Tag: Attukal

  • ആറ്റുകാൽ പൊങ്കാല ഉത്സവം; കുത്തിയോട്ട വ്രതാരംഭത്തിന് തുടക്കമായി

    ആറ്റുകാൽ പൊങ്കാല ഉത്സവം; കുത്തിയോട്ട വ്രതാരംഭത്തിന് തുടക്കമായി

    തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധവും ഭക്തിനിര്‍ഭരവുമായ കുത്തിയോട്ട ചടങ്ങിന് ഇന്ന് രാവിലെ 9.30 ന് തുടക്കമായി. 744 കുത്തിയോട്ടബാലന്‍മാരാണ് ഇന്ന് മുതല്‍ വൃതം അനുഷ്ഠിച്ചു ക്ഷേത്രത്തില്‍ തങ്ങുന്നത്.ക്ഷേത്രകുളത്തില്‍ കുളിച്ച് ഈറനണിഞ്ഞ് വരിയായി കുത്തിയോട്ട ബാലന്‍മാര്‍ ദേവിയെ വണങ്ങി വൃതമാരംഭിച്ചത്.

    പുള്ളിപ്പലകയില്‍ 7 വെള്ളിനാണയങ്ങള്‍ വച്ച് മേല്‍ശാന്തിക്കു ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങിയാണ് കുത്തിയോട്ട അനുഷ്ഠാനത്തിലേക്ക് ബാലന്‍മാര്‍ ക്ഷേത്രത്തിന്റെ ഉള്ളിലേയ്ക്കു കടക്കുക. 6 മുതല്‍ 12 വയസ് വരുയെുള്ള ബാലന്മാരാണ് ഈ അനുഷ്ഠാനത്തില്‍ പങ്കെടുക്കുന്നത്.

    ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതിന്റെ 3-ാം നാളിലാണ് കുത്തിയോട്ടവ്രതം തുടങ്ങുന്നത്. ഇനിയുള്ള 7 ദിവസങ്ങള്‍ കുത്തിയോട്ടബാലന്മാര്‍ ക്ഷേത്രത്തില്‍ തന്നെ താമസിക്കണം. മഹിഷാസുരമര്‍ദിനി ദേവിയെ മുറിവേറ്റ ഭടന്മാരാണ് കുത്തിയോട്ട ബാലന്മാര്‍ എന്നതാണ് സങ്കല്‍പ്പം. കുത്തിയോട്ട നേര്‍ച്ചയിലൂടെ ദേവിപ്രീതി നേടാമെന്നും അതുവഴി ഉന്നതവിജയം നേടാമെന്നും രോഗവിമുക്തിയും ലഭിക്കുമെന്നുമാണ് വിശ്വാസം.

    7 ദിവസം കൊണ്ട് 1008 നമസ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് ദേവിയുടെ ആശിര്‍വാദം ലഭിക്കുമെന്നും വിശ്വാസമുണ്ട്. 9-ാം നാള്‍ കിരീടം വച്ച് അണിഞ്ഞൊരുങ്ങി ദേവിയുടെ മുമ്പിലെത്തി ചൂരല്‍ കുത്തുന്ന ഇവര്‍ മണക്കാട് ശ്രീധര്‍മശാശ്താ ക്ഷേത്രത്തിലേയ്ക്കുള്ള ദേവിയെ എഴുന്നള്ളത്തിന് വാദ്യ മേളങ്ങളോടു അകമ്പടി സേവിക്കും അടുത്ത ദിവസം രാവിലെ ക്ഷേത്രത്തിലേക്ക് തിരികെ എത്തി ദേവി സന്നിധിയില്‍ വച്ച് ചൂരല്‍ കുത്ത് മാറ്റിയ ശേഷമാണ് ബാലന്മാര്‍ വീട്ടിലേക്കു മടങ്ങുക.

  • ആറ്റുകാൽ പൊങ്കാല; ശുചീകരണത്തിന് നഗരസഭയിൽ നിന്ന് 2500 പേരെ നിയോഗിക്കും

    ആറ്റുകാൽ പൊങ്കാല; ശുചീകരണത്തിന് നഗരസഭയിൽ നിന്ന് 2500 പേരെ നിയോഗിക്കും

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭയിൽ നിന്ന് 2500 വോളന്റിയർമാരെ നിയോഗിക്കും.1000 നഗരസഭാ ജീവനക്കാർക്ക് പുറമേയാണ് 1500 പേരെ കൂടി പുറത്തുനിന്ന് എടുക്കുന്നത്.

    വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിൽ നിന്ന് 200 പേരുണ്ടാകും.ഇവർക്ക് പുറമേ 800 പേരെയാണ് ദിവസ വേതനത്തിന് പുറത്തുനിന്നെടുക്കുന്നത്. 675 രൂപയാണ് തൊഴിലാളികളുടെ വേതനം.

    ശുചീകരണത്തിന് നഗരസഭയിലെ വാഹനങ്ങൾക്ക് പുറമേ 30 ടിപ്പർ ,2 ജെ.സി.ബി എന്നിവയും വാടകയ്ക്ക് എടുക്കും. പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യം ഈഞ്ചയ്ക്കലിലെ കൃഷി വകുപ്പിന്റെ സ്ഥലത്ത് നിക്ഷേപിക്കും. സ്ഥലം തികയാത്തപക്ഷം സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് തത്കാലം മാലിന്യ നിർമ്മാർജനം ചെയ്യാനും തീരുമാനിച്ചു. പൊങ്കാലയ്ക്ക് ആവശ്യമായ 50 മൊബൈൽ ടോയ്‌‌ലെറ്റുകൾ നഗരസഭ സ്ഥാപിക്കും.

    പൊതുടോയ്‌‌ലെറ്റുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ കൂടുതലായി ഇവ സ്ഥാപിക്കും. ആറ്റുകാൽ പൊങ്കാലയ്ക്ക് ആവശ്യമായി 5.2 കോടി നഗരസഭ അനുവദിച്ചിരുന്നു. പൊങ്കാല പ്രദേശങ്ങളിലെ റോഡ് ടാറിംഗ്, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, മൊബൈൽ ടോയ്‌ലെറ്റ് സ്ഥാപിക്കൽ, ശുചീകരണ സാമഗ്രികൾ വാങ്ങൽ, തൊഴിലാളികളുടെ വേതനം തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചത്.

  • ‘കാന്താര’യിലെ പഞ്ചുരുളി തെയ്യം ആറ്റുകാലിൽ എത്തുന്നു

    ‘കാന്താര’യിലെ പഞ്ചുരുളി തെയ്യം ആറ്റുകാലിൽ എത്തുന്നു

    തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു കന്നഡ ചിത്രമായ കാന്താര.കാന്താരയിലെ പഞ്ചുരുളി തെയ്യം ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിൽ എത്തുന്നു.

    ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിലെ തെയ്യത്തറയിലാണ് പഞ്ചുരുളി എത്തുക.അനുഷ്ഠാന കലയായി മാത്രം നടക്കാറുള്ള പഞ്ചുരുളി തെയ്യത്തിന്‍റെ ഒരു ചെറു അവതരണം നടത്തുന്നത് കോഴിക്കോട് തിറയാട്ട കലാസമിതിയാണ്.

    മാര്‍ച്ച് 3 ന് രാത്രി 7 മുതലാണ് അവതരണം. തുളു ഭാഷയില്‍ പഞ്ചി എന്നാല്‍ വരാഹം (പന്നി) എന്നാണ് അര്‍ഥം. പഞ്ചി ഉരു കാളിയാണ് പഞ്ചുരുളി ആയി മാറിയതത്രെ. ദേവീ മാഹാത്മ്യത്തിൽ ശുംഭാസുരനേയും നിശുംഭാസുരനേയും നിഗ്രഹിക്കാനായി ചണ്ഡികാദേവി അവതരിച്ചപ്പോൾ, രക്തബീജനെന്ന അസുരൻ തന്റെ അക്ഷൗഹിണിപ്പടയുമായി യുദ്ധത്തിനൊരുങ്ങി.

    ഇതുകണ്ട ചണ്ഡികാപരമേശ്വരി ഒരു ശംഖനാദം പുറപ്പെടുവിച്ചു. അപ്പോൾ ഭഗവതിയിൽ നിന്ന്‌ അവതരിച്ച ഏഴു ദേവിമാരിൽ ഒരാളാണ് വരാഹി. വരാഹി സങ്കൽ‌പ്പത്തിലുള്ള തെയ്യമാണ് പഞ്ചുരുളി.

  • പൊങ്കാല മഹോത്സവം; തിരക്കിലമർന്ന് ആറ്റുകാൽ

    പൊങ്കാല മഹോത്സവം; തിരക്കിലമർന്ന് ആറ്റുകാൽ

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്നലെ തുടക്കമായി.ആറ്റുകാലിലും പരിസരത്തും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

    തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഭക്ത പ്രവാഹം കാരണം സകല നിയന്ത്രണങ്ങളും പാളി.വൈകുന്നേരത്തെ ദീപാരാധന തൊഴാനാണ് ഇന്നലെ ഏറെ തിരക്ക് അനുഭവപ്പെട്ടത്.

