തിരുവനന്തപുരം: മോഷണം ലക്ഷ്യമിട്ടാണ് കേശവദാസപുരം സ്വദേശിനി മനോരമയെ പ്രതി ആദം അലി കൊലപ്പെടുത്തിയതെന്ന് പോലീസ്. മനോരമയുടെ ആറ് പവൻ കണ്ടെത്താനായിട്ടില്ല. പരിചയമുള്ള ആളായിരുന്നതിനാൽ വീട്ടിൽ പ്രവേശിക്കാൻ എളുപ്പമായിരുന്നുവെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. പ്രതി പബ്ജി കളിക്കുന്ന ആളായിരുന്നുവെന്നും പബ്ജിക്ക് അടിമയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് കരുതുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. തുടർന്ന് ശ്വാസം മുട്ടിച്ചു. കൊലപ്പെടുത്തിയ ശേഷം അടുത്തുള്ള കിണറ്റിൽ മൃതദേഹം കൊണ്ടിട്ടു. അതിന് ശേഷം റൂമിൽ പോയി വസ്ത്രം മാറിയ ശേഷം നാട്ടിൽ പോകാനായി ശ്രമിച്ചു. ഇതിനിടയിൽ ചെന്നൈയിൽ നിന്നാണ് പിടിയിലായതെന്നും വിശദമായി ചോദ്യം ചെയ്തതിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.
കേശവദാസപുരം മോസ്ക് ലെയ്ൻ രക്ഷാപുരി റോഡ്, മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ(68)യാണ് ഞായറാഴ്ച പകൽ കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയെത്തുടർന്നു നടത്തിയ തിരച്ചിലിനിടെയാണ് രാത്രി പത്തുമണിയോടെ മൃതദേഹം കിട്ടിയത്. സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കാലുകളിൽ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം ലഭിച്ചത്.