Tag: Flower show

  • അനന്തപുരിയിൽ ആഘോഷദിനങ്ങളൊരുക്കി വസന്തോത്സവം

    അനന്തപുരിയിൽ ആഘോഷദിനങ്ങളൊരുക്കി വസന്തോത്സവം

    തിരുവനന്തപുരം:തലസ്ഥാന ജില്ലയുടെ ക്രിസ്തുമസ്-പുതുവത്സര ദിനങ്ങളെ ആനന്ദത്തിലാഴ്ത്തി വസന്തോത്സവത്തിന് തുടക്കമാകുന്നു.

    വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന വസന്തോത്സവം കനകക്കുന്നിൽ ബുധനാഴ്ച (ഡിസംബർ 25) വൈകിട്ട് ആറിന് പൊതുമരാമത്ത് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

    പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ മുഖ്യാതിഥിയായിരിക്കും.

    വി.കെ പ്രശാന്ത് എം.എൽ.എ, കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, എം.പിമാരായ ശശി തരൂർ, എ.എ റഹിം, ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു, ജില്ലാ കളക്ടർ അനുകുമാരി, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, അഡീഷണൽ ഡയറക്ടർ പി.വിഷ്ണു രാജ്, നന്ദൻകോട് വാർഡ് കൗൺസിലർ ഡോ.റീന കെ.എസ്, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ എന്നിവരും പങ്കെടുക്കും.

  • അപൂര്‍വ ഇനം സസ്യങ്ങളുമായി ലുലു മാളിൽ പുഷ്‌പമേള

    അപൂര്‍വ ഇനം സസ്യങ്ങളുമായി ലുലു മാളിൽ പുഷ്‌പമേള

    തിരുവനന്തപുരം: അപൂർവ സസ്യങ്ങളുടെയും പുഷ്‌പങ്ങളുടെയും ആയിരത്തിലധികം വൈവിധ്യങ്ങളുമായി ലുലു മാളിൽ പുഷ്പമേള മേളയിൽ പ്രദർശിപ്പിച്ചിരുന്നത്. ലുലു മാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം ഗൗതമി നായരാണ് പുഷ്‌പമേള ഉദ്‌ഘാടനം ചെയ്‌തത്.

    ബ്രസീൽ, മലേഷ്യ, തായ്‌ലൻഡ് ഉൾപ്പെടെ ലോകരാജ്യങ്ങളിലെ പുഷ്പ, ഫല സസ്യങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും പ്രദർശനം മേളയിലുണ്ട്. ഇൻഡോർ, ഔട്ട്‌ഡോർ ഗാർഡനിങ്ങിന്‌ അനുയോജ്യമായ സസ്യങ്ങൾ, ബിഗോണിയ, സ്നേക്ക് പ്ലാൻറ് പോലുള്ള വായുശുദ്ധീകരണ സസ്യങ്ങൾ, പല വർണങ്ങളിലുള്ള റോസ, ഓർക്കിഡ്, ബൊഗെയ്ൻവില്ല അടക്കമുള്ള സസ്യങ്ങളുടെയും പുഷ്പങ്ങളുടെയും ആയിരത്തിലധികം വൈവിധ്യങ്ങളാണ് മേളയിലുണ്ടായിരുന്നത്.

  • നഗര വസന്തം: ഉത്സവ രാവുകൾക്ക് വിട

    നഗര വസന്തം: ഉത്സവ രാവുകൾക്ക് വിട

     

    തിരുവനന്തപുരം:തലസ്ഥാനത്തിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ നഗരവസന്തം പുഷ്‌പോത്സവം സമാപിച്ചു. ഇന്നലെ രാത്രി ഒരുമണിയോടെ നഗരവസന്തത്തിന്റെ ഭാഗമായുള്ള പുഷ്പ പ്രദര്‍ശനവും ഫുഡ്‌കോര്‍ട്ടും വൈദ്യുത ദീപാലങ്കാരങ്ങളുമെല്ലാം അവസാനിച്ചു. തിരുവനന്തപുരത്തിന്റെ പതിവ് ആഘോഷ രീതികളില്‍ നിന്നും വ്യത്യസ്ഥമായ രീതികള്‍ പരിചയപ്പെടുത്തിയാണ് നഗര വസന്തം സമാപിക്കുന്നത്. കനകക്കുന്നിലും നിശാഗന്ധിയിലും സുര്യകാന്തിയിലുമൊക്കെയായി ഒതുങ്ങിയിരുന്ന ആഘോഷങ്ങളെ നഗരത്തിന്റെ മറ്റു മേഖലകളിലേക്കെല്ലാം വ്യാപിപിച്ചുകൊണ്ട് നഗരത്തെയാകെ ഉത്സവവേദിയാക്കിക്കൊണ്ടാണ് നഗരവസന്തം അവസാനിക്കുന്നത്. സര്‍ഗാത്മകതക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി നൂറോളം ഇന്‍സ്റ്റലേഷനുകള്‍ക്കൂടി ഉള്‍പ്പെടുത്തി കാഴ്ചയുടെ വിരുന്നായാണ് നഗര വസന്തം സംഘടിപ്പിച്ചത് എന്നത് മറ്റൊരു പ്രത്യേകതയാണ്. നൈറ്റ് ലൈഫിന് കൂടുതല്‍ പ്രാധാന്യം നല്‍കി എന്നതാണ് നഗര വസന്തത്തിന്റെ ഏറ്റവും വലിയ സവിശേഷത. ലോകത്തെല്ലായിടത്തും ടൂറിസം മേഖലയില്‍ നൈറ്റ് ലൈഫിനു വലിയ പ്രാധാന്യം നല്‍കുമ്പോള്‍ കേരളത്തില്‍ അത് അത്രകണ്ട് പ്രചാരത്തിലെത്തിയിരുന്നില്ല. കേരളത്തിലെ തന്നെ ആദ്യ നൈറ്റ് ലൈഫ് മേളയാണ് നഗരവസന്തം എന്നു വേണമെങ്കില്‍ പറയാം. മറ്റാഘോഷവേളകളിലും സാധാരണ ദിവസങ്ങളിലും രാത്രി ഒന്‍പതു മണിയോടെ വെളിച്ചങ്ങള്‍ അണഞ്ഞ് ശൂന്യമാകുന്ന കനകക്കുന്നും പരിസരവും, വെള്ളയമ്പലം കവടിയാര്‍ റോഡും, മ്യൂസിയം പരിസരവുമെല്ലാം രാത്രി ഒരു മണിവരെ വെട്ടിത്തളങ്ങി സജീവ ആഘോഷവേദികളായ രണ്ടാഴ്ചയാണ് കടന്നുപോയത്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലക്ക് നൈറ്റ് ലൈഫ് ടൂറിസത്തിന്റെ ഒരു വിജയ മാതൃക കാട്ടിയിരിക്കുകയാണ് നഗരവസന്തത്തിലൂടെ. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായാണ് നഗര വസന്തം സംഘടിപ്പിച്ചത്. തിരുവനന്തപുരം നഗരസഭയുടെയും തലസ്ഥാനത്തെ റസിഡന്റ്‌സ് അസോസിയേഷനുകളുടേയും പൊതു, സ്വകാര്യ മേഖല സ്ഥാപനങ്ങളുടെയും സഹകരണവും മേളയ്ക്കു ലഭിച്ചു. തലസ്ഥാന ജനത മേളയെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. ആദ്യ ദിവസം മുതല്‍ സമാപന ദിവസം വരെ മേളയില്‍ അനുഭവപ്പെട്ട ജനത്തിരക്ക് ഇതിന്റെ തെളിവാണ്.

     

     

     

  • നഗരവസന്തം; വർണാഭമായ ലൈറ്റുകൾ, രുചി വൈവിദ്ധ്യങ്ങളുമായി ഫുഡ് കോർട്ടുകൾ

    നഗരവസന്തം; വർണാഭമായ ലൈറ്റുകൾ, രുചി വൈവിദ്ധ്യങ്ങളുമായി ഫുഡ് കോർട്ടുകൾ

     

    തിരുവനന്തപുരം:വൈകുന്നേരങ്ങളില്‍ നല്ലൊരു പാട്ടും കേട്ട് ചായയും സ്‌നാക്‌സും ആസ്വദിക്കുന്നത് മലയാളിയുടെ ശീലമാണ്. നല്ലൊരു പാട്ടിനൊപ്പം സിക്കിമില്‍ നിന്നുള്ള മോമോസും ആസാമില്‍ നിന്നുള്ള ചായയും ആയാലോ… താല്‍പര്യമുള്ളവര്‍ക്ക് സൂര്യകാന്തിയിലേക്ക് വരാം. നഗരവസന്തം പുഷ്പമേളയുടെ ഭാഗമായി കഫെ കുടുംബശ്രീ ഒരുക്കിയിട്ടുള്ള ദേശീയ ഭക്ഷ്യമേള ഭക്ഷണ വൈവിധ്യത്തിന്റെകൂടി മേളയാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള വിഭവങ്ങള്‍ക്കു പുറമേ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണവും മേളയില്‍ ലഭ്യമാണ്. ആന്ധ്രപ്രദേശിന്റെ തനത് ഹൈദരാബാദി ബിരിയാണി മുതല്‍ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത സിക്കിം, അസാം തുടങ്ങിയ സംസ്ഥാനങ്ങളുടെ രൂചികളും മേളയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. കുടംപുളിയിട്ട മീന്‍കറി, കപ്പ ബിരിയാണി, പുഴുക്ക്, പിടിയും കോഴിയും തുടങ്ങി കേരളത്തിന്റെ തനതു രുചികളെല്ലാം മേളയിലുണ്ട്. ഈ വിഭവങ്ങള്‍ വിവിധ ജില്ലകളില്‍ വ്യത്യസ്ഥമായ രീതിയില്‍ തയാറാക്കുമ്പോഴുള്ള രുചി വൈവിധ്യം ആസ്വദിക്കാന്‍കഴിയുന്നു എന്നതാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത. മലബാറിന്റെ തനതു ചട്ടിപ്പത്തിരിയും ഇറച്ചിപ്പത്തിരിയും കിളിക്കൂടും, ഉന്നക്കായയും പഴം നിറച്ചുതുമെല്ലാം ഒരുവശത്ത് അണിനിരക്കുമ്പോള്‍ തിരുവിതാംകൂറിന്റെ കട്ടച്ചല്‍ക്കുഴി ചിക്കനും ചിക്കന്‍പെരട്ടുമെല്ലാം മറുവശത്ത് രൂചിമേളം തീര്‍ക്കുന്നു. മധ്യകേരളത്തില്‍ നിന്നും കോട്ടയവും ഇടുക്കിയും അടങ്ങുന്ന ഹൈറേഞ്ചില്‍ നിന്നുമെല്ലാമുള്ള രുചികള്‍ വേറെയുമുണ്ട്. ഒരേ വിഭവത്തിന്റെ തന്നെ വൈവിധ്യങ്ങള്‍ അണിനിരക്കുന്ന ദോശ മേളയും പുട്ട് മേളയും ശ്രദ്ധാകേന്ദ്രങ്ങളാണ്. പ്ലെയിന്‍ ദോശയും, മസാല ദോശയും, ചിക്കന്‍ ദോശയും, മുട്ടദോശയും, ചിക്കന്‍പുട്ടും, കാരറ്റ് പുട്ടും, ചെമ്മീന്‍പുട്ടും മുത്താറിപുട്ടും എല്ലാം മേളയിലെ താരങ്ങളാണ്. 30ലധികം വ്യത്യസ്ഥ തരം ജ്യൂസുകള്‍ ലഭിക്കുന്ന ജ്യൂസ് സ്റ്റാളാണു ഭക്ഷ്യമേളയിലെ മറ്റൊരു പ്രധാന ശ്രദ്ധാകേന്ദ്രം. സാധാരണ ലൈം ജ്യൂസ് മുതല്‍ പച്ചമാങ്ങ ജ്യൂസും നെല്ലിക്ക ജ്യൂസിന്റെ ഏഴ് വൈവിധ്യങ്ങളുംവരെ ഇവിടെ ലഭ്യമാണ്. ഏഴു തരം നെല്ലിക്ക ജ്യൂസുകളും ഏഴു രീതിയില്‍ ഔഷധഗുണമുള്ളവയാണ്. ഫുഡ്‌കോര്‍ട്ടിനോടു ചേര്‍ന്നുള്ള സൂര്യകാന്തിയിലെ സ്‌റ്റേജില്‍ രാത്രി 9 മണി മുതല്‍ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന സംഗീത പരിപാടികളും അരങ്ങേറുന്നുണ്ട്. ഇന്ന് അഖില ആനന്ദാണ് സൂര്യകാന്തിയില്‍ സംഗീത മധുരം തീര്‍ക്കുന്നത്. വരും ദിവസങ്ങളില്‍ പുഷ്പവതി, നാരായണി ഗോപന്‍, അപര്‍ണ്ണ രാജീവ് തുടങ്ങിയവരും വേദിയിലെത്തും. രുചി വൈവിധ്യങ്ങളോടൊപ്പം സംഗീതകൂടിയാസ്വദിക്കാവുന്ന നൈറ്റ് ലൈഫ് അനുഭവമാണ് നഗരവസന്തത്തിന്റെ ഭാഗമായി സൂര്യകാന്തിയില്‍ ഒരുക്കിയിട്ടുള്ളത്. ക്രിസ്തുമസിന്റെ തലേ ദിവസമായ 24ന് രാത്രിയും ക്രിസ്തുമസ് ദിനത്തിലും വൻ ജനത്തിരക്കാണ് നഗര വസന്തത്തിൽ അനുഭവപ്പെട്ടത്. രാത്രി ഒരു മണി കഴിഞ്ഞും കനകക്കുന്നിലും പരിസരങ്ങളിലും ജനത്തിരക്കായിരുന്നു. ഇന്നലെ വൈകീട്ട് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴക്കും ജനങളുടെ ആവേശത്തെ തോൽപ്പിക്കാനായില്ല. മഴ വകവെക്കാതെ ആയിരങ്ങളാണ് കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത്.

     

  • നഗര വസന്തം പുഷ്പ മേളയിലേക്ക് ജന പ്രവാഹം

    നഗര വസന്തം പുഷ്പ മേളയിലേക്ക് ജന പ്രവാഹം

    തിരുവനന്തപുരം: നഗര വസന്തം പുഷ്പ മേളയിലേക്ക് ജന പ്രവാഹം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള വൈദ്യുത ദീപാലങ്കാരവും ഏറെപ്പേരെ ആകർഷിക്കുന്നു. അർധ രാത്രി വരെ പ്രവേശനം അനുവദിക്കുന്നതിനാൽ കുടുംബങ്ങളായി തന്നെ ജനം ഇവിടേക്ക് രാത്രി ആഘോഷത്തിനായി ഒഴുകിയെത്തുകയാണ്. നിശാഗന്ധിയിലും സൂര്യകാന്തിയിലും വൈകുന്നേരങ്ങളിൽ കലാപരിപാടികൾ അരങ്ങേറുന്നുണ്ട്.

  • നഗരവസന്തത്തില്‍ ഹരിത കേരളം മിഷന്റെ ഹരിത ഗ്രാമമൊരുങ്ങി

    നഗരവസന്തത്തില്‍ ഹരിത കേരളം മിഷന്റെ ഹരിത ഗ്രാമമൊരുങ്ങി

     

    തിരുവനന്തപുരം:ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം കോര്‍പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേളയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള ഹരിത ഗ്രാമം ഒരുങ്ങി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ 10ഓളം കലാകാരന്മാര്‍ അഞ്ചു ദിവസമെടുത്താണ് ഹരിത ഗ്രാമം ഒരുക്കിയത്. പശ്ചിമഘട്ട സംരക്ഷണം, ശുചിത്വം, മാലിന്യ സംസ്‌കരണം എന്നീ ആശയങ്ങള്‍ വിളിച്ചോതുന്ന രീതിയിലാണ് ഹരിത ഗ്രാമം തയാറാക്കിയിട്ടുള്ളത്. പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ വയലേലകളുടെ ഓരത്ത് ചായക്കടയും പെട്ടിക്കടയും കാളവണ്ടിയുമെല്ലാമുള്ള ഗ്രാമീണ കവലയാണ് ഹരിത ഗ്രാമം. വൃത്തിയുള്ള നാട്, വൃത്തിയുള്ള വീട്, വൃത്തിയുള്ള പരിസരം എന്ന സന്ദേശമാണ് ഹരിത ഗ്രാമം പങ്കുവെക്കുന്നത്. ശുചിത്വ സുന്ദരമായിരുന്ന നമ്മുടെ ഗ്രാമങ്ങളും മലിനീകരണ ഭീഷണി നേരിടുന്ന കാലഘട്ടത്തില്‍ ഗ്രാമങ്ങളെ ശുചിയായിത്തന്നെ സംരക്ഷിക്കുക എന്നതാണ് സന്ദേശം. ഹരിത ഗ്രാമത്തിലെ ചായക്കടയില്‍ നിന്നുള്ള ജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ ബയോബിന്നില്‍ സംസ്‌കരിക്കുന്നു. ബയോബിന്നില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കമ്പോസ്റ്റ് അടുക്കളത്തോട്ടത്തില്‍ ഉപയോഗിക്കുന്നു. ഇങ്ങനെ ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിന്റെയും പുനരുപയോഗം സാധ്യമാക്കുന്നതിന്റെയും നല്ലപാഠങ്ങള്‍ ഹരിത ഗ്രാമം പങ്കുവെക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു കയ്യില്‍ നിന്നു വേസ്റ്റ് ബിന്നിലേക്ക് ഊര്‍ന്നുവീഴുന്ന ഇന്‍സ്റ്റലേഷനും ഹരിത ഗ്രാമത്തോടൊപ്പം ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ സംഭരിച്ച് ഹരിത കര്‍മ്മസേനയ്ക്കു കൈമാറി ശാസ്ത്രീയമായ സംസ്‌കരണം സാധ്യമാക്കുക എന്നതാണ് ഇന്‍സ്റ്റലേഷനിലൂടെ ഉദ്ദേശിക്കുന്നത്. പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഹരിത ഗ്രാമത്തിലൂടെ വിളിച്ചുപറയുന്നുണ്ട്. സ്വച്ഛമായി ഒഴുകട്ടെ നമ്മുടെ നീര്‍ച്ചാലുകള്‍ എന്ന മുദ്രാവാക്യത്തോടെ ഹരിത കേരളം മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. പശ്ചിമഘട്ടത്തില്‍ നിന്നുള്ള സ്വാഭാവിക നീര്‍ച്ചാലുകളുടെ ഒഴുക്ക് മനുഷ്യന്റെ പലതരം ഇടപെടലുകളാല്‍ നിലച്ചിരിക്കുന്നു. മഴവെള്ളം ഒഴുകിപ്പോകുന്ന നീര്‍ച്ചാലുകള്‍ ഇല്ലാതായതോടെ വെള്ളം മണ്ണിലേക്കാഴ്ന്ന് ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നു. നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കാനായാല്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കും. ഈ സന്ദേശവുമായാണ് സുരക്ഷിതമാക്കാം പശ്ചിമഘട്ടം എന്ന ആശയത്തോടെ പശ്ചിമഘട്ടത്തില്‍ നിന്നും ഒഴുകിയിറങ്ങുന്ന നീര്‍ച്ചാലിന്റെ ദൃശ്യം ഹരിത ഗ്രാമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള ജൈവ വൈവിധ്യ സംരക്ഷണ പരിപാടിയായ പച്ചത്തുരുത്തിന്റെ മാതൃകയും ഹരിത ഗ്രാമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുഷ്‌പോത്സവത്തിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായിമാറുകയാണ് ഹരിത ഗ്രാമം. മൂന്നു ദിവസം പിന്നട്ടപ്പോള്‍ നഗരവസന്തത്തെ തലസ്ഥാന ജനത ഏറ്റെടുത്തുകഴിഞ്ഞു. ആദ്യ രണ്ടു ദിവസങ്ങള്‍ ദീപാലങ്കാരങ്ങളുടേതായിരുന്നുവെങ്കില്‍ മൂന്നാം ദിവസമായപ്പോഴേക്കും ഉദ്യാനങ്ങളും ഇന്‍സ്റ്റലേഷനുകളും പൂര്‍ണമായി സജ്ജമായിക്കഴിഞ്ഞു. ക്രിസ്തുമസ് അവധി ആരംഭിച്ചതോടെ പുഷ്പമേളയിലേക്കെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നും നാളെയുമായി അക്വേറിയവും കട്ട് ഫ്‌ളവര്‍ എക്‌സിബിഷനും എല്ലാം പൂര്‍ണതോതില്‍ സജ്ജമാകും. നിശാഗന്ധിയിലും സൂര്യകാന്തിയിലും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ അരങ്ങേറും. സൂര്യകാന്തിയിലെ കഫെ കുടുംബശ്രീ ഫുഡ്‌കോര്‍ട്ടില്‍ നാളെ മുതല്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ലഭിച്ചു തുടങ്ങും. തലസ്ഥാനത്തിന്റെ പുതുത്സരാഘോഷങ്ങളുടെ കേന്ദ്രമായി നഗരവസന്തം മാറുകയാണ്.