    മാർച്ച് 7 നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.
    മാർച്ച് ഏഴിന് രാവിലെ 10.30ന് ആരംഭിക്കുന്ന പൊങ്കാല ഉച്ചയ്ക്ക് 2.30ന് നിവേദിക്കും.

    കുറ്റമറ്റ രീതിയിൽ ഭക്തർക്ക് ദർശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഒരേസമയം 3000 പേർക്ക് ക്യൂവിൽ നിന്ന് ദർശനം നടത്താനാകും. ക്യൂവിൽ നിൽക്കുന്നവർക്ക് ശുദ്ധജലം വിതരണം ചെയ്യും.

  • ഇനി എല്ലാ വഴികളും ആറ്റുകാലിലേക്ക്; കാപ്പു കെട്ടി കുടിയിരുത്തി, ഉത്സവത്തിനു തുടക്കമായി

    ഇനി എല്ലാ വഴികളും ആറ്റുകാലിലേക്ക്; കാപ്പു കെട്ടി കുടിയിരുത്തി, ഉത്സവത്തിനു തുടക്കമായി

    തിരുവനന്തപുരം :ഇന്നു പുലർച്ചെ കാപ്പു കെട്ടി കുടിയിരുത്തിയതോടെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനു തുടക്കമായി. മാർച്ച് 7 നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.ഒരേ സമയം 3,000 പേർക്ക് ക്യൂവിൽ നിന്ന് ദർശനം നടത്താനാകും.

    ക്ഷേത്രത്തിലെ അംബ, കാർത്തിക ഓഡിറ്റോറിയങ്ങളിലായി ദിവസവും കാൽലക്ഷത്തോളം പേർക്ക് അന്നദാനം ഉണ്ടാകും. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും അംബ, അംബിക, അംബാലിക സ്റ്റേജുകളിൽ കലാപരിപാടികളുണ്ടാകും.

    ഇന്നു മുതൽ തോറ്റം പാട്ടിനും തുടക്കമാകും. ദേവിക്കു മുന്നിൽ പ്രത്യേകം നിർമിച്ച പന്തലിലാണ് തോറ്റംപാട്ട്.

  • ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കമാകും

    ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കമാകും

    തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്‌ തിങ്കളാഴ്ച തുടക്കം. പുലർച്ചെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ്‌ ഉത്സവം ആരംഭിക്കുന്നത്‌.

    മാർച്ച് ഏഴിനാണ്‌ ആറ്റുകാൽ പൊങ്കാല. രാവിലെ 10.30ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന്‌ ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി കേശവൻ നമ്പൂതിരിക്ക് കൈമാറും.

    മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകർന്നശേഷം ദീപം സഹമേൽശാന്തിക്ക്‌ കൈമാറും, സഹമേൽശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകരും. പകൽ 2.30ന് ഉച്ചപൂജയും പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും.

    പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽനിന്ന്‌ 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടെന്ന്‌ ട്രസ്റ്റ്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2020ലെ പൊങ്കാലയേക്കാൾ 40 ശതമാനം അധികം പേർ എത്തുമെന്നാണ്‌ പ്രതീക്ഷ.

    പത്ത്‌ ദിവസത്തെ ഉത്സവത്തിൽ 45 ലക്ഷത്തോളം പേർ എത്തിയേക്കും. ഇത്തവണ 1-0–-12 പ്രായക്കാരായ കുട്ടികളെ മാത്രമാണ്‌ കുത്തിയോട്ടത്തിൽ പങ്കെടുപ്പിക്കുക. ഇതിനായി 748 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്‌.

    ഒമ്പതാം ഉത്സവദിവസമായ മാർച്ച്‌ ഏഴിന്‌ രാത്രി 10.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളത്ത്‌ നടക്കും. എട്ടിന്‌ രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയശേഷം രാത്രി ഒന്നിന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും

  • ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഏഴിന്; മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

    ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഏഴിന്; മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

    തിരുവനന്തപുരം:ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ കൂടുതല്‍ ഭക്തജനങ്ങള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പഴുതടച്ച സംവിധാനങ്ങളൊരുക്കാനും മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. വിവിധ സംഘടനകളും മറ്റും ഭക്തജനങ്ങള്‍ക്കുള്ള ഭക്ഷണവിതരണം നടത്തുന്നത് ഇത്തവണ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങള്‍ ഉപയോഗിച്ചും ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യാന്‍ ഒരുകാരണവശാലും അനുവദിക്കില്ല. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകള്‍, താല്‍ക്കാലിക വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന കുടിവെള്ളം, ആഹാരസാധനങ്ങള്‍ എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ക്ഷേത്ര പരിസരത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാന്‍ കര്‍ശനമായ പരിശോധന നടത്തും. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെയുള്ള ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ‘ആറ്റുകാല്‍ ഉത്സവ കമ്മിറ്റി’ എന്ന പേര് പുറത്തുള്ളവര്‍ അനധികൃതമായി ഉപയോഗിക്കുന്നത് തടയും. കമാനങ്ങളും ശബ്ദ സംവിധാനങ്ങളും പോലീസിന്റെ അനുമതിയോടെ കൂടി മാത്രമേ സ്ഥാപിക്കാവൂ. അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. മാര്‍ച്ച് ഏഴിനാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല.

     

    ഉത്സവമേഖലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ക്ഷേത്ര പരിസരത്തെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തണം. അടിയന്ത്രമായി ആവശ്യമായ സ്ഥലങ്ങളില്‍ സ്വിവറേജ് ശുചീകരണവും നടത്താന്‍ ആറ്റുകാല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ക്ഷേത്രപരിസരത്തുള്ള ഹോട്ടലുകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കര്‍ശനമായി നടത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി. ഉത്സവദിവസങ്ങളില്‍ പ്രത്യേകിച്ചും ഭക്ഷ്യസുരക്ഷാ വകുപ്പ് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെ ചുമതലയിലുള്ള പ്രവര്‍ത്തികള്‍ പരാതികള്‍ക്ക് ഇടനല്‍കാതെയും കാലതാമസമില്ലാതെയും പൂര്‍ത്തിയാക്കണമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍ദ്ദേശിച്ചു.

     

    പൊങ്കാല ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നോഡല്‍ ഓഫീസറായി സബ് കളക്ടര്‍ അശ്വതി ശ്രീനിവാസിനെ നിയമിച്ചു. അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹരിതചട്ടപാലനം കര്‍ശനമായി ഉറപ്പാക്കും. ഉത്സവം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഭക്തജനങ്ങളും സന്നദ്ധ സംഘടനകളും സ്റ്റീല്‍ പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുന്നതിന് ബോധവല്‍ക്കരണം നടത്തും. ഇതിനായി പരസ്യ പ്രചാരണം നടത്തും. പൊങ്കാലക്കെത്തുന്നവരുടെ സുരക്ഷക്കായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ട്രാഫിക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും ഭക്തരുടെ സുരക്ഷയ്ക്കും പോലീസ് പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും 24 മണിക്കൂറും നിരീക്ഷണവുമുണ്ടാകും.

     

    പൊങ്കാല കഴിഞ്ഞാല്‍ ഉടന്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യമായ ജീവനക്കാരെ കോര്‍പറേഷന്‍ നിയോഗിക്കും. പൊങ്കാല ഉത്സവത്തിന് എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി ബയോ ടോയ്‌ലറ്റുകളും പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകളും സ്ഥാപിക്കും. അഗ്‌നിരക്ഷാസേനയെ വിന്യസിക്കുന്നതിനൊപ്പം അഗ്‌നിശമനോപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ക്ഷേത്രജീവനക്കാര്‍ക്ക് പരിശീലനവും നല്‍കും. അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് ആംബുലന്‍സ് അടങ്ങുന്ന മെഡിക്കല്‍ സംഘത്തിനെ നിയോഗിക്കും. ഉത്സവദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസ് നടത്തും. എല്ലാ പ്രധാന ഡിപ്പോകളില്‍ നിന്നും പ്രത്യേക സര്‍വീസുകളും നടത്തും. മുന്നൂറിലധികം ബസുകളുണ്ടാകും. ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഉണ്ണികൃഷ്ണന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എ.ഡി.എം അനില്‍ ജോസ് ജെ, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ആറ്റുകാല്‍ ക്ഷേത്ര സമിതി സെക്രട്ടറി കെ.ശിശുപാലന്‍ നായര്‍, പ്രസിഡന്റ് അനില്‍കുമാര്‍, ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി, ഉത്സവകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജയലക്ഷ്മി.ജി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.