തിരുവനന്തപുരം:ജില്ലയിലെ പ്രളയസാധ്യത തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി നാളെ മോക്ക് ഡ്രിൽ നടക്കും. റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായുള്ള മോക്ക്ഡ്രില്ലിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകളും പങ്കെടുക്കും. നെയ്യാറ്റിൻകര താലൂക്കിലെ രാമേശ്വരം പ്രദേശത്താണ് മോക്ക് ഡ്രിൽ നടക്കുക.
ഉച്ചക്ക് 2 മണിയോടെ മോക്ക് ഡ്രിൽ ആരംഭിക്കും. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുകയാണ് പ്രധാന ലക്ഷ്യം.