തിരുവനന്തപുരം : അയ്യങ്കാളി ഹാൾ – ഫ്ലൈ ഓവർ റോഡ് മാനവീയം റോഡ് മാതൃകയിൽ നവീകരിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
പുതിയതായി നിർമിക്കുന്ന പദ്ധതികൾ 4 മേഖലകളായി തിരിച്ച് രാത്രി ജീവിതത്തിന് (നൈറ്റ് ലൈഫ്) ഉതകുന്ന രീതിയിൽ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡ് ഫണ്ട് ബോർഡ് നിർമിക്കുന്ന റോഡുകൾ നേരിട്ടു വിലയിരുത്തുകയായിരുന്നു മന്ത്രി.യൂണിവേഴ്സിറ്റി കോളജ് ഭാഗം സോൺ 1, 2, അയ്യങ്കാളി ഹാളിന്റെ ഭാഗം സോൺ 3, 4 എന്നിങ്ങനെ തിരിച്ചു വികസിപ്പിക്കും. സോൺ 1 ൽ വഴുക്കൽ ബാധിക്കാത്ത ടൈലുകളും തറയോടും പാകും.
ഇലക്ട്രോണിക് വാഹന ചാർജിങ് സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. സോൺ 2 ൽ മരങ്ങൾക്കു ചുറ്റും ഇരിക്കാനുള്ള സൗകര്യം, ഇരിപ്പിടങ്ങൾ, വീൽചെയർ സൗകര്യം, സ്മാർട് ബസ് ഷെൽറ്റർ, സൈക്കിൾ പോയിന്റ്, സ്മാർട് ശുചിമുറി തുടങ്ങിയവയുണ്ടാകും. സോൺ 3 ൽ മറ്റു രണ്ടു സോണുകളിലുള്ളതിനു പുറമേ ചലനം തിരിച്ചറിയുന്ന ടൈലുകൾ, പർഗോള, മാലിന്യം ഭക്ഷിക്കുന്ന മീനുകളോടു കൂടിയ ഡ്രെയ്നേജ്, ഗാലറി സീറ്റിങ് തുടങ്ങിയവയുമുണ്ടാകും. സോൺ 4 ൽ അധികമായി ട്രാഫിക് ഐലൻഡ്, ലാൻഡ് സ്കേപിങ് തുടങ്ങിയവയുണ്ടാകും.
നിലവിൽ ഈ റോഡിൽ ഓട നിർമാണം, അണ്ടർഗ്രൗണ്ട് പവർ ഡക്ട് സ്ഥാപിക്കൽ, ഇൻസ്പെക്ഷൻ ചേംബറുകളുടെ നിർമാണം, കുടിവെള്ള പൈപ്പുകൾ ഡക്ടുകളിൽ സ്ഥാപിക്കുക, ആർസി ഡക്ടുകളുടെ നിർമാണം, 10.5 മീറ്റർ വീതിയിൽ റോഡ് നവീകരണം തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 1 ന് മുൻപ് നിർമാണം പൂർത്തിയാക്കിയ ശേഷമായിരിക്കും മാനവീയം മാതൃകയിലുള്ള വികസന പദ്ധതികൾ നടപ്പാക്കുകയെന്നു മന്ത്രി പറഞ്ഞു