Tag: കേരളീയം

  • കേരളീയം; തലസ്ഥാനത്ത് എട്ടു കിലോമീറ്റര്‍ ലൈറ്റ് ഷോ

    കേരളീയം; തലസ്ഥാനത്ത് എട്ടു കിലോമീറ്റര്‍ ലൈറ്റ് ഷോ

    തിരുവനന്തപുരം:കേരളത്തിന്റെ നേട്ടങ്ങള്‍ നിറയുന്ന ആഘോഷമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി കാഴ്ചയുടെ എണ്ണമറ്റ കൗതുകങ്ങള്‍ക്ക് സ്വിച്ചിടുന്നതാകും വൈദ്യുതദീപാലങ്കാര പ്രദര്‍ശനമെന്ന് വൈദ്യുതി വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി.

    കേരളീയത്തിന്റെ മുഖ്യആകര്‍ഷണങ്ങളിലൊന്നായ ഇല്യൂമിനേഷനുമായി ബന്ധപ്പെട്ട് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

    നഗരം ഇന്നേ വരെ സാക്ഷ്യം വഹിക്കാത്ത നിരവധി വിസ്മയകാഴ്ചകളുമായാണ് കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ കേരളീയം വൈദ്യുത ദീപാലങ്കാരം ഒരുങ്ങുന്നത്.കനകക്കുന്ന്,സെന്‍ട്രല്‍ സ്റ്റേഡിയം, മ്യൂസിയം കോമ്പൗണ്ട്, ടാഗോര്‍ തിയറ്റര്‍, സെക്രട്ടേറിയറ്റും അനക്സുകളും, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാര്‍ക്ക്, നായനാര്‍ പാര്‍ക്ക് എന്നീ വേദികള്‍ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങളാല്‍ അലംകൃതമാകും.

    കേരളീയത്തിന്റെ പ്രധാന വേദികളിലൊന്നായ കനകക്കുന്നില്‍ പ്രത്യേകമായ തയ്യാറാക്കിയ ദീപാലങ്കാരമാകും സ്ഥാപിക്കുക.കേരളീയത്തിന്റെ കൂറ്റന്‍ ലോഗോയുടെ പ്രകാശിതരൂപമായിരിക്കും കനകക്കുന്നിലെ പ്രധാന ആകര്‍ഷണം.ലേസര്‍ മാന്‍ ഷോ കേരളീയത്തിലെത്തുന്നവരുടെ മനം കവരും.ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസര്‍ രശ്മികള്‍ക്കൊപ്പം നൃത്തം വയ്ക്കുന്ന ഷോ തിരുവനന്തപുരത്തിന് നവ്യനുഭമാകും.

    അള്‍ട്രാ വയലറ്റ് രശ്മികള്‍ കൊണ്ടലങ്കരിച്ച വേദിയില്‍ കലാകാരന്മാര്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന യു.വി സ്റ്റേജ് ഷോ,എല്‍.ഇ.ഡി ബള്‍ബുകളാല്‍ പ്രകാശിതമായ പ്രത്യേക വസ്ത്രം ധരിച്ചെത്തുന്ന നര്‍ത്തകര്‍ സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ട്രോണ്‍സ് ഡാന്‍സ് എന്നിവയും ഒരുക്കിയിട്ടുണ്ട്.പ്രധാന പരിപാടികളുടെ ഇടവേളകളില്‍ കനകക്കുന്നില്‍ തയാറാക്കിയ പ്രത്യേകവേദിയിലാണ് ട്രോണ്‍സ് ഡാന്‍സ് അവതരിപ്പിക്കുക.

    ഇതിനു പുറമെ പ്രത്യേക ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ദീപക്കാഴ്ചകളാല്‍ കനകക്കുന്നില്‍ തയ്യാറാക്കിയ വിവിധ സെല്‍ഫി പോയിന്റുകളും സന്ദര്‍ശകരുടെ ഫേവറിറ്റ് സ്പോട്ടായി മാറും.പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ കോര്‍ത്തിണക്കിയ ഇന്‍സ്റ്റലേഷനൊപ്പം അദ്ദേഹത്തിന്റെ പ്രധാന കൃതികളിലൊന്നായ നീലവെളിച്ചം പ്രമേയമാക്കി ഒരുക്കുന്ന സെല്‍ഫി പോയിന്റാണ് ഇതിലൊന്ന്.വടക്കന്‍ കേരളത്തിലെ തെയ്യം പ്രമേയമാക്കി കണ്ണൂരില്‍ നിന്നുള്ള ‘കാവി’ന്റെ തീമും ഒരുക്കും.

