തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞിട്ടില്ലെന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ വാദം പൊളിയുന്നു.
ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞതിന്റെ ദൃശ്യം പുറത്തായി.
സീബ്ര ലൈനിൽ കാർ നിർത്തിയാണ് മേയറും സംഘവും ബസ് തടഞ്ഞത്. ഇതോടെ കെഎസ്ആർടിസി ഡ്രൈവറുമായുള്ള വാക്പോരിൽ മേയറുടെ വാദം പൊളിയുകയാണ്.
ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമ്പോഴും, തന്റെ വാഹനം ബസ് തടഞ്ഞിട്ടില്ലെന്നാണ് ആര്യ ആവർത്തിച്ചത്. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലെ റെഡ് സിഗ്നലിലാണ് കാർ നിർത്തിയതെന്നും ഇതിനു ശേഷമാണ് കാറിൽ നിന്നും ഇറങ്ങി ഡ്രൈവറോട് സംസാരിച്ചതെന്നുമാണ് ആര്യ പറഞ്ഞത്.