Tag: Nedumagade hospital

  • നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മൂന്ന് വർഷത്തിനകം പുതിയ കെട്ടിടം നിർമിക്കും: മന്ത്രി വീണാ ജോർജ്

    നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മൂന്ന് വർഷത്തിനകം പുതിയ കെട്ടിടം നിർമിക്കും: മന്ത്രി വീണാ ജോർജ്

    നെടുമങ്ങാട്:നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മൂന്ന് വർഷത്തിനകം അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്.

    നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് അനുവദിച്ച പുതിയ ആമ്പുലൻസ്, നവീകരിച്ച ഒ പി കൗണ്ടർ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

    ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലപരിമിതി പ്രശ്നമാണ്. ഇത് പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. പുതിയ കെട്ടിത്തിനാവശ്യമായ ഫണ്ട് കിഫ്ബി വഴി ലഭ്യമാക്കാമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കിടത്തി ചികിത്സയിൽ വൻ വർധനവുണ്ടായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ സൌജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    ഭക്ഷ്യമന്ത്രി പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ അനിലിന്റെ എം.എൽ.എ ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ഐസിയു വെന്റിലേറ്റർ ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ആമ്പുലൻസിന്റെ ഫ്ളാഗ് ഓഫും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ വിനിയോഗിച്ച് വാങ്ങിയ നേത്രരോഗ കീഹോൾ സർജ്ജറി ഉപകരണങ്ങളുടെയും ക്യാൻസർ രോഗ നിർണ്ണയ ടെസ്റ്റുകൾ, തൈറോയിഡ് ടെസ്റ്റുകൾ തുടങ്ങിയവ നടത്തുന്നതിനുള്ള ഹോർമോൺ അനലൈസർ മെഷിന്റെയും നവീകരിച്ച ഒ.പി. കൗണ്ടറിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.

    നെടുമങ്ങാട് ജില്ലാ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.

  • വാർഡിലെ ഫാൻ നിലച്ചു; വീട്ടിൽ നിന്ന് ഫാനെത്തിച്ച രോഗിയിൽനിന്ന് ചാർജ് ഈടാക്കി നെടുമങ്ങാട് ജില്ലാ ആശുപത്രി

    വാർഡിലെ ഫാൻ നിലച്ചു; വീട്ടിൽ നിന്ന് ഫാനെത്തിച്ച രോഗിയിൽനിന്ന് ചാർജ് ഈടാക്കി നെടുമങ്ങാട് ജില്ലാ ആശുപത്രി

    തിരുവനന്തപുരം: ചൂട് സഹിക്കാനാകാതെ വീട്ടിൽ നിന്നെത്തിച്ച ടേബിൾ ഫാൻ ഉപയോഗിച്ചതിന് പണം ഈടാക്കി ആശുപത്രി അധികൃതർ. നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതരാണ് കിടപ്പുരോഗിയിൽ നിന്ന് വൈദ്യുതിക്ക് വാടകയിനത്തിൽ പണം ഇടാക്കിയത്.

    ടേബിൾ ഫാൻ ഉപയോഗിച്ചതിന് വാടക ഇനത്തിൽ രണ്ട് ദിവസത്തേക്ക് 100 രൂപയാണ് ഇവർ വാങ്ങിയത്.ആശുപത്രിയിലെ ചൂട് അസഹനീയമായതിനാലാണ് വീട്ടിൽ നിന്നും ഫാൻ എത്തിച്ചതെന്ന് രോഗിയും വീട്ടുകാരും വ്യക്തമാക്കി.

    മാത്രമല്ല ആശുപത്രിയിലെ ഫാൻ അനങ്ങാത്ത അവസ്ഥയിലാണെന്നും അവർ ചൂണ്ടികാട്ടി. അതേസമയം സംഭവത്തിൽ പരാതി ഉയർന്നതിന് പിന്നാലെ ആശുപത്രി അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

    ഇലക്ട്രിക് ഉപകരണങ്ങൾ പുറത്തു നിന്ന് കൊണ്ടുവന്ന് ഉപയോഗിക്കുന്നതിനുള്ള ആശുപത്രി ചെലവ് ആണ് ഈടാക്കിയത് എന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കിടപ്പ് രോഗിയായതിനാൽ ഡിസ്ചാർജ്ജ് സമയത്ത് തുക തിരിച്ചുനൽകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.