    ടാഗോര്‍ തിയറ്ററില്‍ മൂണ്‍ ലൈറ്റുകള്‍ നിലാ നടത്തത്തിന് വഴിയൊരുക്കും.മ്യൂസിയത്തില്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മൃഗങ്ങളുടെയും ചിത്രലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങള്‍ തീര്‍ക്കും.നിര്‍മാണ ചാരുതയെ എടുത്തറിയിക്കുന്ന വിധത്തിലുള്ള നിറങ്ങളും വെളിച്ചവും അണിനിരത്തിയാണ് സെക്രട്ടേറിയറ്റിലെ ദീപാലങ്കാരം.

    കേരളം സമസ്ത മേഖലകളിലും കൈവരിച്ച നേട്ടങ്ങളെ പ്രദര്‍ശിപ്പിക്കുന്ന കൂറ്റന്‍ ബലൂണുകളാല്‍ സെന്‍ട്രല്‍

    സ്റ്റേഡിയത്തിലെ രാത്രിക്കാഴ്ച നവ്യാനുഭൂതിയാകും. വിവിധ തല ത്തിലുള്ള പൂക്കളുടെ ആകൃതിയില്‍ തയ്യാറാക്കുന്ന ദീപാലങ്കാരമാണ് പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കിലെത്തുന്ന സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

    കവടിയാര്‍- തൈക്കാട്,വെള്ളയമ്പലം-എല്‍.എം.എസ്, യൂണിവേഴ്സിറ്റി-പാളയം,എല്‍.എം.എസ്-സ്റ്റാച്യൂ- കിഴക്കേകോട്ട എന്നീ റോഡുകളില്‍ ആറു വ്യത്യസ്ത തീമുകളിലുള്ള ദീപാലങ്കാരമാണ് ഒരുക്കുന്നത്. ഓണം വാരാഘോഷങ്ങളുടേതില്‍ നിന്നു വ്യത്യസ്തമായി പ്രധാന ജംഗ്ഷനുകളില്‍ കൂടുതല്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ച് നഗരസൗന്ദര്യം കൂടുതല്‍ എടുത്തുകാണിക്കുന്ന രീതിയിലാണ് ഇത്തവണത്തെ സജ്ജീകരണങ്ങള്‍.ഇതിനുപുറമേ സ്മാര്‍ട്ട് സിറ്റി, കെ.എസ്.ഇ.ബി,തിരുവനന്തപുരം കോര്‍പറേഷന്‍ തുടങ്ങിയവരുടെ സഹകരണത്തോടെ നഗരത്തിലെ എല്ലാ പ്രതിമകളിലും ദീപാലങ്കാരം നടത്തും. കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ അവസാന മിനുക്കുപണികളാണ് നിലവില്‍ നടക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ആരാധാനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരാണിക കെട്ടിടങ്ങളില്‍ രാത്രിയില്‍ പ്രത്യേക ദീപാലങ്കാരം നടത്തി ആകര്‍ഷകമാകുന്ന വിനോദസഞ്ചാര വകുപ്പിന്റെ തിരുവിതാംകൂര്‍ ഹെറിറ്റേജ് സര്‍ക്യൂട് പദ്ധതിയും കേരളീയം മഹോത്സവത്തിന് മുമ്പ് പൂര്‍ത്തിയാകും.