     

     

  • നഗരവസന്തം; സൂര്യകാന്തിയില്‍ ഇന്ന് അരങ്ങുണരും

    നഗരവസന്തം; സൂര്യകാന്തിയില്‍ ഇന്ന് അരങ്ങുണരും

    തിരുവനന്തപുരം:നഗരവസന്തത്തിലെ ആഘോഷങ്ങള്‍ക്ക് സംഗീത മധുരംപകര്‍ന്ന് സൂര്യകാന്തിയില്‍ ഇന്ന് (24-12-2022) അരങ്ങുണരും. കഫെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സൂര്യകാന്തിയില്‍ സംഘടിപ്പിച്ചിട്ടുള്ള ഫുഡ് ഫെസ്റ്റിവലില്‍ ജനത്തിരക്കേറുകയാണ്. ഇന്ത്യയുടെ രുചി വൈവിധ്യം സംഗീതത്തിന്റെ അകമ്പടിയോടെ ആസ്വദിക്കാനുള്ള അവസരമാണ് സൂര്യകാന്തിയില്‍ ഒരുങ്ങുന്നത്. ഇന്നു മുതല്‍ സൂര്യകാന്തിയിലെ സ്റ്റേജില്‍ പ്രമുഖ ഗായകര്‍ പാട്ടുമായെത്തും. രാത്രി ഒന്‍പതു മണിമുതലാണ് സംഗീത നിശ ആരംഭിക്കുക. ഇന്ന് വൈകുന്നേരം ഗായകന്‍ മനു തമ്പിയുടെ ശബ്ദമാധുര്യമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. നാളെ ഗായിക രാജലക്ഷി ആസ്വാദകര്‍ക്ക് സംഗീത വിരുന്നൊരുക്കും. 26ന് ഗായകന്‍ ഖാലിദ്, 27 അഖില ആനന്ദ്, 28ന് പുഷ്പവതി, 29ന് നാരായണി ഗോപന്‍, 30ന് അപര്‍ണ്ണ രാജീവ് എന്നിങ്ങനെ പ്രിയ ഗായകരെല്ലാം നഗര വസന്തത്തില്‍ സംഗീത വസന്തം തീര്‍ക്കാനെത്തും. നഗരവസന്തത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയും സന്ദര്‍ശകരുടെ തിരക്കായിരുന്നു. ഡിടിപിസിയുടെ നേതൃത്വത്തില്‍ കനകക്കുന്നും പരിസരവും വൈദ്യുത ദീപാലങ്കാരം നിറഞ്ഞുകഴിഞ്ഞു. ദീപാലങ്കാരങ്ങളോടൊപ്പം പൂച്ചെടികളുടെയും അലങ്കാരച്ചെടികളുടേയും വൈവിധ്യവും കനകക്കുന്നിലെത്തുന്നവര്‍ക്ക് വിരുന്നൊരുക്കുന്നുണ്ട്. കനകക്കുന്നില്‍ സ്ഥാപിച്ചിട്ടുള്ള ഇസ്റ്റലേഷനുകള്‍ക്കൊപ്പം നിന്നു ഫൊട്ടോയെടുക്കാനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ നഗര വസന്തത്തിലേക്ക് കൂടുതല്‍ ചെടികളും ഇന്‍സ്റ്റലേഷനുകളും എത്തും. നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നൂറു രൂപയാണ് മുതിര്‍ന്നവരുടെ ടിക്കറ്റ നിരക്ക്. 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപ. തലസ്ഥാനത്തിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളില്‍ നൈറ്റ് ലൈഫിന്റെ ഭംഗി നിറക്കുകയാണ് നഗരവസന്തം.

