തിരുവനന്തപുരം: ഇറങ്ങിയശേഷം റണ്‍വേയിലൂടെ നീങ്ങിയ വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള പ്രധാന ടയറുകളില്‍ ഒന്നില്‍ നിന്ന് തീയും പുകയുമുണ്ടായി.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് യാത്രക്കാരെ ഇറക്കുന്നതിനായി വിമാനത്തെ എയറോ ബ്രിഡ്ജിലെത്തിച്ചു.
കുവൈത്തില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ കുവൈത്ത് എയര്‍വേയ്സിന്റെ വിമാനത്തിന്റെ പിന്‍ഭാഗത്തത്തുള്ളതും വിമാനത്തിന്റെ പ്രധാന ടയറുകളില്‍ ഒന്നിലാണ് തീയും പുകയും കണ്ടത്.
വിമാനത്തിന്റെ ടയറില്‍ തീയും പുകയും കണ്ടുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ അഗ്‌നിരക്ഷാസേനാ വാഹനങ്ങള്‍ പാഞ്ഞെത്തി വിമാനത്തിന് ചുറ്റും സുരക്ഷാവലയുമൊരുക്കി.
ഇതിനിടയില്‍ വിമാനത്തിലുണ്ടായിരുന്ന 116 യാത്രക്കാരെയും പൈലറ്റുള്‍പ്പെടെ ആറ് ജീവനക്കാരെയും വളരെ പെട്ടെന്ന് തന്നെ എയറോ ബ്രിഡ്ജിലൂടെ പുറത്തിറക്കി. തുടര്‍ന്ന് തീയും പുകയുമുണ്ടായ ടയറില്‍ വെള്ളമൊഴിച്ച് തണുപ്പിച്ചു.
ടയര്‍ തണുത്തശേഷം വിമാന ഏജന്‍സിയുടെ സാങ്കേതിക സംഘമെത്തി കേടായ ടയറിനെ വേര്‍പെടുത്തിയശേഷം പകരം പുതിയത് സ്ഥാപിച്ചു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പൈലറ്റ് ശക്തമായി ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് റണ്‍വേയില്‍ ടയര്‍ ഉരസി തീയും പുകയുമുണ്ടായത്. സാങ്കേതിക പിഴവുകള്‍ പരിഹരിച്ചശേഷം വിമാനം രാവിലെ ഏഴോടെ കുവൈത്തിലേക്ക് പുറപ്പെട്ടു.