    ഇല്യൂമിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ, കണ്‍വീനര്‍ ഡി.ടി.പി.സി.സെക്രട്ടറി ഷാരോണ്‍ വീട്ടില്‍, കെ.എസ്.ഇ.ബി സിവില്‍ ജനറേഷന്‍ ഡയറക്ടര്‍ സി. രാധാകൃഷ്ണന്‍, കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ ആര്‍.ആര്‍. ബിജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  • കേരളീയത്തിനൊപ്പം ചുവടുവെച്ച് കാട്ടാക്കട;ആഘോഷമായി മെഗാ തിരുവാതിര

    കേരളീയത്തിനൊപ്പം ചുവടുവെച്ച് കാട്ടാക്കട;ആഘോഷമായി മെഗാ തിരുവാതിര

    കാട്ടാക്കട;1001 വനിതകള്‍ ഒരേ താളത്തില്‍ വട്ടത്തിൽ കേരള ഗാനത്തിനൊത്ത് ചുവടുവെച്ചപ്പോള്‍ കാട്ടാക്കട ക്രിസ്ത്യൻ കോളജ് മൈതാനത്ത് കേരളീയം മറ്റൊരു തിരുവാതിര ആഘോഷമായി.

    കേരളം ആര്‍ജിച്ച നേട്ടങ്ങളും സാംസ്കാരിക പൈതൃകവും ലോകത്തിനു മുന്നില്‍ ആവിഷ്കരിക്കുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ ഇതാദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പ്രചാരണത്തിന്റെ ഭാഗമായി ഐ ബി സതീഷ് എം എൽ എ യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒപ്പം മെഗാ തിരുവാതിരയാണ് വേറിട്ട ആഘോഷമായത്.

    മലയാളികള്‍ക്ക് ആഘോഷവേളകളില്‍ ഒഴിവാക്കാനാവാത്ത കേരളത്തനിമയുടെ അടയാളമായ തിരുവാതിര,കാട്ടാക്കട മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെ വനിത സഹൃദ കൂട്ടായ്മകളുടെ ഉത്സാഹത്തിലാണ് അരങ്ങേറിയത്.

    കസവുസാരിയും പച്ച ബ്ലൗസുമണിഞ്ഞ് കാശുമാലയും മുല്ലപ്പൂവും ചൂടി കുടുംബശ്രീപ്രവര്‍ത്തകര്‍,ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍,സര്‍ക്കാര്‍ ജീവനക്കാര്‍, വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരികള്‍ എന്നിവര്‍ മെഗാതിരുവാതിരയില്‍ അണിനിരന്നു.

    വൈകിട്ട് നാലിന് മൈതാനത്തൊരുക്കിയ തുറന്ന വേദിയില്‍ ഐ ബി സതീഷ് എം എൽ എ തിരുവാതിര ഉദ്ഘാടനം ചെയ്തു.കേരളം എന്താണ്,എന്തല്ല എന്ന് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് കേരളീയം എന്ന് അദ്ദേഹം പറഞ്ഞു.സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ എന്‍ മായ മുഖ്യപ്രഭാഷണം നടത്തി. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

    ഉദ്ഘാടന ചടങ്ങിന് ശേഷം തിരുവാതിരയുടെ ട്രയല്‍ അരങ്ങേറി.അതിന് ശേഷമാണ് നന്മകള്‍ വിളയും നറുതേനൊഴുകും പുതുമലരായെന്‍ മലയാളം എന്ന ഗാനത്തിനൊത്ത് 1001 വനിതകള്‍ ഓരേ താളത്തില്‍ ചുവടുവെച്ചു തുടങ്ങിയത്.പള്ളിച്ചല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ സുനിത എന്നിവരുടെ നേതൃത്വത്തില്‍ കേരളീയത്തിനൊപ്പം കാട്ടാക്കട എന്ന സ്തംഭത്തിന് ചുറ്റും രണ്ട് പാട്ടുകള്‍ക്കൊത്ത് 10 മിനുട്ടോളം ചുവടുവെച്ചു.പള്ളിച്ചല്‍,മലയിന്‍കീഴ്,കാട്ടാക്കട, വിളവൂര്‍ക്കല്‍,മാറനല്ലൂര്‍,വിളപ്പില്‍ പഞ്ചായത്തുകളിലെ വനിതകളാണ് തിരുവാതിരയില്‍ പങ്കെടുത്തത്.വിവിധ സി ഡി എസുകളില്‍ പരിശീലനം നല്‍കിയാണ് വനിതകളെ തിരുവാതിരക്ക് ഒരുക്കിയത്.

