തിരുവല്ലം : തിരുവല്ലം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കേ യുവാവ് മരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. നെല്ലിയോട് മേലെവീട് ചരുവിള പുത്തൻ വീട്ടിൽ പ്രഭാകരന്റെയും സുധയുടെയും മകൻ സുരേഷ്(40) ആണ് മരിച്ചത്. പേരൂർക്കട സ്വദേശികളായ യുവതിയെയും ഭർത്താവിനെയും ബന്ധുവായ സ്ത്രീയെയും മർദിച്ച കേസിലാണ് സുരേഷ് ഉൾപ്പെട്ട അഞ്ചുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്. കസ്റ്റഡിയിലിരുന്ന യുവാവ് മരിച്ച സംഭവം വിവാദമായതോടെയാണ് തിരുവല്ലം പോലീസ് അന്വേഷിച്ചിരുന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്. തുടർന്നാണ് അസിസ്റ്റൻറ് കമ്മിഷണർ ബി.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവല്ലം പോലീസ് സ്റ്റേഷനിലും സ്ത്രീകളെ ആക്രമിച്ച സംഭവസ്ഥലമായ ജഡ്ജിക്കുന്നിലുമെത്തി തെളിവുകൾ ശേഖരിച്ചത്.
