തിരുവനന്തപുരം: കഴക്കൂട്ടം-ടെക്നോപാർക്ക് എലിവേറ്റഡ് ഹൈവേ ഓണത്തിന് തുറന്നേക്കും. സ്‌പാനുകളും ഗർഡറുകളും സ്ഥാപിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. ഫ്ളൈഓവറിന് ഇരുവശവുമുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണവും ആരംഭിച്ചു.അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ഇരുവശവും റീട്ടെയ്‌നിംഗ് വാളുകൾ സ്ഥാപിച്ച് മണ്ണിട്ട് ഉയർത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. മണ്ണിട്ട് ഉയർത്തലും ബലപ്പെടുത്തലും പൂർത്തിയാക്കി കാലവർഷത്തിന് മുമ്പ് കോൺക്രീറ്റ് ടാറിംഗ് ജോലികൾ കൂടി നടത്താനാണ് കമ്പനിയുടെ ലക്ഷ്യം. കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഭാഗമാണെങ്കിലും എലിവേറ്റഡ് കോറിഡോറെന്ന പ്രത്യേക പദ്ധതിപ്രകാരമാണ് പാത നിർമ്മിച്ചത്. ഭൂമി ഏറ്റെടുക്കലുൾപ്പെടെ 356 കോടി രൂപയാണ് ദേശീയ ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചത്. 200 കോടി രൂപയാണ് എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണച്ചെലവ്.