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചര്‍, നേമം ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍,ഒപ്പം പദ്ധതി കണ്‍വീനര്‍ ഷീജ,ട്രിനിറ്റി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍,വിവിധ ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

     

     

  • കേരളീയം ഭക്ഷ്യമേള; മാനവീയം വീഥി മുതല്‍ കിഴക്കേക്കോട്ട വരെ 11 വേദികള്‍

    കേരളീയം ഭക്ഷ്യമേള; മാനവീയം വീഥി മുതല്‍ കിഴക്കേക്കോട്ട വരെ 11 വേദികള്‍

    തിരുവനന്തപുരം:കേരളം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഭക്ഷ്യവിരുന്നായി കേരളീയം ഭക്ഷ്യമേള മാറുമെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍. അനില്‍.

    നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ ഭക്ഷ്യമേളയുമായി ബന്ധപ്പെട്ടു കനകക്കുന്നു പാലസ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    രണ്ടായിരം കേരളീയവിഭവങ്ങളുമായി മാനവീയം വീഥി മുതല്‍ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് ഭക്ഷ്യമേള നടക്കുന്നത്. അഞ്ഞൂറു വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ രണ്ടായിരത്തോളം തനതു വിഭവങ്ങള്‍ അണിനിരത്തുന്നത്.

    ഈ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ മെനുകാര്‍ഡുകളിലൊന്ന് ഭക്ഷ്യമേളയുടെ ഭാഗമായി പുറത്തിറക്കും.

     

    തട്ടുകട മുതല്‍ പഞ്ചനക്ഷത്രവിഭവങ്ങള്‍ വരെ ഉള്‍പ്പെടുത്തിയ നൂറ്റന്‍പതിലധികം സ്റ്റാളുകള്‍ ഭക്ഷ്യമേളയുടെ ഭാഗമായി സജ്ജീകരിക്കും. ഭൂരിഭാഗം സ്റ്റാളുകളും വ്യത്യസ്ത വിഭവങ്ങള്‍ പരീക്ഷിച്ച് വിജയിച്ച ചെറുകിട സംരംഭകരുടേതായിരിക്കും. പട്ടിക വര്‍ഗ വികസന വകുപ്പ്, സഹകരണ വകുപ്പ്, ഫിഷറീസ് വകുപ്പ്, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ തുടങ്ങിയവയും ഭക്ഷ്യമേളയുടെ ഭാഗമാകും.

     

    കേരളത്തിന്റെ പാരമ്പര്യ ഭക്ഷണവിഭവങ്ങളായ രാമശേരി ഇഡലി, വനസുന്ദരി ചിക്കന്‍, പുട്ടും കടലയും തുടങ്ങി കുട്ടനാടന്‍ കരിമീന്‍ വരെ 10 കേരളീയ വിഭവങ്ങള്‍ ബ്രാന്‍ഡ്‌ചെയ്ത് അവതരിപ്പിക്കും. ഓരോവിഭവത്തിന്റെയും ചരിത്രം, നിര്‍മാണരീതി അടക്കമുള്ള വീഡിയോ പ്രദര്‍ശനവും ഓരോ സ്റ്റാളിലും ഉണ്ടാകും. പഴങ്കഞ്ഞിമുതല്‍ ഉണക്കമീന്‍ വിഭവങ്ങള്‍ വരെ കേരളത്തിലെ പരമ്പരാഗത ഭക്ഷണരീതികള്‍ ആസ്വദിക്കാന്‍ കഴിയുന്ന മാനവീയം വീഥിയിലെ പഴമയുടെ ഉത്സവം: നൊസ്റ്റാള്‍ജിയ, ഉറുമ്പുചമ്മന്തി മുതല്‍ കിഴങ്ങുവര്‍ഗങ്ങളുടെ വ്യത്യസ്തവിഭവങ്ങള്‍ വരെ അവതരിപ്പിക്കുന്ന യൂണിവേഴ്‌സിറ്റി കോളജിലെ എത്‌നിക് ഫുഡ്‌ഫെസ്റ്റ് എന്നിവയും കേരളീയം ഭക്ഷ്യമേളയുടെ സവിശേഷതയാണ്.

     

    യൂണിവേഴ്‌സിറ്റി കോളേജ് മുതല്‍ വാന്റോസ് ജംഗ്ഷന്‍ വരെയുള്ള റോഡ് ഭക്ഷണതെരുവായി മാറ്റുന്നതരത്തില്‍ അവതരിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍ കേരളീയത്തിന്റെ ഏഴുദിവസത്തെ രാത്രിജീവിതത്തിന്റെ കൂടെ ഭാഗമാകും.

     

    കേരളത്തിലെ പ്രശസ്തരായ ലെഗസി റെസ്റ്റോറന്റുകളുടെ പ്രാതിനിധ്യവും ഭക്ഷ്യമേളയില്‍ ഉണ്ടാകും. സാമൂഹിമകാധ്യമങ്ങളിലടക്കം ജനപ്രിയരായ പാചകവിദഗ്ധരുടെ ലൈവ് ഫുഡ്‌ഷോയും ഭക്ഷ്യമേളയിലുണ്ടാകും. ഷെഫ്പിള്ള, ആബിദ റഷീദ്, ഫിറോസ് ചുട്ടിപ്പാറ, പഴയിടം മോഹനന്‍ നമ്പൂതിരി, കിഷോര്‍ എന്നീ പാചകരംഗത്തെ പ്രശസ്തര്‍ അവരവരുടെ വ്യത്യസ്തപാചകരീതികള്‍ അവതരിപ്പിക്കുന്ന ഫുഡ്‌ഷോ സൂര്യകാന്തിയില്‍ നവംബര്‍ 2 മുതല്‍ ആറുവരെ അരങ്ങേറും. പ്രശസ്തരായ ഫുഡ് വ്‌ളോഗര്‍മാര്‍ ഭക്ഷ്യമേളയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകും.

    കേരളീയം ഭക്ഷ്യമേള കമ്മിറ്റി ചെയര്‍മാന്‍ എ.എ. റഹീം എം.പി, ഭക്ഷ്യമേള കമ്മിറ്റി കണ്‍വീനര്‍ ശിഖ സുരേന്ദ്രന്‍, കോഡിനേറ്റര്‍ സജിത് നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    ഭക്ഷ്യമേള വേദികള്‍

    കേരളത്തിലെ ബ്രാന്‍ഡഡ് ഭക്ഷണങ്ങള്‍: കനകക്കുന്ന്

    മലയാളി അടുക്കള (കുടുംബശ്രീ ഭക്ഷ്യമേള): കനകക്കുന്ന്

    പഴമയുടെ രുചിഉത്സവം-(നൊസ്റ്റാള്‍ജിയ): മാനവീയംവീഥി

    പെറ്റ്‌സ് ഫുഡ്‌ഫെസ്റ്റിവല്‍: എല്‍.എം.എസ്. കോമ്പൗണ്ട്

    മില്‍ക്ക് ആന്‍ഡ് ചോക്ലേറ്റ് ഫെസ്റ്റിവല്‍: യൂണിവേഴ്‌സിറ്റി കോളേജ്

    എത്നിക് ഫുഡ്‌ഫെസ്റ്റിവല്‍: യൂണിവേഴ്‌സിറ്റി കോളേജ്

    സീഫുഡ് ഫെസ്റ്റിവല്‍: എല്‍.എം.എസ്. കോമ്പൗണ്ട്

    പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള: സെന്‍ട്രല്‍ സ്റ്റേഡിയം

    ഉപ്പും മുളകും: സഹകരണവകുപ്പ് ഭക്ഷ്യമേള: ടാഗോര്‍ തിയേറ്റര്‍

    ടേസ്റ്റ്ഓഫ്‌കേരള: പുത്തിരികണ്ടം മൈതാനം

    സ്ട്രീറ്റ് ഫുഡ്‌ഫെസ്റ്റിവല്‍: യൂണിവേഴ്‌സിറ്റി കോളേജിന് സമീപം- സ്പെന്‍സേഴ്സ് മുതല്‍ വാന്റോസ് ജംഗ്ഷന്‍ വരെ

  • കേരളീയത്തിന്റെ പ്രചാരകരായി വിദ്യാർഥികളും

    കേരളീയത്തിന്റെ പ്രചാരകരായി വിദ്യാർഥികളും

    തിരുവനന്തപുരം:കേരളീയം പരിപാടിയുടെ പ്രാധാന്യം അറിയിക്കുന്ന കുറിപ്പ് അസംബ്ലിയിൽ വായിച്ച് സ്‌കൂൾ വിദ്യാർഥികൾ.

