കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയില്‍ രാജ്യത്ത് അഞ്ചാമതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

IMG-20230524-WA0050

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെയുള്ള കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സ നല്‍കിയ ആശുപത്രികളുടെ പട്ടികയില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അഞ്ചാം സ്ഥാനത്ത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍വെന്‍ഷന്‍ ചികിത്സ നല്‍കിയ ആശുപത്രി കൂടിയാണ്. ഹൈദരാബാദില്‍ നടന്ന നാഷണല്‍ ഇന്റര്‍വെന്‍ഷന്‍ കൗണ്‍സില്‍ മീറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 3,446 കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയാണ് നല്‍കിയത്.

സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ഇത്തരം ചികിത്സകള്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെയാണ് നിര്‍വഹിച്ചത് എന്ന പ്രത്യേകതയുമുണ്ട്. മികച്ച സേവനം നല്‍കി അഭിമാനമായ കാര്‍ഡിയോളജി വിഭാഗത്തിലെ മുഴുവന്‍ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനമറിയിച്ചു. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, കാര്‍ഡിയോളജി വിഭാഗം മേധാവി എന്നിവരുടെ മികച്ച ഏകോപവും പ്രവര്‍ത്തനങ്ങളുമാണ് ഇത് സാധ്യമാക്കിയത്.

ഹൃദ്രോഗങ്ങള്‍ക്ക് ഓപ്പറേഷന്‍ കൂടാതെയുള്ള നൂതനമായ ഇന്റര്‍വെന്‍ഷന്‍ ചികിത്സകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷനില്ലാതെ ചുരുങ്ങിയ വാല്‍വ് നേരെയാക്കല്‍, ഹൃദയമിടിപ്പ് കുറഞ്ഞ് പോയവര്‍ക്ക് നേരെയാക്കാനുള്ള അതിനൂതന പേസ്മേക്കര്‍, ഹൃദയമിടിപ്പ് കൂടി മരണപ്പെടാന്‍ സാധ്യതയുള്ളവര്‍ക്കുള്ള സി.ആര്‍.ടി. തെറാപ്പി, റീ സിങ്ക്രണൈസേഷന്‍ തെറാപ്പി, സങ്കീര്‍ണ ഹൃദ്രോഗങ്ങള്‍ക്ക് പോലും ഓപ്പറേഷന്‍ ഇല്ലാതെ നേരെയാക്കുന്ന ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയവയെല്ലാം കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയിലൂടെ മെഡിക്കല്‍ കോളേജില്‍ ചെയ്തു കൊടുക്കുന്നു. ഇതുകൂടാതെ അതി സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയകളും മെഡിക്കല്‍ കോളേജില്‍ ചെയ്തു വരുന്നു.

മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വിഭാഗത്തിന് കീഴില്‍ 2 കാത്ത് ലാബുകളാണുള്ളത്. ഇന്ത്യയിലാദ്യമായി നൂറോളജി വിഭാഗത്തിന് കീഴില്‍ ആദ്യ കാത്ത് ലാബും മെഡിക്കല്‍ കോളേജില്‍ അടുത്തിടെ സ്ഥാപിച്ചു. 24 മണിക്കൂറും സേവനം ലഭിക്കുന്ന തരത്തിലാണ് കാര്‍ഡിയോളജി വിഭാഗത്തിന് കീഴിലുള്ള കാത്ത് ലാബുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular