Tag: Attukal pogala festival

  • മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ചു

    മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ചു

    തിരുവനന്തപുരം:ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ച് പൊങ്കാലയോടനുബന്ധിച്ച് ഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി.

    ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ മെഡിക്കല്‍ ക്യാമ്പുകളും ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കണ്‍ട്രോള്‍ റൂമുകളും ആറ്റുകാലില്‍ സജ്ജമാണ്. ഇവയെല്ലാം മന്ത്രി സന്ദര്‍ശിച്ചു.

    ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. സുസജ്ജമായ മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചു.

    സമീപത്തെ എല്ലാ ആശുപത്രികളിലും പ്രത്യേക ക്രമീകരണമൊരുക്കി. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിസിന്റെ കീഴിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമുണ്ട്. അത്യാവശ്യ ആരോഗ്യ സേവനങ്ങള്‍ക്ക് 0471 2778947 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.

    ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

  • ആറ്റുകാൽ പൊങ്കാലയ്ക്ക് സർവസജ്ജമായി അഗ്നിരക്ഷാ വകുപ്പ്; അവശ്യഘട്ടങ്ങളിൽ 101ൽ വിളിക്കാം

    ആറ്റുകാൽ പൊങ്കാലയ്ക്ക് സർവസജ്ജമായി അഗ്നിരക്ഷാ വകുപ്പ്; അവശ്യഘട്ടങ്ങളിൽ 101ൽ വിളിക്കാം

    തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങളൊരുക്കി അഗ്നിരക്ഷാ വകുപ്പ്. ആറ്റുകാൽ ദേവിക്ഷേത്രം, തമ്പാനൂർ, കിള്ളിപ്പാലം, അട്ടക്കുളങ്ങര, സിറ്റി ഔട്ടർ ഭാഗങ്ങൾ എന്നിങ്ങനെ ഉത്സവമേഖലയെ അഞ്ച് സോണുകളാക്കി തിരിച്ചാണ് പ്രവർത്തനം.

    തിരുവനന്തപുരം റീജണൽ ഫയർ ഓഫീസർക്ക് കീഴിൽ മൂന്ന് ജില്ലാ ഫയർ ഓഫീസർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 12 മൊബൈൽ ടാങ്ക് യൂണിറ്റുകൾ , ആറ് മിനി മൊബൈൽ ടാങ്ക് യൂണിറ്റുകൾ, 14 എഫ്ആർവികൾ, മൂന്ന് ഫോം ടെൻഡറുകൾ, എട്ട് ബുള്ളറ്റ് വിത്ത് വാട്ടർ മിസ്റ്റ് പെട്രോളിങ് ടീം, ആറ് ആംബുലൻസുകൾ എന്നിവ ഉത്സവ മേഖലകളിൽ ഉണ്ടാകും.

    വനിതകളുൾപ്പെടെ 130 സിവിൽ ഡിഫൻസ് വൊളണ്ടിയർമാരും ഹോം ഗാർഡ് ഉൾപ്പെടെ 300 പേരടങ്ങളുന്ന അഗ്നിശമനസേനാംഗങ്ങളേയും സേവനത്തിനായി വിന്യസിക്കും.

    സുരക്ഷിതവും അപകടരഹിതവുമായ പൊങ്കാല ഉറപ്പാക്കുന്നതിന് ഭക്തജനങ്ങൾക്കും വ്യവസായ-വ്യാപാര സ്ഥാപനങ്ങൾക്കുമായി മുൻകരുതൽ നിർദേശങ്ങൾ അഗ്നിരക്ഷാവകുപ്പ് പുറത്തിറക്കി. പൊങ്കാലസമയത്ത് , പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിലും ഗ്യാസ് ഗോഡൗണുകളിലും പ്രവർത്തനം നിർത്തിവെക്കണമെന്നാണ് നിർദേശം.

    വ്യാപാര സ്ഥാപനങ്ങൾക്ക് സമീപം പൊങ്കാല അടുപ്പ് ഉണ്ടാകുമെന്നതിനാൽ തീ പടർന്നു പിടിക്കാൻ സാധ്യതയുള്ള ഇന്ധനങ്ങൾ,തടികൾ, ഗ്യാസ് സിലിണ്ടറുകൾ, ചാർക്കോൽ ഗ്രീൽ, പോപ്‌കോൺ മെഷീനുകൾ എന്നിവ സുരക്ഷിത അകലത്തിലേക്ക് മാറ്റണം. ജനറേറ്ററുകൾ പ്രവർത്തിക്കുമ്പോൾ ഇന്ധനങ്ങൾ മാറ്റി സൂക്ഷിക്കണമെന്നും ജനറേറ്റർ സംവിധാനം പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഇലക്ട്രിക് വയറുകൾ, എക്‌സറ്റൻഷൻ കേബിളുകൾ എന്നിവയിൽ ലൂസ് കോൺടാക്ട്, ഇൻസുലേഷൻ കവറിംഗ് വിട്ടു പോയവ, മുറിഞ്ഞു മാറിയവ എന്നിവ ശരിയാക്കണമെന്നും നിർദേശമുണ്ട്. പൊങ്കാല അടുപ്പുകൾക്ക് സമീപം ഹൈഡ്രജൻ ബലൂണുകളുടെ വിൽപ്പന കർശനമായി ഒഴിവാക്കണം.

    പൊങ്കാല അർപ്പിക്കാനെത്തുന്നവർ കോട്ടൺ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കണം. അയഞ്ഞ വസ്ത്രങ്ങൾ, തീ പടർന്നു പിടിക്കാൻ സാധ്യതയുള്ള സിന്തറ്റിക് ഫൈബർ വസ്ത്രങ്ങൾ എന്നിവ ഒഴിവാക്കണം.

    സാരി, ചുരിദാർ ഷോൾ എന്നിവ അലസമായി ഇടരുത്. വസ്ത്രങ്ങളിലേക്ക് തീ പടർന്നാൽ പരിഭ്രാന്തരായി ഓടാതെ നിലത്ത് കിടന്ന് ഉരുളുന്നത് തീ അണക്കാൻ സഹായിക്കും. സമീപത്തുള്ളവർ കട്ടിയുള്ള തുണി ഉപയോഗിച്ച് പൊതിയുന്നതും തീ കെടുത്താൻ സഹായിക്കും.

    പൊള്ളലേറ്റാൽ തണുത്തവെള്ളം ധാര ചെയ്യണം. ആംബുലൻസിനെ വിളിക്കണം.

    പൊങ്കാല അടുപ്പിന് സമീപം സാനിറ്റേസർ, ബോഡി സ്‌പ്രേ, വിറക്, സഞ്ചികൾ എന്നിവ സൂക്ഷിക്കരുത്.

    ഗ്രൗണ്ട് പോലുള്ള സ്ഥലങ്ങളിൽ മുഖാമുഖമായി പൊങ്കാലയിടണം. അടുപ്പുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം.

    അഗ്നിശമന വാഹനങ്ങൾക്കും ആംബുലൻസുകൾക്കും മാർഗതടസം ഉണ്ടാക്കരുത്.

    കുട്ടികളെ പൊങ്കാല അടുപ്പിന് സമീപം നിർത്തരുത്. അടുപ്പിന് ചുറ്റും മൂന്ന് അടിയോളം വരുന്ന ഭാഗം കിഡ് ഫ്രീ ആയി സൂക്ഷിക്കണം.

    വൈദ്യുത ജനറേറ്ററുകൾ, പെട്രോൾ പമ്പുകൾ, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ, അപകട സാധ്യതയുള്ള മതിലുകൾ, പരസ്യ ബോർഡുകൾ, ഉണങ്ങിയ ശിഖരങ്ങൾ ഉള്ള വൃക്ഷങ്ങൾ, മറ്റ് താത്കാലിക നിർമിതികൾ എന്നിവയുടെ ചുവട്ടിലോ സമീപത്തോ അടുപ്പ് കൂട്ടരുത്.

    പകൽ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലായതിനാൽ സൂര്യാഘോതം ഏൽക്കാതെ ശ്രദ്ധിക്കണം. നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം.അസ്വസ്ഥതകൾ ഉണ്ടായാൽ മെഡിക്കൽ ടീമിന്റെ സഹായം തേടണം. അടിയന്തരഘട്ടങ്ങളിൽ അഗ്നിരക്ഷാ സേനയുടെ സഹായത്തിനാൽ 101ൽ വിളിക്കണമെന്നും മുൻകരുതൽ നിർദേശത്തിൽ പറയുന്നു.

  • ആറ്റുകാൽ പൊങ്കാല ഉത്സവം; 14 കോടി രൂപയ്ക്ക് ഇൻഷുറൻസ് ചെയ്തു

    ആറ്റുകാൽ പൊങ്കാല ഉത്സവം; 14 കോടി രൂപയ്ക്ക് ഇൻഷുറൻസ് ചെയ്തു

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവം 14 കോടി രൂപയ്ക്ക് ഇൻഷുർ ചെയ്ത് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ്. മുൻ വർഷങ്ങളിലെക്കാൾ കൂടുതൽ ഭക്തജനങ്ങൾ എത്തുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇൻഷുർ ചെയ്തത്.

    പൊങ്കാലയ്ക്കിടെ ഭക്തർക്ക് എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ അവരുടെ ആവശ്യങ്ങൾക്ക് ഈ തുക ചെലവഴിക്കാനാകും.

  • ആറ്റുകാൽ പൊങ്കാല ഉത്സവം:കുത്തിയോട്ടവ്രതം ഇന്നാരംഭിക്കും

    ആറ്റുകാൽ പൊങ്കാല ഉത്സവം:കുത്തിയോട്ടവ്രതം ഇന്നാരംഭിക്കും

    തിരുവനന്തപുരം: പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം നാളായ ഇന്ന് ആറ്റുകാൽ ക്ഷേത്രത്തിൽ കുത്തിയോട്ടവ്രതം ആരംഭിക്കും. ദേവീദാസൻമാരാകൻ 743 ബാലൻമാരാണ് രാവിലെ മുതലാണ് വ്രതം നോറ്റുതുടങ്ങുക.

    പൊങ്കാലയ്ക്ക് ക്ഷേത്രകുളത്തിൽ കുളിച്ച് ഈറനണിഞ്ഞ് വരിയായി കുത്തിയോട്ട ബാലൻമാർ ദേവീസന്നിധിയിലെത്തും. പളളിപ്പലകയിൽ 7 വെള്ളിനാണയങ്ങൾ വച്ച് മേൽശാന്തിക്കു ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിയാണ് കുത്തിയോട്ട അനുഷ്ഠാനത്തിലേക്ക് ബാലന്മാർ കടക്കുക.

    10 മുതൽ 12 വയസു വരെയുള്ള ബാലന്മാരാണ് ഈ അനുഷ്ഠാനത്തിൽ പങ്കെടുക്കുന്നത്. ഇനിയുള്ള 7 ദിനം ഇവർ ക്ഷേത്രത്തിൽ താമസിക്കും. എന്നും പുലർച്ചെ ഉണർന്ന് ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനണിഞ്ഞു ദേവീനാമജപത്തോടെ ക്ഷേത്രം വലം വയ്ക്കുന്ന ഇവർ തുടർന്നു ദേവിയെ നമസ്‌കരിക്കും

  • പൊങ്കാല മഹോത്സവം; തിരക്കിലമർന്ന് ആറ്റുകാൽ

    പൊങ്കാല മഹോത്സവം; തിരക്കിലമർന്ന് ആറ്റുകാൽ

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്നലെ തുടക്കമായി.ആറ്റുകാലിലും പരിസരത്തും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

    തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഭക്ത പ്രവാഹം കാരണം സകല നിയന്ത്രണങ്ങളും പാളി.വൈകുന്നേരത്തെ ദീപാരാധന തൊഴാനാണ് ഇന്നലെ ഏറെ തിരക്ക് അനുഭവപ്പെട്ടത്.

    മാർച്ച് 7 നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.
    മാർച്ച് ഏഴിന് രാവിലെ 10.30ന് ആരംഭിക്കുന്ന പൊങ്കാല ഉച്ചയ്ക്ക് 2.30ന് നിവേദിക്കും.

    കുറ്റമറ്റ രീതിയിൽ ഭക്തർക്ക് ദർശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഒരേസമയം 3000 പേർക്ക് ക്യൂവിൽ നിന്ന് ദർശനം നടത്താനാകും. ക്യൂവിൽ നിൽക്കുന്നവർക്ക് ശുദ്ധജലം വിതരണം ചെയ്യും.