    സംസ്ഥാനത്തെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും ബുധനാഴ്ചത്തെ അസംബ്ലിയിലാണ് കേരളീയത്തെ കുറിച്ചുള്ള കുറിപ്പ് വായിച്ചത്.

    കേരളത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തലസ്ഥാനത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് സ്‌കൂളുകളിൽ കുറിപ്പ് വായിച്ചത്.

  • കേരളീയം: തിരുവനന്തപുരത്ത് ഒളിമ്പിക് അസോസിയേഷൻ്റെ കൂട്ടയോട്ടം

    കേരളീയം: തിരുവനന്തപുരത്ത് ഒളിമ്പിക് അസോസിയേഷൻ്റെ കൂട്ടയോട്ടം

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയുടെ പ്രചാരണാര്‍ത്ഥം കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിച്ച കൂട്ടയോട്ടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും ജില്ലാ പൊലീസ് മേധാവി നാഗരാജു ചക്കിലവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

    നൂറിലധികം കായിക താരങ്ങള്‍ പങ്കെടുത്ത കൂട്ടയോട്ടം കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നിന്നാരംഭിച്ച് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സമാപിച്ചു.

    കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍, സെക്രട്ടറി എസ്. രാജീവ്, വൈസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

  • കേരളീയം ഗോൾ വല കുലുക്കി ഐ.എം.വിജയൻ

    കേരളീയം ഗോൾ വല കുലുക്കി ഐ.എം.വിജയൻ

    തിരുവനന്തപുരം:കേരളീയത്തിന്റെ ആവേശം വാനോളമുയർത്തി ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരം ഐ.എം.വിജയൻ.

    കേരളത്തിന്റെ സമസ്ത നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മാനവീയം വീഥിയിൽ ഐ.എം.വിജയനുമായി പന്തുതട്ടാം എന്ന പരിപാടി സംഘടിപ്പിച്ചത്.

    കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് ഐ.എം.വിജയനൊപ്പം കാൽപന്തു കളിയുടെ ആവേശം പങ്കുവെക്കാനെത്തിയത്.മാനവീയം വീഥിയിൽ പ്രത്യേകം തയാറാക്കിയ ഗോൾ പോസ്റ്റിലേക്ക് വിജയൻ ആദ്യ ഗോൾ അടിച്ചു.തുടർന്ന് മന്ത്രിമാരായ വി.ശിവൻ കുട്ടി,ജി.ആർ.അനിൽ,ആന്റണി രാജു,എ.എ. റഹീം എം.പി,ചീഫ് സെക്രട്ടറി ഡോ.വി.വേണു,

    കേരളീയം സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ,ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ്,മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു എന്നിവരും ഗോളടിച്ചു. തുടർന്ന് കുട്ടികളുമൊത്ത് ഐ.എം.വിജയൻ പന്തുതട്ടി. സെൽഫിയെടുക്കാനും ഫുട്ബാളിൽ കയ്യൊപ്പ് വാങ്ങാനുമായി കുട്ടികൾ വിജയനൊപ്പം ചേർന്നു. കേരളീയത്തിന് എല്ലാ വിജയാശംസകളും നേർന്നാണ് ഐ എം വിജയൻ മടങ്ങിയത്.

  • പാടിപ്പതിഞ്ഞ് കേരളീയം; മലയാളത്തിന്റെ ഈണമായി കാട്ടാക്കടയിലെ കൊച്ചുഗായകർ

    പാടിപ്പതിഞ്ഞ് കേരളീയം; മലയാളത്തിന്റെ ഈണമായി കാട്ടാക്കടയിലെ കൊച്ചുഗായകർ

    കാട്ടാക്കട:കേരളത്തിന്റെ സമസ്ത സൗന്ദര്യവും സവിശേഷതകളും തുളുമ്പുന്ന വരികള്‍ പാടി കാട്ടാക്കടയിലെ ആയിരത്തൊന്ന് കുരുന്നുകള്‍ കേരളീയം മഹോത്സവത്തിന് സംഗീതസാന്ദ്രമായ അകമ്പടിയേകി.

