Tag: Attukal pogala

  • ആറ്റുകാല്‍ പൊങ്കാല: ഹരിതചട്ടം കര്‍ശനമാക്കി

    ആറ്റുകാല്‍ പൊങ്കാല: ഹരിതചട്ടം കര്‍ശനമാക്കി

    തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഹരിത ചട്ടം പൂർണമായും പാലിക്കുന്നത് കർശനമാക്കാൻ ജില്ലാ ശുചിത്വ മിഷൻ.

    ഒറ്റ തവണ ഉപയോഗത്തിലുള്ള നിരോധിത വസ്തുക്കൾ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഉടനീളം പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.

    സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നിരോധിത അലങ്കാര വസ്തുക്കളും ഫ്‌ളക്സ് ബോര്‍ഡുകളും പിടിച്ചെടുത്തു. ഫ്ലക്സ് ബോര്‍ഡുകളുടെ വ്യാപക ഉപയോഗം നിയന്ത്രിക്കുന്നതിനായി ജില്ലയിലെ ഫ്ളക്സ് പ്രിന്റിങ് സ്ഥാപനങ്ങളില്‍ പ്രത്യേക പരിശോധനാ സംഘങ്ങള്‍ ഊര്‍ജിത പരിശോധന നടത്തും. നഗരപ്രദേശങ്ങളില്‍ ഈ പരിശോധനകള്‍ ശക്തമാക്കുന്നതിനായി ജില്ലാ ശുചിത്വ മിഷനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

    ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ ‘ഭക്തിക്ക് വൃത്തി മുഖ്യം’ എന്ന മെഗാ ക്യാമ്പയിനിന്റെ ബ്രോഷർ ജില്ലാ കളക്ടര്‍ അനു കുമാരി പ്രകാശനം ചെയ്യ്തു. ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ അരുണ്‍ രാജ് പി എന്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ സുജ പി എസ്, അനുശ്രീ എല്‍.എസ് എന്നിവര്‍ പങ്കെടുത്തു.

    ഭക്ഷണ വിതരണക്കാര്‍, താല്‍ക്കാലിക സ്റ്റാള്‍ ഉടമകള്‍ എന്നിവര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്സുകള്‍ ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടത്തി. വിവിധ തലങ്ങളിലായി റെസിഡന്‍സ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഭക്തിക്ക് വൃത്തി മുഖ്യം’ ക്യാമ്പയിന്‍ നടത്തും. കൂടാതെ എൽഇഡി ഡിസ്പ്ലേയുള്ള വാഹനം നഗര പ്രദേശങ്ങളില്‍ ശുചിത്വ പൊങ്കാല സന്ദേശവുമായി യാത്ര നടത്തും.

  • ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി

    ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി

    തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാര്‍ച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

    തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

  • തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

    തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

    തിരുവനന്തപുരം:  ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പിൽ തീ പകർന്നു.

    രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു. 10.15 മണിക്കായിരുന്നു അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം സമര്‍പ്പിക്കുക

    രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.

    ഇത്തവണ  പൊങ്കാല സമർപ്പണത്തിന് മുൻവർഷങ്ങളിലേക്കാൾ തിരക്കാണ്.

     

  • ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾ വിതരണം ചെയ്യാതെ കോർപ്പറേഷൻ

    ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾ വിതരണം ചെയ്യാതെ കോർപ്പറേഷൻ

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പൊങ്കാലയ്ക്ക് ഉപയോഗിച്ച കല്ലുകൾ വിതരണം ചെയ്യാതെ തിരുവനന്തപുരം കോർപ്പറേഷൻ.

    പൊങ്കാലയ്ക്കായി ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്നും കല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ലൈഫ് പദ്ധതി പട്ടികയിലുള്ളവർ ഉൾപ്പെടെ അർഹരായ 40 പേരെ കണ്ടെത്തിയെങ്കിലും അന്തിമ അനുമതി ആയിട്ടില്ല.

    പുത്തരിക്കണ്ടം മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്ന കല്ലുകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. പൊങ്കാല കഴിഞ്ഞ് നഗരത്തിലെ പലഭാഗങ്ങളിൽ നിന്നായി മൂന്ന് ദിവസം കൊണ്ടാണ് കോ‌ർപ്പറേഷൻ കട്ടകൾ ശേഖരിച്ചത്.

