തിരുവനന്തപുരം : ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ചമുതൽ 13 വരെ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂർസ് വനിതകൾക്കായി യാത്രകൾ സംഘടിപ്പിക്കുന്നു.ആദ്യ യാത്രയുടെ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നവകേരള മിഷൻ കോ-ഓർഡിനേറ്റർ ടി.എൻ. സീമ നിർവഹിക്കും.നിംസ് മെഡിസിറ്റിയിലെ വനിതാ ജീവനക്കാർ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ്, കലാപരിപാടികൾ എന്നിവയുണ്ടാകും. മൺറോതുരുത്ത്, സാമ്പ്രാണിക്കോടി, തിരുമല്ലാവാരം ബീച്ച് എന്നിവിടങ്ങളിലേക്ക് നിംസ് മെഡിസിറ്റിയിലെ വനിതാ ജീവനക്കാർ യാത്രചെയ്യും.വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളിലേക്കായി നൂറിലധികം യാത്രകളും നടത്തുന്നുണ്ട്. ‘വനിതകൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും ഉല്ലാസയാത്ര നടത്താം’ എന്ന സന്ദേശമാണ് വനിതാ യാത്രാവാരത്തിലൂടെ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂർസ് മുന്നോട്ടുവെക്കുന്നത്.