     

  • നഗര വസന്തത്തില്‍ രുചിയുടെ വസന്തത്തിനു തുടക്കമായി

    നഗര വസന്തത്തില്‍ രുചിയുടെ വസന്തത്തിനു തുടക്കമായി

     

    തിരുവനന്തപുരം:ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം കോര്‍പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേളയിലെ ഫുഡ്‌കോര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. കഫെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ ഫുഡ്‌കോര്‍ട്ടിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം നിലവിളക്കുകൊളുത്തിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ത്യയിലെ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള സുവര്‍ണാവസരമാണ് ഫുഡ്‌കോര്‍ട്ടെന്നും എല്ലാവരും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഫുഡ് കോര്‍ട്ടിലെ വിഭവങ്ങള്‍ രുചിച്ചുനോക്കിയ മന്ത്രി കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം പാചകത്തിലും പങ്കുചേര്‍ന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള വിവിധയിനം ഭക്ഷണങ്ങള്‍ക്കു പുറമേ ഇന്ത്യയിലെ 12 ഓളം സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങളാണ് ഫുഡ്‌കോര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളത്. കഫെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ അതാതു സംസ്ഥാനങ്ങൡ നിന്നുള്ള വനിതകള്‍ നേരിട്ടെത്തിയാണ് രൂചി വൈവിധ്യം ഒരുക്കുന്നത്.

     

     

     

  • നഗരവസന്തം; പുഷ്‌പോത്സവത്തിലെ അത്ഭുതക്കാഴ്ചകള്‍ക്ക് തുടക്കമായി

    നഗരവസന്തം; പുഷ്‌പോത്സവത്തിലെ അത്ഭുതക്കാഴ്ചകള്‍ക്ക് തുടക്കമായി

     

    തിരുവനന്തപുരം:നഗരവസന്തം പുഷ്‌പോത്സവത്തിലെ അത്ഭുതക്കാഴ്ചകള്‍ക്ക് ഇന്ന് തുടക്കമാകും. പുഷ്‌പോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്നലെമുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പുഷ്‌പോത്സവത്തിന്റെ ഭാഗമായി കനകക്കുന്നില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശന നഗരിയിലേക്ക് ഇന്നു വൈകിട്ടു മൂന്നു മണിമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരക്ക് ഒഴിവാക്കുന്നതിനായി നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കനകക്കുന്നിനു മുന്‍വശം, മ്യൂസിയത്തിനെതിര്‍വശത്തുള്ള ടൂറിസം ഓഫിസ്, ജവഹര്‍ ബാലഭവനു മുന്‍വശത്തുള്ള പുഷ്പോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, വഴുതക്കാട് ടാഗോര്‍ തിയെറ്റര്‍ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. പ്രദര്‍ശനം രാത്രി ഒരു മണിവരെ നീണ്ടു നില്‍ക്കും. രാത്രി 12 മണിവരെ പ്രദര്‍ശനം കാണാനുള്ള ടിക്കറ്റുകള്‍ ലഭ്യമാകും. റിഗാറ്റ നാട്യ സംഗീത കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും നഗര വസന്തത്തിന് മാറ്റുകൂട്ടും. സിനിമാ താരങ്ങളായ പത്മപ്രിയ, രചന നാരായണന്‍കുട്ടി തുടങ്ങിയവരും നീന പ്രസാദ്, രാജശ്രീ വാര്യര്‍, ഗോപിക വര്‍മ, പ്രിയങ്ക വെമ്പട്ടി തുടങ്ങിയവരും നൃത്ത പരിപാടികള്‍ അവതരിപ്പിക്കും. പിന്നണി ഗായകരായ ഗായത്രി, രാജലക്ഷ്മി, പുഷ്പവതി, അഖില ആനന്ദ്, അപര്‍ണ രാജീവ്, നാരായണി ഗോപന്‍, ഖാലിദ് തുടങ്ങിയവരുടെ സംഗീത പരിപാടികളും, കനല്‍ മ്യൂസിക്കല്‍ ബാന്‍ഡ്, ജനമൈത്രി പൊലീസിന്റെ സാംസ്‌കാരിക വിഭാഗം എന്നിവരുടെ കലാപരിപാടികളും അരങ്ങേറും. പൊതുനിരത്തുകളിലും സൂര്യകാന്തി പരിസരത്തുമായി സോളോ ഉപകരണ സംഗീത പരിപാടികളും ഉണ്ടായിരിക്കും. കഫെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20 ഓളം സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫുഡ്കോര്‍ട്ടും സൂര്യകാന്തിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.