ന്യൂഡൽഹി: കോവിഡ് വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള ആറ് മാസമായി കുറച്ച് കേന്ദ്രസർക്കാർ. രണ്ടാം ഡോസിനും ബൂസ്റ്റർ ഡോസിനും ഇടയിലുള്ള ഇടവേളയാണ് കുറച്ചത്. ഒമ്പത് മാസത്തെ ഇടവേള എന്നത് ആറ് മാസമായി കുറച്ചു.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് രണ്ടാം ഡോസിനും ബൂസ്റ്റർ ഡോസിനും ഇടയിലെ ഇടവേള കുറച്ചതായി അറിയിച്ചത്. ദേശീയ രോഗപ്രതിരോധ കുത്തിവെപ്പ് ഉപദേശക സമിതിയുടെ നിർദേശപ്രകാരമാണ് നീക്കം. ശാസ്ത്രീയമായ തെളിവുകൾ കണക്കിലെടുത്തും മറ്റ് രാജ്യങ്ങളുടെ മാതൃക പിന്തുടർന്നുമാണ് തീരുമാനം എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇനി രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദേശം നൽകി.
