തിരുവനന്തപുരം :തിരുവല്ലം ശ്രീപരശുരാമസ്വാമി ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഏകോപന സമിതി രൂപീകരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. വികസന പ്രവർത്തനങ്ങളുടെ അവലോകനത്തിനായി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വകുപ്പുകൾക്ക് കീഴിൽ സമയബന്ധിതമായി പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾ ഏകോപന സമിതി നിരീക്ഷിക്കും. ഭക്തർക്ക് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് വകുപ്പുകൾ തമ്മിൽ നിരന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന തിരുവല്ലം ലങ്കാ തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. വർഷങ്ങളായി തോടിൽ അടിഞ്ഞു കൂടിയ ബലി അവശിഷ്ടങ്ങൾ, എക്കൽ, കുളവാഴ എന്നിവ സിൽട് പുള്ളർ ഉപയോഗിച്ച് നീക്കം ചെയ്യലാണ് നിലവിൽ നടക്കുന്നത്. ക്ഷേത്രത്തിലെ
ബലി കടവുകളുടെ നവീകരണം, വാഹനങ്ങൾക്കുള്ള മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം, ശുചിമുറികളുടെ നിർമ്മാണം, ഭക്ത ജനങ്ങൾക്കുള്ള വിശ്രമ സൗകര്യം ഒരുക്കൽ, ക്ലോക്ക് റൂമിന്റെ നിർമ്മാണം എന്നിവയാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. കൂടാതെ ഭക്തരുടെ സുരക്ഷയും ഗതാഗത നിയന്ത്രണവും സുഗമമാക്കാൻ പോലീസ് എയ്ഡ് പോസ്റ്റും സിസി ടിവി ക്യാമറകളും സജ്ജീകരിക്കും. നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഭൂമി ഏറ്റെടുക്കൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കും. മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും കോർപ്പറേഷന്റെയും മറ്റു വകുപ്പുകളുടെയും കൃത്യമായ ഇടപെടൽ നടത്താനും യോഗത്തിൽ തീരുമാനിച്ചു.
തിരുവല്ലം ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ആനന്ദഗോപൻ അധ്യക്ഷനായിരുന്നു. ദേവസ്വം ബോർഡ് പ്രിൻസിപ്പൾ സെക്രട്ടറി കെ ആർ . ജ്യോതിലാൽ, ഭരണ സമിതി അംഗങ്ങൾ,എ.ഡി.എം ഇ.മുഹമ്മദ് സഫീർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു.