Tag: Attukal

  • ആറ്റുകാൽ പൊങ്കാല; സുരക്ഷാ നിർദേശങ്ങളുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്

    ആറ്റുകാൽ പൊങ്കാല; സുരക്ഷാ നിർദേശങ്ങളുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്

    തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ സമീപത്ത് പൊങ്കാല അർപ്പിക്കുന്ന ഭക്തജനങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയ്ക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് മേധാവി ചീഫ് ജലക്ട്രിക്കൽ ഇൻസ്പെക്ടർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ

    1. ട്രാൻസ്ഫോമറുകൾക്ക് സമീപം പൊങ്കാല ഇടുമ്പോൾ വേണ്ടത്ര സുരക്ഷിത അകലം പാലിക്കണം.

    2. ട്രാൻസ്ഫോർമർ സ്റ്റേഷൻ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികൾ സൂക്ഷിക്കുകയോ വിശ്രമിക്കുകയോ ചെയ്യാതിരിക്കുക.

    3. ട്രാൻസ്ഫോർമറുകൾ, വൈദ്യുത പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കുക.

    4. വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകൾക്കടിയിലും പൊങ്കാലയിടാൻ അനുവദിക്കാതിരിക്കുക.

    5. ക്ഷേത്ര പരിസരങ്ങളിൽ ശബ്ദം, വെളിച്ചം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വൈദ്യുത വയറുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ഗുണനിലവാരം ഉള്ളവ മാത്രം ഉപയോഗിക്കുക.

    6. ഉത്സവ വേളകളിൽ ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ അംഗീകാരമുള്ള കോൺട്രാക്ടർ മുഖാന്തിരം നടത്തി, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്.

    7. വഴിയരികിൽ സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകൾ / ദീപാലങ്കാരങ്ങൾ പൊതുജനങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ സ്ഥാപിക്കുക.

    8. ഗേറ്റുകൾ, ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹബോർഡുകൾ എന്നിവയിൽ കൂടി ദീപാലങ്കാരങ്ങൾ ചെയ്യാതിരിക്കുക.

    9. വൈദ്യുത ലൈനിനു സമീപത്തായി ബാറുകൾ, കമാനങ്ങൾ പരസ്യബോർഡുകൾ മുതലായവ സ്ഥാപിക്കാതിരിക്കുക.

    10. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടി യോജിപ്പിച്ചതോ ആയ വയറുകൾ വയറിംഗിനായി ഉപയോഗിക്കാതിരിക്കുക.

    11. വൈദ്യുത ലൈനുകൾക്ക് സമീപത്തു കൂടിയോ, അടിയിലൂടെയോ വൈദ്യുതീകരണത്തിനായുള്ള വയറുകൾ അലക്ഷ്യമായി എടുക്കുകയോ, എറിയുകയോ ചെയ്യാതിരിക്കുക.

    12. താല്ക്കാലിക വൈദ്യുത പ്രതിഷ്ഠാപനങ്ങളിൽ ഗുണമേന്മയുള്ള ഇ.എൽ.സി.ബി. (30 എം എ) സ്ഥാപിക്കുക.

    13. വിളക്കുകെട്ടിനു മുളം തൂണുകളിൽ ട്യൂബ് ലൈറ്റുകളോ ബൾബുകളോ കെട്ടി കയ്യിൽ വഹിച്ചു കൊണ്ടുപോകുന്നത് ഒഴിവാക്കുക.

    14. വളരെ ഉയരമുള്ളതും, വലിപ്പമുള്ളതുമായ ഫ്ളോട്ടുകൾ, വാഹനത്തിൽ കൊണ്ടുപോകാതിരിക്കുക.

    15. ഫ്ളോട്ടുകൾ വൈദ്യുത ലൈനിനു സമീപം വരുമ്പോൾ ലൈനുകൾ സ്വയം ഉയർത്താൻ ശ്രമിക്കാതിരിക്കുക.

    16. വൈദ്യുത പോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാതിരിക്കുക.

    17. അനധികൃതമായ വയറിംഗ് നടത്താതിരിക്കുക.

    18. തുടർച്ചയായ വൈദ്യുത കണക്ഷൻ എടുക്കുന്നതിന് ഗുണനിലവാരമുള്ള പ്ലറ്റുകൾ, സോക്കറ്റുകൾ, കണക്ടറുകൾ എന്നിവ ഉപയോഗിക്കുക.

  • ആറ്റുകാൽ പൊങ്കാലയ്ക്ക് സർവസജ്ജമായി അഗ്നിരക്ഷാ വകുപ്പ്; അവശ്യഘട്ടങ്ങളിൽ 101ൽ വിളിക്കാം

    ആറ്റുകാൽ പൊങ്കാലയ്ക്ക് സർവസജ്ജമായി അഗ്നിരക്ഷാ വകുപ്പ്; അവശ്യഘട്ടങ്ങളിൽ 101ൽ വിളിക്കാം

    തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങളൊരുക്കി അഗ്നിരക്ഷാ വകുപ്പ്. ആറ്റുകാൽ ദേവിക്ഷേത്രം, തമ്പാനൂർ, കിള്ളിപ്പാലം, അട്ടക്കുളങ്ങര, സിറ്റി ഔട്ടർ ഭാഗങ്ങൾ എന്നിങ്ങനെ ഉത്സവമേഖലയെ അഞ്ച് സോണുകളാക്കി തിരിച്ചാണ് പ്രവർത്തനം.

    തിരുവനന്തപുരം റീജണൽ ഫയർ ഓഫീസർക്ക് കീഴിൽ മൂന്ന് ജില്ലാ ഫയർ ഓഫീസർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 12 മൊബൈൽ ടാങ്ക് യൂണിറ്റുകൾ , ആറ് മിനി മൊബൈൽ ടാങ്ക് യൂണിറ്റുകൾ, 14 എഫ്ആർവികൾ, മൂന്ന് ഫോം ടെൻഡറുകൾ, എട്ട് ബുള്ളറ്റ് വിത്ത് വാട്ടർ മിസ്റ്റ് പെട്രോളിങ് ടീം, ആറ് ആംബുലൻസുകൾ എന്നിവ ഉത്സവ മേഖലകളിൽ ഉണ്ടാകും.

    വനിതകളുൾപ്പെടെ 130 സിവിൽ ഡിഫൻസ് വൊളണ്ടിയർമാരും ഹോം ഗാർഡ് ഉൾപ്പെടെ 300 പേരടങ്ങളുന്ന അഗ്നിശമനസേനാംഗങ്ങളേയും സേവനത്തിനായി വിന്യസിക്കും.

    സുരക്ഷിതവും അപകടരഹിതവുമായ പൊങ്കാല ഉറപ്പാക്കുന്നതിന് ഭക്തജനങ്ങൾക്കും വ്യവസായ-വ്യാപാര സ്ഥാപനങ്ങൾക്കുമായി മുൻകരുതൽ നിർദേശങ്ങൾ അഗ്നിരക്ഷാവകുപ്പ് പുറത്തിറക്കി. പൊങ്കാലസമയത്ത് , പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിലും ഗ്യാസ് ഗോഡൗണുകളിലും പ്രവർത്തനം നിർത്തിവെക്കണമെന്നാണ് നിർദേശം.

    വ്യാപാര സ്ഥാപനങ്ങൾക്ക് സമീപം പൊങ്കാല അടുപ്പ് ഉണ്ടാകുമെന്നതിനാൽ തീ പടർന്നു പിടിക്കാൻ സാധ്യതയുള്ള ഇന്ധനങ്ങൾ,തടികൾ, ഗ്യാസ് സിലിണ്ടറുകൾ, ചാർക്കോൽ ഗ്രീൽ, പോപ്‌കോൺ മെഷീനുകൾ എന്നിവ സുരക്ഷിത അകലത്തിലേക്ക് മാറ്റണം. ജനറേറ്ററുകൾ പ്രവർത്തിക്കുമ്പോൾ ഇന്ധനങ്ങൾ മാറ്റി സൂക്ഷിക്കണമെന്നും ജനറേറ്റർ സംവിധാനം പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഇലക്ട്രിക് വയറുകൾ, എക്‌സറ്റൻഷൻ കേബിളുകൾ എന്നിവയിൽ ലൂസ് കോൺടാക്ട്, ഇൻസുലേഷൻ കവറിംഗ് വിട്ടു പോയവ, മുറിഞ്ഞു മാറിയവ എന്നിവ ശരിയാക്കണമെന്നും നിർദേശമുണ്ട്. പൊങ്കാല അടുപ്പുകൾക്ക് സമീപം ഹൈഡ്രജൻ ബലൂണുകളുടെ വിൽപ്പന കർശനമായി ഒഴിവാക്കണം.

    പൊങ്കാല അർപ്പിക്കാനെത്തുന്നവർ കോട്ടൺ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കണം. അയഞ്ഞ വസ്ത്രങ്ങൾ, തീ പടർന്നു പിടിക്കാൻ സാധ്യതയുള്ള സിന്തറ്റിക് ഫൈബർ വസ്ത്രങ്ങൾ എന്നിവ ഒഴിവാക്കണം.

    സാരി, ചുരിദാർ ഷോൾ എന്നിവ അലസമായി ഇടരുത്. വസ്ത്രങ്ങളിലേക്ക് തീ പടർന്നാൽ പരിഭ്രാന്തരായി ഓടാതെ നിലത്ത് കിടന്ന് ഉരുളുന്നത് തീ അണക്കാൻ സഹായിക്കും. സമീപത്തുള്ളവർ കട്ടിയുള്ള തുണി ഉപയോഗിച്ച് പൊതിയുന്നതും തീ കെടുത്താൻ സഹായിക്കും.

    പൊള്ളലേറ്റാൽ തണുത്തവെള്ളം ധാര ചെയ്യണം. ആംബുലൻസിനെ വിളിക്കണം.

    പൊങ്കാല അടുപ്പിന് സമീപം സാനിറ്റേസർ, ബോഡി സ്‌പ്രേ, വിറക്, സഞ്ചികൾ എന്നിവ സൂക്ഷിക്കരുത്.

    ഗ്രൗണ്ട് പോലുള്ള സ്ഥലങ്ങളിൽ മുഖാമുഖമായി പൊങ്കാലയിടണം. അടുപ്പുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം.

    അഗ്നിശമന വാഹനങ്ങൾക്കും ആംബുലൻസുകൾക്കും മാർഗതടസം ഉണ്ടാക്കരുത്.

    കുട്ടികളെ പൊങ്കാല അടുപ്പിന് സമീപം നിർത്തരുത്. അടുപ്പിന് ചുറ്റും മൂന്ന് അടിയോളം വരുന്ന ഭാഗം കിഡ് ഫ്രീ ആയി സൂക്ഷിക്കണം.

    വൈദ്യുത ജനറേറ്ററുകൾ, പെട്രോൾ പമ്പുകൾ, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ, അപകട സാധ്യതയുള്ള മതിലുകൾ, പരസ്യ ബോർഡുകൾ, ഉണങ്ങിയ ശിഖരങ്ങൾ ഉള്ള വൃക്ഷങ്ങൾ, മറ്റ് താത്കാലിക നിർമിതികൾ എന്നിവയുടെ ചുവട്ടിലോ സമീപത്തോ അടുപ്പ് കൂട്ടരുത്.

    പകൽ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലായതിനാൽ സൂര്യാഘോതം ഏൽക്കാതെ ശ്രദ്ധിക്കണം. നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം.അസ്വസ്ഥതകൾ ഉണ്ടായാൽ മെഡിക്കൽ ടീമിന്റെ സഹായം തേടണം. അടിയന്തരഘട്ടങ്ങളിൽ അഗ്നിരക്ഷാ സേനയുടെ സഹായത്തിനാൽ 101ൽ വിളിക്കണമെന്നും മുൻകരുതൽ നിർദേശത്തിൽ പറയുന്നു.

  • ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം; തലസ്ഥാനത്ത് അടുപ്പുകള്‍ നിരന്നു…

    ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം; തലസ്ഥാനത്ത് അടുപ്പുകള്‍ നിരന്നു…

    തിരുവനന്തപുരം:ആറ്റുകാല്‍ ക്ഷേത്രവും പരിസരവും ഭക്തരെ കൊണ്ടു നിറഞ്ഞു.  തിരുവനന്തപുരം നഗരത്തിൻ പൊങ്കാല അടുപ്പുകള്‍ നിരന്നു കഴിഞ്ഞു.

    ഒന്നേകാൽ ലക്ഷത്തോളും ആളുകൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന പൊങ്കാലയ്ക്ക് വലിയ ഭക്തജനപ്രവാഹം പ്രതീക്ഷിച്ച് വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

     

  • ആറ്റുകാൽ പൊങ്കാല; തയ്യാറെടുപ്പുകളുമായി മലിനീകരണ നിയന്ത്രണ ബോർഡ്

    ആറ്റുകാൽ പൊങ്കാല; തയ്യാറെടുപ്പുകളുമായി മലിനീകരണ നിയന്ത്രണ ബോർഡ്

    തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശങ്ങൾ നൽകി. പൊങ്കാല സാമഗ്രികൾ പൊതിഞ്ഞും കവറുകളിലും പൊങ്കാലയിടങ്ങളിൽ എത്തുമ്പോൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം.

    ഉച്ചഭാഷിണികളും മറ്റ് ശബ്ദോപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതിയിന്മേൽ പോലീസ് വകുപ്പ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹായം ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ തത്സമയം ശബ്ദപരിധി അളന്ന് ബോർഡ് കൈമാറുന്നതാണ്. പൊങ്കാല കലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യക്തത വരുത്തുന്നതിനായി കോർപ്പറേഷൻ എൻ ഐ എസ് ടി യുമായി സഹകരിച്ച് നടപടി

    കൈക്കൊള്ളുന്നുണ്ട്. പൊങ്കാല ദിവസത്തിന് മുൻപും അന്നേദിവസവും അതിനുശേഷവും അന്തരീക്ഷ ഗുണനിലവാരം പരിശോധിക്കുന്നതിന് ബോർഡ് നടപടികൈക്കൊണ്ടിട്ടുണ്ട്. പൊങ്കാലമഹോത്സവം പരിസ്ഥിതി സൗഹൃദമാക്കി തീർക്കുന്നതിന് നഗരസഭ ഉൾപ്പെടെ മറ്റ് വകുപ്പുകളിൽ നിന്നും ആവശ്യപ്പെടുന്ന മുറയ്ക്ക് സഹായത്തിനായി സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്ക്വാഡിനെ ജില്ലാ ഓഫീസറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്.

  • ആറ്റുകാൽ പൊങ്കാല; നാളെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

    ആറ്റുകാൽ പൊങ്കാല; നാളെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം: 07.03.2023 തീയതി നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ (06.03.2023) ഉച്ചകഴിഞ്ഞ് 02.00 മണി മുതൽ 07.03.2023 തീയതി വൈകുന്നേരം 08.00 മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

    6.03.2023 ഉച്ചയ്ക്ക് 2 മണി മുതല്‍ 07.03.2023 വെകിട്ട് 7.00 മണി വരെ തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിൽ ഒരു കാരണവശാലും ഹെവി വാഹനങ്ങള്‍, കണ്ടൈനര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ റോഡുകളിലോ സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കുന്നതല്ല.

