Tag: മെഡിക്കൽ കോളേജ്

  • ഡോ.ഹാരിസിന്റെ വെളിപ്പെടുത്തൽ; മെഡിക്കല്‍ കോളേജിൽ ഉപകരണങ്ങള്‍ എത്തിച്ചു; മാറ്റിവച്ച ശസ്ത്രക്രിയകള്‍ ആരംഭിച്ചു

    ഡോ.ഹാരിസിന്റെ വെളിപ്പെടുത്തൽ; മെഡിക്കല്‍ കോളേജിൽ ഉപകരണങ്ങള്‍ എത്തിച്ചു; മാറ്റിവച്ച ശസ്ത്രക്രിയകള്‍ ആരംഭിച്ചു

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യൂറോളജി വിഭാഗത്തില്‍ ലഭ്യമല്ലാതിരുന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍ ആശുപത്രിയിൽ എത്തിച്ചു.

    ഹൈദരാബാദില്‍നിന്ന് ഉപകരണങ്ങള്‍ രാവിലെ എത്തിച്ചതോടെ മാറ്റിവച്ച ശസ്ത്രക്രിയകള്‍ ആരംഭിച്ചു. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങളാണ് ഹൈദരാബാദില്‍നിന്ന് വിമാനമാര്‍ഗം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ചത്.

    ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം മൂലം രോഗികള്‍ അനുഭവിക്കുന്ന ദുരിതം വെളിപ്പെടുത്തി ശനിയാഴ്ചയാണ് ഡോ.ഹാരിസ് സമൂഹമാധ്യമത്തില്‍ കുറിപ്പ് എഴുതിയത്. ഇതു വന്‍വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രിയും മറ്റ് അധികൃതരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചു.

    ഡോ.ഹാരിസിന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന കാര്യങ്ങളാണ് അന്വേഷണ സമിതിയുടെ പരിശോധനയിലും കണ്ടെത്തിയതെന്നാണു റിപ്പോര്‍ട്ട്

     

  • തിരുവനന്തപുരം മെ‍ഡിക്കൽ കോളേജിൽ അത്യാധുനിക ഹൃദയശസ്ത്രക്രിയ വിജയം

    തിരുവനന്തപുരം മെ‍ഡിക്കൽ കോളേജിൽ അത്യാധുനിക ഹൃദയശസ്ത്രക്രിയ വിജയം

    തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ നൂതന ചികിത്സാരീതി വിജയകരം.

    ഹൃദയാഘാതത്തെത്തുടർന്ന് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ വിദഗ്ധ ചികിത്സയ്ക്കായിയെത്തിയ കൊല്ലം ചാരുംമൂട് സ്വദേശിക്കാണ്(54) അത്യാധുനിക ചികിത്സ ലഭ്യമാക്കിയത്. സങ്കീർണമായ സർജറി ഒഴിവാക്കി നൂതന ചികിത്സാരീതിയായ ഓർബിറ്റൽ അതേറക്ടമിയാണ് ഡോക്ടർമാർ നടത്തിയത്.

    രക്തക്കുഴലിൽ കാൽസ്യം അടിഞ്ഞുകൂടി രൂപപ്പെടുന്ന മുഴയെ ഓർബിറ്റൽ അതേറക്ടമി എക്യുപ്‌മെന്റ് എന്ന ഉപകരണം ഉപയോഗിച്ച് പൊട്ടിച്ചുകളയുന്ന രീതിയാണ് ഇത്.

    കാർഡിയോളജി വിഭാഗം മേധാവി പ്രൊഫസർ ഡോ. ശിവപ്രസാദ്, പ്രൊഫസർമാരായ ഡോ. മാത്യു ഐപ്പ്, ഡോ. സിബുമാത്യു, ഡോ. പ്രവീൺ വേലപ്പൻ,ഡോ. എസ്.പ്രവീൺ, ഡോ. അഞ്ജന, ഡോ. ലക്ഷ്മിതമ്പി, കാർഡിയോ വാസ്‌കുലാർ ടെക്നോളജിസ്റ്റുമാരായ പ്രജീഷ്, കിഷോർ, അസീംഷാ, കൃഷ്ണപ്രിയ, നേഹ, അമൽ, സുലഭ, നഴ്സിങ്ഓഫീസർമാരായ കവിതകുമാരി, അനിത, പ്രിയ എന്നിവരാണ് ചികിത്സയ്ക്കു നേതൃത്വം നൽകിയത്.

  • രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം:മെഡിക്കല്‍ കോളേജിൽ 3 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

    രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം:മെഡിക്കല്‍ കോളേജിൽ 3 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

    തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ 2 ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

    അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

  • മെഡിക്കൽ കോളേജിൽ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ മൂന്നുപേർ പിടിയിൽ

    മെഡിക്കൽ കോളേജിൽ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ മൂന്നുപേർ പിടിയിൽ

    തിരുവനന്തപുരം : മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രി വളപ്പിൽ കിടന്നുറങ്ങിയ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ മൂന്നുപേർ പിടിയിലായി.

    കടയ്ക്കാവൂർ സ്വദേശി അജിത്ത് (44), ചിതറ ഐരക്കുഴി സ്വദേശി നവാസ് (44), നാലാഞ്ചിറ സ്വദേശി കുഞ്ഞുമോൻ(48) എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തത്.പിടിയിലായവർ സുഹൃത്തുക്കളാണ്.

    കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പീടിയാട്രിക് ഒ.പി.യുടെ മുൻവശത്ത് കിടന്നുറങ്ങുകയായിരുന്ന വിളപ്പിൽശാല സ്വദേശി അനന്തു (18)വിനെയാണ് പ്രതികൾ മർദിച്ചത്. പോക്കറ്റിൽക്കിടന്ന അഞ്ഞൂറ് രൂപ പ്രതികൾ എടുത്തത് അനന്തു ചോദ്യംചെയ്ത വിരോധത്തിലായിരുന്നു മർദനം.

  • മെഡിക്കൽ കോളേജിൽ ഡോക്ടറുടെ ഫോൺ മോഷ്ടിച്ചു

    മെഡിക്കൽ കോളേജിൽ ഡോക്ടറുടെ ഫോൺ മോഷ്ടിച്ചു

    തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു.

    30000 രൂപ വിലമതിക്കുന്ന ഫോണാണ് മോഷ്ടിച്ചത്. സംഭവത്തിൽ രണ്ടുപേരെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു.

    തിങ്കളാഴ്ച രാത്രി പതിനൊന്നിനായിരുന്നു സംഭവം. പ്രിവന്റീവ് ക്ലിനിക്കിലെ ഹൗസ് സർജൻ വഞ്ചിയൂർ സ്വദേശി മുഹമ്മദ് ഷിബിലിയുടെ ഫോണാണ് നഷ്ടമായത്. ഡോക്ടറുടെ മേശപ്പുറത്ത് വെച്ചിരിക്കുകയായിരുന്നു ഫോൺ.

  • മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാന്റീനിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു

    മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാന്റീനിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു

    തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാന്റീനിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. അടുക്കളയോട് ചേർന്ന ചിമ്മിനിയുടെ ഭാഗമാണ് ഇന്നലെ തകർന്നത്.ആളപായമില്ല.

    മെഡിക്കൽ കോളേജ് കാറ്രറിംഗ് വർക്കേഴ്സ് സഹകരണ സംഘത്തിന്റെ കാന്റീനാണ് തകർന്നത്.കാന്റീനിന് പുറമെ സ്റ്റേഷനറി സാധനങ്ങൾ വിൽക്കുന്ന കടയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.

    ചിമ്മിനിയുടെ മുകളിൽനിന്ന് താഴെ വരെയുള്ള ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.കാലപ്പഴക്ക ഭീഷണി നേരിടുന്ന കെട്ടിടമാണ്.

  • കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയില്‍ രാജ്യത്ത് അഞ്ചാമതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

    കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയില്‍ രാജ്യത്ത് അഞ്ചാമതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

    തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെയുള്ള കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സ നല്‍കിയ ആശുപത്രികളുടെ പട്ടികയില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അഞ്ചാം സ്ഥാനത്ത്.

    സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍വെന്‍ഷന്‍ ചികിത്സ നല്‍കിയ ആശുപത്രി കൂടിയാണ്. ഹൈദരാബാദില്‍ നടന്ന നാഷണല്‍ ഇന്റര്‍വെന്‍ഷന്‍ കൗണ്‍സില്‍ മീറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 3,446 കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയാണ് നല്‍കിയത്.

    സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ഇത്തരം ചികിത്സകള്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെയാണ് നിര്‍വഹിച്ചത് എന്ന പ്രത്യേകതയുമുണ്ട്. മികച്ച സേവനം നല്‍കി അഭിമാനമായ കാര്‍ഡിയോളജി വിഭാഗത്തിലെ മുഴുവന്‍ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനമറിയിച്ചു. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, കാര്‍ഡിയോളജി വിഭാഗം മേധാവി എന്നിവരുടെ മികച്ച ഏകോപവും പ്രവര്‍ത്തനങ്ങളുമാണ് ഇത് സാധ്യമാക്കിയത്.

    ഹൃദ്രോഗങ്ങള്‍ക്ക് ഓപ്പറേഷന്‍ കൂടാതെയുള്ള നൂതനമായ ഇന്റര്‍വെന്‍ഷന്‍ ചികിത്സകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷനില്ലാതെ ചുരുങ്ങിയ വാല്‍വ് നേരെയാക്കല്‍, ഹൃദയമിടിപ്പ് കുറഞ്ഞ് പോയവര്‍ക്ക് നേരെയാക്കാനുള്ള അതിനൂതന പേസ്മേക്കര്‍, ഹൃദയമിടിപ്പ് കൂടി മരണപ്പെടാന്‍ സാധ്യതയുള്ളവര്‍ക്കുള്ള സി.ആര്‍.ടി. തെറാപ്പി, റീ സിങ്ക്രണൈസേഷന്‍ തെറാപ്പി, സങ്കീര്‍ണ ഹൃദ്രോഗങ്ങള്‍ക്ക് പോലും ഓപ്പറേഷന്‍ ഇല്ലാതെ നേരെയാക്കുന്ന ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയവയെല്ലാം കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയിലൂടെ മെഡിക്കല്‍ കോളേജില്‍ ചെയ്തു കൊടുക്കുന്നു. ഇതുകൂടാതെ അതി സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയകളും മെഡിക്കല്‍ കോളേജില്‍ ചെയ്തു വരുന്നു.

    മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വിഭാഗത്തിന് കീഴില്‍ 2 കാത്ത് ലാബുകളാണുള്ളത്. ഇന്ത്യയിലാദ്യമായി നൂറോളജി വിഭാഗത്തിന് കീഴില്‍ ആദ്യ കാത്ത് ലാബും മെഡിക്കല്‍ കോളേജില്‍ അടുത്തിടെ സ്ഥാപിച്ചു. 24 മണിക്കൂറും സേവനം ലഭിക്കുന്ന തരത്തിലാണ് കാര്‍ഡിയോളജി വിഭാഗത്തിന് കീഴിലുള്ള കാത്ത് ലാബുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

  • മെഡിക്കൽ കോളേജിൽനിന്ന്‌ എട്ട്‌ ഡോക്ടർമാർ വിരമിച്ചു

    മെഡിക്കൽ കോളേജിൽനിന്ന്‌ എട്ട്‌ ഡോക്ടർമാർ വിരമിച്ചു

    തിരുവനന്തപുരം : മെഡിക്കൽ കോളേജ് പാത്തോളജി വിഭാഗം മേധാവിയും പ്രിൻസിപ്പലുമായ ഡോ. ജി.നന്ദകുമാർ ഉൾപ്പെടെ എട്ട് ഡോക്ടർമാർ സർവീസിൽനിന്നു വിരമിച്ചു.