    ഈ ചുടുകട്ടകൾക്കായി നൂറിലധികം പേരാണ് അപേക്ഷിച്ചിരിക്കുന്നത്. അതിദരിദ്രർ, ഭിന്നശേഷിക്കാർ, മാരകരോഗം ബാധിച്ചവർ, ആശ്രയ ഗുണഭോക്താക്കൾ എന്നിവർക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. ഇതിൽ നിന്നാണ് അർഹരായ 40 പേരുടെ പട്ടിക തയ്യാറാക്കിയത്

  • ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം നഗരം ശുചിയാക്കിയ തൊഴിലാളികളെ ആദരിച്ചു

    ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം നഗരം ശുചിയാക്കിയ തൊഴിലാളികളെ ആദരിച്ചു

    തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം നഗരം ശുചിയാക്കിയവരെ കോർപ്പറേഷൻ ആദരിച്ചു. മൂവായിരത്തോളം തൊഴിലാളികളും ശുചീകരണത്തിനു മേൽനോട്ടംവഹിച്ച ഉദ്യോഗസ്ഥരും പങ്കെടുത്തു.

    മന്ത്രി വി.ശിവൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, കളക്ടർ ജെറോമിക് ജോർജ്, പൊങ്കാല ഉത്സവത്തിന്റെ നോഡൽ ഓഫീസറായിരുന്ന സബ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസ് സ്ഥിരംസമിതി അധ്യക്ഷൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

     

     

  • പൂർണ്ണമായും നീക്കിയില്ല; നഗരത്തിൽ പലയിടങ്ങളിലും പൊങ്കാല കട്ടകൾ കൂട്ടിയിട്ടിരിക്കുന്നു

    പൂർണ്ണമായും നീക്കിയില്ല; നഗരത്തിൽ പലയിടങ്ങളിലും പൊങ്കാല കട്ടകൾ കൂട്ടിയിട്ടിരിക്കുന്നു

    തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾ മണിക്കൂറുകൾകൊണ്ടു മാറ്റുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നെങ്കിലും അഞ്ച് ദിവസമായിട്ടും പലയിങ്ങളിലും കട്ടകൾ കൂട്ടിയിട്ടിരിക്കുകയാണ്.

    വഞ്ചിയൂർ കോടതി, ചാല, നന്തൻകോട്, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, പി.എം.ജി.-ലോ കോളേജ് റോഡ്, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ വളപ്പ് തുടങ്ങി പലയിടങ്ങളിലും കട്ടകൾ കൂട്ടിയിട്ടിട്ടുണ്ട്. കട്ടകൾ പുത്തരിക്കണ്ടം മൈതാനത്ത് ശേഖരിക്കുമെന്നാണ്‌ വിശദീകരണം.

  • ‘പൊങ്കാല കല്ലുകൾ അടിച്ചു മാറ്റുന്നു’- വീഡിയോ വ്യാജമെന്ന് പൊലീസ്; മേയറുടെ പരാതിയിൽ അന്വേഷണം

    ‘പൊങ്കാല കല്ലുകൾ അടിച്ചു മാറ്റുന്നു’- വീഡിയോ വ്യാജമെന്ന് പൊലീസ്; മേയറുടെ പരാതിയിൽ അന്വേഷണം

    തിരുവനന്തപുരം : പൊങ്കാല കല്ല് മോഷ്ടിച്ചതായുള്ള വ്യാജ പ്രചരണത്തിൽ മേയറുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. ലൈഫ് മിഷൻ പദ്ധതിക്കായി ഉപയോഗിക്കേണ്ട കല്ലുകൾ സ്വകാര്യ വ്യക്തികൾ കടത്തിയെന്നായിരുന്നു വീഡിയോ. ഈ വീഡിയോ സന്ദേശം വ്യാജമെന്ന് പൊലിസ് വ്യക്തമാക്കി.

    വീഡിയോയിലെ ഓട്ടോയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിലെടുത്തു. പൊങ്കാലയ്ക്കായി ഒരു കോൺട്രാക്ടർ റസിഡൻസ് അസോസിയേഷന് ഇഷ്ടിക നൽകിയിരുന്നു. ഇത് തിരിച്ചു കൊണ്ട് ഇറക്കുന്നതിനിടെയിലാണ് വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു.

  • ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; നാലുപേർകൂടി അറസ്റ്റിൽ

    ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; നാലുപേർകൂടി അറസ്റ്റിൽ

    തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്കിടെ നഗരത്തിൽ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ നാലുപേരെക്കൂടി വഞ്ചിയൂർ പോലീസ് പിടികൂടി.

    പേട്ട വാർഡിൽ പേട്ട പാലത്തിന് സമീപം മൂന്നാംമലയക്കൽ ചീരോട്ട് വീട്ടിൽ മനുലാൽ (30),ശ്രീകണ്ഠേശ്വരം വാർഡിൽ പുന്നപുരം പാർക്കിന് സമീപം വാടകയ്ക്ക് താമസം കാരാവട രജേഷ് എന്ന് വിളിക്കുന്ന രജേഷ് (36), മെഡിക്കൽ കോളേജ് ജിജി ഹോസ്പിറ്റലിൽ സമീപം, പഴയ റോഡിൽ വാടകയ്ക്ക് താമസം ഷിജു (30),വഞ്ചിയൂർ പാൽക്കുളങ്ങര ലക്ഷ്മി വിളാകം ശിവകൃപ വീട്ടിൽ ശംഭു ദേവ് (30) എന്നിവരെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്.

    ചൊവ്വാഴ്ച ഉച്ചയ്ക്ക് വഞ്ചിയൂർ ശ്രീകണ്ഠേശ്വരം എൻഎസ്എസ് കരയോഗം കെട്ടിടത്തിന് സമീപം വെച്ചാണ് ശ്രീകണ്ഠേശ്വരം സ്വദേശി സതീഷ് (49)നെ സംഘം ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സാമ്പത്തിക ഇടപാടുകളിൽ വച്ചുള്ള തർക്കമാണ് അക്രമത്തിൽ കാലാശിച്ചത്. എട്ടോളം പേർ ഉൾപ്പെടുന്ന സംഘമാണ് വെട്ടുകത്തിയും, ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.

    സംഘത്തിലെ 3 പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.ബാക്കിയുള്ള പ്രതികൾക്കായി പ്രത്യേകം സംഘത്തെ രൂപികരിച്ച് പോലീസ് നടത്തിയ ഊർജിതാന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ശംഖുമുഖം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ. പൃഥ്വിരാജിന്റെ നിർദ്ദേശ പ്രകാരം വഞ്ചിയൂർ എസ്.എച്ച്.ഒ ദിപിൻ , എസ്.ഐമാരായ ഉമേഷ്, അനീഷ് കുമാർ സി.പി.ഒ.മാരായ നവീൻ, ശഷാദ്, വിമൽ മിത്ര എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.

  • പൊങ്കാലക്കട്ടകൾ; ഇതുവരെ എത്തിയത് 25 അപേക്ഷകൾ

    പൊങ്കാലക്കട്ടകൾ; ഇതുവരെ എത്തിയത് 25 അപേക്ഷകൾ

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ തിരുവനന്തപുരം കോർപ്പറേഷൻ സ്വീകരിച്ചുവരുകയാണെന്ന് മേയർ ​ആര്യ രാജേന്ദ്രൻ അറിയിച്ചു.

    പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ചുടുകല്ലുകളാണ് ഇതുവരെ നഗരസഭ ശേഖരിച്ചത്. ഇന്നും നാളെയുമായി ബാക്കിയുള്ളവയും ശേഖരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന്റെ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെട്ടവർക്ക് ഭവന നിർമ്മാണത്തിനാണ് കല്ലുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്.

    വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ കൂടുതൽ അർഹരായവർക്ക് കട്ടകൾ വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരും, കട്ടകൾ ആവശ്യമുള്ളവരുമായ ഗുണഭോക്താക്കൾ അപേക്ഷകൾ മേയറുടെ ഓഫീസിൽ നൽകുന്നതിന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു.

    അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർ, ആശ്രയ ഗുണഭോക്താക്കൾ, വിധവ/വികലാംഗർ, മാരകരോഗം ബാധിച്ചവർ, കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്കാണ് മുൻഗണന നൽകുന്നത്. കട്ടകൾ ആവശ്യമുള്ളവർ 13.03.2023 തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക് മുമ്പായി അപേക്ഷകൾ നഗരസഭ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.നിലവിൽ 25 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.