    06.03.2023, 07.03.2023 തീയതികളില്‍ ആറ്റുകാൽ ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം -പാടശ്ശേരി – ആറ്റുകാൽ ബണ്ട്റോഡ്, അട്ടക്കുളങ്ങര- മണക്കാട്-മാര്‍ക്കറ്റ് റോഡ്, അട്ടക്കുളങ്ങര-വലിയപള്ളി റോഡ്, കമലേശ്വരം – വലിയപള്ളി റോഡ്, കൊഞ്ചിറവിള – ആറ്റുകാൽ റോഡ്, ചിറമുക്ക് – ഐരാണിമുട്ടം റോഡ്, കിള്ളിപ്പാലം -അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര- ഈഞ്ചക്കല്‍ റോഡ് , വെട്ടിമുറിച്ച കോട്ട -പടിഞ്ഞാറേകോട്ട റോഡ് , മിത്രാനന്ദപുരം – ശ്രീകണ്ഠേശ്വരം, പഴവങ്ങാടി – സെന്‍ട്രല്‍ തിയേറ്റര്‍ റോഡ്, പഴവങ്ങാടി – എസ്. പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്, മേലേ പഴവങ്ങാടി – പവര്‍ഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്, കൈതമുക്ക് വഞ്ചിയൂര്‍ റോഡ്, ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവര്‍ ബ്രിഡ്ജ് റോഡ്, ഐരാണിമുട്ടം- കാലടി- മരുതൂര്‍ക്കടവ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

    ഈ പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംഗഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.
    പൊങ്കാലയിടാൻ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എന്‍.എച്ച്, എം.സി, എം.ജി റോഡുകളിൽ ഒരു കാരണവശാലും പാര്‍ക്ക് ചെയ്യുവാൻ പാടുള്ളതല്ല ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ‍ ഒരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്.

    തിരുവനന്തപുരം സിറ്റിയിലെ ഫുട്പാത്തുകള്‍ വിലയേറിയ ടൈലുകള്‍ ഉപയോഗിച്ച് പാകിയിട്ടുള്ളതിനാൽ ഫുട്പാത്തുകളിൽ അടുപ്പുകള്‍ കൂട്ടുവാൻ പാടുള്ളതല്ല.. തീപിടുത്തും ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകള്‍ക്കു സമീപം ഇരുചക്ര വാഹങ്ങൾ ഉൾപ്പെടെയുള്ള ഒരു വാഹനങ്ങളും പാര്‍ക്ക് ചെയ്യുവാൻ പാടുള്ളതല്ല. റോഡുകളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് , പോലീസ്, മറ്റ് അവശ്യ സര്‍വീസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനുള്ള ആവശ്യമായ വഴി സൗകര്യം നല്‍കി മാത്രമേ പൊങ്കാല അടുപ്പുകള്‍ വയ്ക്കാന്‍ പാടുള്ളൂ
    പൊങ്കാലയര്‍പ്പിച്ച മടങ്ങുന്ന ഭക്തജനങ്ങള്‍ക്ക് ലഘുപാനീയങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും റോഡില്‍ നിന്നും മാര്‍ഗ്ഗതടസ്സം വരാത്ത രീതിയിൽ വാഹനങ്ങള്‍ വശങ്ങളിലേക്ക് ഒതുക്കി നിര്‍ത്തേണ്ടതും ഒരു സ്ഥലത്ത് തന്നെ കൂടുതൽ വാഹനങ്ങള്‍ ഇതിലേക്ക്

    നിര്‍ത്തുവാനും പാടുള്ളതല്ല.
    പൊങ്കാല അര്‍പ്പിക്കുന്നതിനായി ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങള്‍ കരമന കല്‍പാളയം മുതല്‍ നിറമണ്‍കര പട്രോള്‍ പമ്പ് ഭാഗം വരെ റോഡിന്റെ ഒരു വശത്തായും കോവളം- കഴക്കൂട്ടം ബൈപ്പാസ് സര്‍വീസ് റോഡുകളിലും കൂടാതെ പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എല്‍. ബി. എസ് എന്‍ജിനീയറിംഗ് കോളേജ് ഗ്രൗണ്ട്, നിറമണ്‍കര എന്‍. എസ്. എസ് കോളേജ് ഗ്രൗണ്ട്, പാപ്പനംകോട് എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ട്, തിരുവല്ലം ബി. എന്‍. വി ഹൈസ്കൂള്‍, തൈയ്ക്കാട് സംഗീത കോളേജ്, , PTC ഗ്രൗണ്ട്, ടാഗോര്‍ തീയറ്റര്‍, LMS കോമ്പൗണ്ട്, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

    പാര്‍ക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളിലും ‍ഡ്രൈവര്‍ അല്ലെങ്കിൽ സഹായി ഉണ്ടായിരിക്കേണ്ടതും അല്ലാത്ത പക്ഷം വാഹനത്തിൽ, പുറത്ത് നിന്ന് നോക്കിയാൽ വ്യക്തമായി കാണാവുന്ന തരത്തിൽ ഡ്രൈവറുടെയോ സഹായിയുടെയൊ മൊബൈല്‍ ഫോൺ നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.
    06.03.2023, 07.03.2023 തീയതികളില്‍ ആറ്റിങ്ങല്‍ ഭാഗത്തു നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ഹെവി വാഹനങ്ങള്‍ കഴക്കൂട്ടത്തു നിന്നും ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യം കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകേണ്ടതാണ്.

    പേരൂര്‍ക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഊളന്‍പാറ,ശാസ്തമംഗലം ഇടപ്പഴിഞ്ഞി, പൂജപ്പുര വഴിയും പോകേണ്ടതാണ്.
    വെഞ്ഞാറമ്മൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകേണ്ടതാണ്.
    നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്കു് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം – വിഴിഞ്ഞം ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്.

    പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളുമായി ആറ്റിങ്ങല്‍, കൊല്ലം വെഞ്ഞാറമൂട്, കിളിമാനൂര്‍ ഭാഗത്തേക്കു് പോകേണ്ട വാഹനങ്ങള്‍ ഈ‍ഞ്ചക്കല്‍ – ചാക്ക – കഴക്കൂട്ടം വെട്ടുറോഡ് ഭാഗത്തെത്തി പോകേണ്ടതാണ്.
    തിരുവനന്തപുരം സിറ്റി പോലീസിന്റെ മേല്‍ പറഞ്ഞ ഗാതാഗത ക്രമീകരണങ്ങളോട് പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാവുന്നതാണെന്നും സിറ്റി പോലീസ് അറിയിച്ചു.
    ഫോണ്‍ നമ്പരുകള്‍ :- 9497930055, 9497987002, 9497990005

     

  • ആറ്റുകാൽ പൊങ്കാല; ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരെത്തി

    ആറ്റുകാൽ പൊങ്കാല; ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരെത്തി

    തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയുടെ അവസാനവട്ട ഒരുക്കങ്ങൾ നേരിൽക്കണ്ട് വിലയിരുത്താൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ, റവന്യൂ മന്ത്രി കെ രാജൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവർ ക്ഷേത്രത്തിലെത്തി.

    പൊങ്കാലയുടെ പൊങ്കാലയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കിയ കൺട്രോൾ റൂമുകളും സ്റ്റാളുകളും മന്ത്രിമാർ സന്ദർശിച്ചു. തുടർന്ന് തുടർന്ന് നടന്ന യോഗത്തിൽ ഒരുക്കങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥർ മന്ത്രിമാരോട് വിശദീകരിച്ചു.

    പൊങ്കാലയ്ക്കായുള്ള വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ തൃപ്തികരമാണെന്ന് മന്ത്രിമാർ പറഞ്ഞു. ഇത്തവണ ചൂടു കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഉള്ളതിനാൽ ആരോഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

    യോഗത്തിൽ മന്ത്രിമാരെ കൂടാതെ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ഓഫീസർ ഡോക്ടർ അശ്വതി ശ്രീനിവാസ്, എ ഡി എം അനിൽ ജോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

  • ആറ്റുകാൽ പൊങ്കാലയുടെ ചുടുകട്ടകൾ നഗരസഭയല്ലാതെ മറ്റാരെങ്കിലും ശേഖരിച്ചാൽ പിഴ

    ആറ്റുകാൽ പൊങ്കാലയുടെ ചുടുകട്ടകൾ നഗരസഭയല്ലാതെ മറ്റാരെങ്കിലും ശേഖരിച്ചാൽ പിഴ

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് അടുപ്പ് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ചുടുകട്ടകൾ വിവിധ ഭവനപദ്ധതികൾക്കായി ഉപയോഗിക്കും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

