തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അനൗൺസ്മെന്റ് വിഭാഗം ക്രിയാത്മകമായി പ്രവർത്തിക്കുന്നില്ലെന്നും അനൗൺസ്മെന്റ് പരസ്യങ്ങളിൽ മുങ്ങിപ്പോകുകയാണെന്നും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ആരോപിച്ചു. പുനലൂർ പാസഞ്ചറും വഞ്ചിനാടും പുറപ്പെടുന്നത് യഥാക്രമം വൈകിട്ട് 5.35നും 5.45നുമാണ്. കന്യാകുമാരിയിൽ നിന്നെത്തുന്ന പുനലൂർ പാസഞ്ചർ സെൻട്രലിലെത്തിച്ചേരാൻ അല്പം വൈകിയാൽ യാത്രക്കാർക്ക് അവശേഷിക്കുന്നത് ഒരു ഭാഗ്യപരീക്ഷണമാണ്. പുനലൂർ വൈകിയാലും വഞ്ചിനാടിന് മിക്ക ദിവസങ്ങളിലും സിഗ്നൽ നൽകാറില്ല. യാത്രക്കാർ നീങ്ങിത്തുടങ്ങുന്ന ട്രെയിൻനുപിറകെ ഓടാൻ തുടങ്ങുകയും ചിലരൊക്കെ ചാടിക്കയറുകയും ചെയ്യാറുണ്ട്.ആദ്യം പുറപ്പെടുന്നത് ഏതാണെന്ന ആശങ്ക കാരണം സ്ഥിരമായി സിഗ്നലും നോക്കി ഡോറിലും പ്ലാറ്റ് ഫോമിലും യാത്രക്കാർ തിരക്ക് കൂട്ടുന്നത് പതിവാണെന്നും യാത്രക്കാരുടെ ഓട്ടത്തിന് പിന്നിൽ റെയിൽവേയുടെ അനാസ്ഥയാണെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ്. ജെ അഭിപ്രായപ്പെട്ടു.
