വിഴിഞ്ഞം: വിഴിഞ്ഞത്ത് അടുപ്പിക്കുകയും പിന്നീട് മുങ്ങുകയും ചെയ്ത ബ്രഹ്മേക്ഷര എന്ന ടഗ്ഗ് കണ്ടം ചെയ്തു തുടങ്ങി. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയ ശേഷമാണ് ടഗ്ഗ് കണ്ടം ചെയ്യുന്നത്. ഗുജറാത്തിൽ നിന്നുള്ള കോഡിയർ എന്ന കമ്പനിയാണ് ടഗ്ഗ് ലേലത്തിൽ പിടിച്ചത്. 51 ലക്ഷം രൂപയാണ് ലേലത്തുക. ഇതുവരെ 2000ൽ അധികം ലിറ്റർ ഡീസലാണ് ടഗ്ഗിന്റെ ഇന്ധന ടാങ്കിൽ നിന്ന് നീക്കം ചെയ്തത്. വർഷങ്ങളായി മുങ്ങിക്കിടക്കുന്നതിനാൽ ടാങ്കിൽ നിന്ന് നീക്കം ചെയ്ത ഡീസലിൽ കടൽവെള്ളവും കലർന്നിരുന്നു. ഇത് ഗവ. അംഗീകൃത ഏജൻസിക്ക് കൈമാറുമെന്ന് കോഡിയർ കമ്പനി അധികൃതർ പറഞ്ഞു. ടഗ്ഗിന്റെ ഭാഗങ്ങൾ നീക്കം ചെയ്യാനായി വിഞ്ച് ഉടൻ എത്തിക്കുമെന്നും അധികൃതർ പറഞ്ഞു.പൊല്യൂഷൻ കൺട്രോൾ ബോർഡ് അടക്കമുള്ള സുരക്ഷാ ഏജൻസികളിൽ നിന്ന് എൻ.ഒ.സി വാങ്ങിയ ശേഷമാണ് കണ്ടം ചെയ്യൽ നടപടി നടക്കുന്നത്.