    ജെ.ഡി.എം.ഇ. ഡോ. കെ.അജയകുമാർ, സ്‌പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദ്, പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. എസ്.സേതുനാഥ്, ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ്, ഫിസിയോളജി വിഭാഗം മേധാവി ഡോ. സാഹില, ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എം.ജയശ്രീ, ഡോ. കെ.ലതികുമാരി(അനാട്ടമി) എന്നിവരാണ് ബുധനാഴ്ച സർവീസിൽനിന്നു വിരമിച്ചത്

  • വായ്ക്കുള്ളിലെ തൊലിയിലൂടെ കൃത്രിമ മൂത്രനാളി സൃഷ്ടിച്ച് ശസ്ത്രക്രിയ; മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് അപൂർവ നേട്ടം

    വായ്ക്കുള്ളിലെ തൊലിയിലൂടെ കൃത്രിമ മൂത്രനാളി സൃഷ്ടിച്ച് ശസ്ത്രക്രിയ; മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് അപൂർവ നേട്ടം

    തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമമായി മൂത്രനാളി സൃഷ്ടിച്ച് രോഗിയ്ക്ക് അത്യപൂർവ ശസ്ത്രക്രിയ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം യൂണിറ്റ് മേധാവി ഡോ പി ആർ സാജുവിന്റെ നേതൃത്വത്തിലാണ് ഈ താക്കോൽ ദ്വാര ശസ്ത്രക്രിയ നടന്നത്.

    മൂത്രനാളിയുടെ തകരാർ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള കാട്ടാക്കട സ്വദേശിയായ 32 വയസുകാരിയ്ക്കാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. വിദേശത്തും ഇന്ത്യയിലെയും ചുരുക്കം ചില വലിയ ആശുപത്രികളിൽ മാത്രം നടന്നിട്ടുള്ള ശസ്ത്രക്രിയ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആദ്യവുമാണ്.

    മൂത്രനാളിയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് 2013 ൽ യുവതിയ്ക്ക് ഒരു ശസ്ത്രക്രിയ നടന്നിട്ടുണ്ട്. എന്നാൽ അസുഖത്തിന് ശമനമുണ്ടായില്ല.2019 ൽ മൂത്രനാളിയിൽ സ്റ്റെന്റ് സ്ഥാപിച്ചുവെങ്കിലും കാര്യമായ പ്രയോജനവുമുണ്ടായില്ല. വലത്തെ വൃക്കയുടെ പ്രവർത്തനവും കുറഞ്ഞു വന്നു.

    തുടർന്നാണ് ആശുപത്രിയിൽ ആരോഗ്യ മന്ത്രിയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ സജ്ജീകരിച്ചിട്ടുള്ള നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് മൂത്രനാളി കൃത്രിമമായി സൃഷ്ടിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ രോഗിയുടെ മൂത്രനാളിയിലെ അടഞ്ഞ ഭാഗം മുറിച്ചു നീക്കിയ ശേഷം

    ബക്കൽ മുകോസാ എന്നറിയപ്പെടുന്ന വായ്ക്കുള്ളിലെ തൊലി ഉപയോഗിച്ച് നിർമ്മിച്ച പുതിയ മൂത്രനാളി വിജയകരമായി വച്ചുപിടിപ്പിക്കുകയായിരുന്നു.ഏതാണ്ട് നാലു മണിക്കൂർ സമയം മാത്രമാണ് ഈ ശസ്ത്രകിയയ്ക്കായി ചെലവഴിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്ന രോഗിയുടെ വൃക്കയും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.

    ശസ്ത്രക്രിയയിൽ മെഡിക്കൽ കോളജിലെ യൂറോളജി യൂണിറ്റ് -3 മേധാവി ഡോ പി ആർ സാജുവിനൊപ്പം ഡോ എം കെ മനു, ഡോ അണ്ണപ്പാ കമ്മത്ത്, ഡോ ഹിമാംശു പാണ്ഡെ, ഡോ സുധീർ, ഡോ നാഗരാജ്, ഡോ പ്രിഥ്വി വസന്ത്, ഡോ അക്വിൽ, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ അരുൺകുമാർ, ഡോ കാവ്യ, ഡോ ഹരി, ഡോ ജയചന്ദ്രൻ, നേഴ്സുമാരായ രമ്യ, ഉദയറാണി, ജീന, മായ എന്നിവരും ടെക്നിക്കൽ സ്റ്റാഫുകളായ നിജിൻ, പ്രവീൺ എന്നിവരും പങ്കാളികളായി.