    ‘കാട്ടാലാരവം’-കേരളീയത്തിനൊപ്പം കാട്ടാക്കട എന്ന പേരില്‍ ഐ.ബി.സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തൂങ്ങാംപാറ ശ്രീ കാളിദാസ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച 23 സ്‌കൂളുകളിലെ 1001 കുട്ടികളുടെ സംഘഗാനാലാപന സദസ്സാണ് വേറിട്ട അനുഭവമായത്.

    മലയാളത്തിന്‍ നാടാണ്, നന്മനിറഞ്ഞൊരു നാടാണ്, നാനാജാതി മാനവരെന്നും പരിലസിക്കുന്നൊരു മലനാട് എന്ന ഗാനം ഈണത്തില്‍ പാടി തുടങ്ങിയ പരിപാടിയില്‍ കേരളത്തിന്റെ തനിമയും സാംസ്‌കാരിക സവിശേഷതകളും സമ്പന്നമായ പൈതൃകവും വിളിച്ചോതുന്ന ആറ് ഗാനങ്ങളാണ് കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് ആലപിച്ചത്.

    കേരളത്തെക്കുറിച്ച് പാടാനായി മാത്രം ഇത്രയും കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്നത് ഒരു ചരിത്ര സംഭവമാണെന്ന് കുട്ടികളോട് സംവദിക്കവെ ഐ.ബി.സതീഷ് എം.എല്‍.എ പറഞ്ഞു. നമ്മളെങ്ങനെ നമ്മളായെന്ന് ഓര്‍ക്കാനുള്ള അവസരമാണ് കേരളീയം. കേരളം ഇന്ന് എന്താണ്, നാളെ എന്താകുമെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് കേരളീയത്തിലൂടെ.

    വിദ്യാര്‍ഥികളും യുവാക്കളും വിദേശത്തേക്ക് കുടിയേറുന്നത് മൂലം സംഭവിക്കുന്ന മസ്തിഷ്‌ക ചോര്‍ച്ചയില്‍ നിന്ന് മസ്തിഷ്‌ക നേട്ടമുള്ള നാടാക്കി കേരളത്തെ മാറ്റണം. നമ്മള്‍ ഇതുവരെ എന്ത് നേടി എന്ന് പരിശോധിക്കുന്നതിനൊപ്പം വികസിത രാജ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ ഇപ്പോഴേ കൈവരിക്കാന്‍ നാം എന്താണ് ചെയ്യേണ്ടത് എന്ന് പരിശോധിക്കാനുള്ള ശ്രമവുമാണ് കേരളീയമെന്ന് അദ്ദേഹം പറഞ്ഞു.

    തിരുവനന്തപുരം ജില്ലക്കാര്‍ ഇതുവരെ കണ്ട ഓണാഘോഷങ്ങള്‍ 50 എണ്ണം ചേര്‍ത്തുവെച്ചാലുണ്ടാകുന്നത്ര വിപുലമായ ആഘോഷങ്ങളാണ് കേരളീയത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് എം എല്‍ എ പറഞ്ഞു. ആ ദിവസങ്ങളില്‍ കേരളമാകെ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തും. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് പോലെ നമുക്ക് കേരളത്തെ ശരിയായ വിധത്തില്‍ അറിയില്ലെന്നും കേരളത്തെ അറിയാനും പരിചയപ്പെടുത്താനുമുള്ള അവസരമായി കേരളീയത്തെ മാറ്റണമെന്നും എം എല്‍ എ കുട്ടികളോട് പറഞ്ഞു. ഇത്രയും മനോഹരമായ പരിപാടി സംഘടിപ്പിച്ച കാട്ടാക്കട മണ്ഡലത്തിലെ അധ്യാപകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും എം എല്‍ എ പറഞ്ഞു.