    നഗരസഭയല്ലാതെ മറ്റാരെങ്കിലും കട്ടകൾ ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴയീടാക്കും. ലൈഫ് പദ്ധതിയിലടക്കം ഭവനനിർമാണത്തിനായി കട്ടകൾ ഉപയോഗിക്കാനാണ് നഗരസഭയുടെ തീരുമാനമെന്ന് മേയർ വ്യക്തമാക്കി.

  • ആറ്റുകാല്‍ പൊങ്കാല; പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചു

    ആറ്റുകാല്‍ പൊങ്കാല; പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചു

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്തില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊങ്കാല ദിവസത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള 10 മെഡിക്കല്‍ ടീമുകളെ രാവിലെ 5 മണി മുതല്‍ പൊങ്കാല അവസാനിക്കുന്നതുവരെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുന്നതാണ്.

    ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്‌ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

    തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖാന്തിരമാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെ ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

    കുത്തിയോട്ടത്തിലെ കുട്ടികളുടെ ആരോഗ്യ പരിചരണത്തിനായി രണ്ട് വിതം പീഡിയാട്രീഷ്യന്‍മാരുടേയും, സ്റ്റാഫ് നഴ്‌സുമാരുടേയും മുഴുവന്‍ സമയ സേവനം ലഭ്യമാക്കി. ഇതുകൂടാതെ ആയുഷ് വിഭാഗങ്ങളുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

    ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെട്ട 8 പേരുടെ സേവനം ലഭ്യമാക്കി. പൊങ്കാലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് നഗര പരിധിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ക്രമീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    ആരോഗ്യ വകുപ്പ്, കനിവ് 108, കോര്‍പറേഷന്‍, ഐഎംഎ, സ്വകാര്യ ആശുപത്രികള്‍, ഫയര്‍ ഫോഴ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള 35 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ ആബുലന്‍സുകളിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടയുള്ളവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

  • ആറ്റുകാൽ ക്ഷേത്രത്തിലെ തെയ്യത്തറയിൽ ചുവട് വച്ച് പഞ്ചുരുളി

    ആറ്റുകാൽ ക്ഷേത്രത്തിലെ തെയ്യത്തറയിൽ ചുവട് വച്ച് പഞ്ചുരുളി

    തിരുവനന്തപുരം: ആറ്റുകാൽ അമ്മയ‌്ക്ക് മുന്നിൽ പഞ്ചുരുളി തെയ്യം നിറഞ്ഞാടി.  കാന്താരയിൽ കണ്ട പഞ്ചുരുളിയെ ഭക്തർക്ക് മുന്നിൽ അവതരിപ്പിച്ചത് പ്രശസ്‌ത തെയ്യം കലാകാരനായ കോഴിക്കോട് ശ്രീനിവാസനും ശിഷ്യൻ അഭിഷേകുമാണ്.

    41 ദിവസത്തെ കഠിനമായ വ്രതത്തിന് ശേഷമാണ് പഞ്ചുരുളിയായി ഇരുവരും തെയ്യത്തിറയിൽ ആടിയത്. സാത്വികമായി തുടങ്ങി രൗദ്രനടനം ചെയ‌്ത് അനുഗ്രഹം ചൊരിയുന്ന തെയ്യക്കോലമാണ് പഞ്ചുരുളി.

    ദക്ഷിണ കർണാടകയിലും വടക്കേ മലബാറിലും കെട്ടിയാടുന്ന വരാഹി സങ്കൽപ്പത്തിലുള്ള ഉഗ്രമൂർത്തി തെയ്യമാണ് പഞ്ചുരുളി. കോഴിക്കോട്ട് തിറയാട്ട കലാസമിതിയുടെ നേതൃത്വത്തിലായിരുന്നു അവതരണം