസില്‍ സൗജന്യ യാത്ര

    കേരളീയം; വേദികളില്‍ നിന്ന് വേദികളിലേക്ക് ഇലക്ട്രിക് ബസില്‍ സൗജന്യ യാത്ര

    തിരുവനന്തപുരം:കേരളീയം കാണാന്‍ തലസ്ഥാനത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗജന്യ യാത്രയൊരുക്കി ഗതാഗതകമ്മിറ്റി.

    കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള കേരളീയത്തിന്റെ പ്രധാനവേദികള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ വൈകിട്ട് ആറുമണി മുതല്‍ രാത്രി പത്തുമണിവരെ കെഎസ്ആര്‍ടിസി ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളിലാണ് സൗജന്യയാത്ര ഒരുക്കിയിട്ടുള്ളത്. ഇതിനായി 20 ബസുകളാണ് കെഎസ്ആര്‍ടിസിയില്‍നിന്നു ലഭ്യമാക്കിയിട്ടുള്ളത്.

    ആദ്യ രണ്ടു ദിവസങ്ങളിലായി കേരളീയത്തിന്റെ വിവിധ വേദികളില്‍ എത്തിയ ആറായിരത്തി അഞ്ഞൂറോളം പേര്‍ക്ക് യാത്രാസൗകര്യം ഒരുക്കാന്‍ ഇതുവഴി സാധിച്ചതായി കേരളീയം ഗതാഗത കമ്മിറ്റി അറിയിച്ചു. ആദ്യ ദിനമായ നവംബര്‍ ഒന്നിന് കിഴക്കേകോട്ട മുതല്‍ കവടിയാര്‍ വരെ 10 ബസ്സുകള്‍ 36 സര്‍വീസുകളും കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ 10 ബസുകള്‍ 25 സര്‍വീസുകളുമാണ് നടത്തിയത്.

    രണ്ടാം ദിവസം തിരക്ക് കണക്കിലെടുത്ത് അഞ്ചു ബസുകള്‍ കൂടി അനുവദിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസ് അനുവദിക്കുമെന്നും ഗതാഗത കമ്മിറ്റി അറിയിച്ചു.

    കേരളീയത്തിന്റെ വിവിധ വേദികളില്‍ നടക്കുന്ന പരിപാടികള്‍ സംബന്ധിച്ച അറിയിപ്പ് ബസിനുള്ളിലെ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ വിവിധ വേദികളിലേക്കെത്താന്‍ എവിടെ എത്തണം എന്നത് സംബന്ധിച്ച റൂട്ടു മാപ്പും ബസിനുള്ളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഓരോ ബസിലും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളീയവുമായി ബന്ധപ്പെട്ട ഭക്ഷണ, വോളണ്ടിയര്‍, ട്രേഡ് ഫെയര്‍ കമ്മിറ്റികള്‍ക്ക് ആവശ്യമായ ബസുകളും ഗതാഗത കമ്മിറ്റിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  • കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് മുതല്‍ക്കൂട്ടാവും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

    കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് മുതല്‍ക്കൂട്ടാവും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

    തിരുവനന്തപുരം:കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് ഭാവിയില്‍ മുതല്‍ക്കൂട്ടാവുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

    കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്ളത്.

    ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകളെ ഉള്‍പ്പെടുത്തുന്നത്. കേരളത്തിന്റെ പ്രത്യേകത വൈവിധ്യങ്ങളായ ഭക്ഷണങ്ങളാണെന്നും ലോകസഞ്ചാരികള്‍ക്ക് സംസ്ഥാനത്തെ പരിചയപ്പെടുത്താന്‍ കേരളീയം ഭക്ഷ്യമേള മികച്ച വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    വന്‍ വിലക്കിഴിവിലാണ് വമ്പന്‍ ബ്രാന്‍ഡുകളുടെ സിഗ്‌നേച്ചര്‍ വിഭവങ്ങള്‍ അടക്കം ലഭിക്കുക. ഹൈസിന്ത്, ഗോകുലം ഗ്രാന്റ്, കെ.ടി.ഡി.സി മാസ്‌കോട്ട്, ലീല റാവിസ്, ഹില്‍റ്റണ്‍ പഞ്ചനക്ഷത്ര ഹോട്ടലുകളാണ് കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ പഞ്ചനക്ഷത്ര ഫുഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. വൈകിട്ട് നാലുമുതല്‍ 10 വരെയാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. കേരളീയം ഫുഡ്കമ്മിറ്റി ചെയര്‍മാന്‍ എ.എ റഹിം എംപി, കണ്‍വീനര്‍ ശിഖ സുരേന്ദ്രന്‍, യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.