     

    കാട്ടാക്കട മണ്ഡലത്തിലെ സ്‌കൂളുകളില്‍ മല്‍സരം നടത്തി തെരെഞ്ഞെടുത്ത 1001 കുട്ടികള്‍ക്ക് രണ്ടാഴ്ചയോളം സംഗീത അധ്യാപകര്‍ പരിശീലനം നല്‍കിയാണ് കാട്ടാലാരവത്തിനായി ഒരുക്കിയത്. മലയിന്‍കീഴ് ഗവ ഗേള്‍സ് എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അനഘ സംഘഗാനത്തിന് നേതൃത്വം നല്‍കി. മലയാളത്തിന്‍ നാടാണ്, കേരളമെന്നുടെ ജന്മദേശം, ജയജയ കോമള കേരള ധരണി, കേരളം കേരളം കേളികൊട്ടുയരുന്ന കേരളം, കേരളം മോഹനമതിസുന്ദരം, പാരിന് പരിഭൂഷ ചാര്‍ത്തിടും എന്നീ ഗാനങ്ങളാണ് ഒന്നുമുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ ചേര്‍ന്ന് ആലപിച്ചത്.

     

    സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദര്‍ശനവും പരിപാടിയോടനുബന്ധിച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിന്റ് മല്ലിക, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, അധ്യാപകര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

  • 41 രാജ്യങ്ങളിൽ നിന്ന് 162 വിദ്യാർഥികൾ; കനകക്കുന്നിൽ ലോക വിദ്യാർഥി സംഗമമൊരുക്കി കേരളീയം

    41 രാജ്യങ്ങളിൽ നിന്ന് 162 വിദ്യാർഥികൾ; കനകക്കുന്നിൽ ലോക വിദ്യാർഥി സംഗമമൊരുക്കി കേരളീയം

    തിരുവനന്തപുരം:രാജ്യാന്തരവിദ്യാർഥി സംഗമത്തിനു വേദിയായി കനകക്കുന്ന് കൊട്ടാരവളപ്പ്.

    കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനു മുന്നോടിയായാണ് കേരള സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസത്തിനെത്തിയ രാജ്യാന്തര വിദ്യാർഥികളുടെ സംഗമവും സാംസ്‌കാരിക ആഘോഷവും സംഘടിപ്പിച്ചത്.

    അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബെനിൻ, ബോട്ട്‌സാന, കാമറൂൺ, ചാഡ്, കൊളംബിയ, കൊമോറോസ്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, ജോർദാൻ, കെനിയ, ലാവോസ്, ലെസോത്തോ, മലാവി, മലേഷ്യ, മാലി, മൗറീഷ്യസ്, കമൊസാംബിക്യൂ, നമീബിയ, നേപ്പാൾ, നൈജീരിയ, പലസ്തീൻ, റുവാൻഡ, സിയറാ ലിയോൺ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സുഡാൻ, സിറിയ, താജിക്കിസ്ഥാൻ, താൻസാനിയ, ഗാംബിയ, ട്രിനിഡാഡ് ആൻഡ് ടുബാഗോ, തുർക്ക്‌മെനിസ്ഥാൻ,ഉഗാണ്ട, വിയറ്റ്‌നാം,യെമൻ,സാംബിയ,സിംബാബ്‌വെ എന്നീ 41 രാജ്യങ്ങളിൽ നിന്നെത്തിയ 162 വിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുത്തത്.

    കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ ബിരുദ,ബിരുദാനന്തര,ഗവേഷണ കോഴ്‌സുകളിൽ പഠിക്കുന്നവരാണ് തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ചു കേരളീയത്തിന്റെ സംഘാടസമിതി ഓഫീസ് കൂടിയായ കനകക്കുന്ന് പാലസിൽ നിറഞ്ഞുനിന്നത്.ബിരുദതലത്തിൽ പഠിക്കുന്ന 28 വിദ്യാർഥികൾ,ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന 62 വിദ്യാർഥികൾ,ഗവേഷകരായ 52 പേർ എന്നിവരാണ് കേരളീയത്തിന്റെ ഭാഗമാകാൻ എത്തിയത്.