തിരുവനന്തപുരം : ചുരുങ്ങിയ കാലം കൊണ്ട് യാത്രക്കാരുടെ ജനപ്രിയ സർവ്വീസായ ബഡ്ജറ്റ് ടൂറിസത്തിന്റെ അമ്പത് സർവ്വീസുകൾ ആഘോഷിച്ച് നെയ്യാറ്റിൻകര ഡിപ്പോ. ഇതിന്റെ ആഘോഷവും, ഫോട്ടോ പ്രദർശനവും കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് ഉദ്ഘാടനം ചെയ്തു.
യാത്രാ പ്രേമികൾക്കായി ടൂറിസം വകുപ്പും ഇതര ടൂർ പ്രമോട്ടർമാരുമായി കൈകോർത്ത് അന്തർസംസ്ഥാന -വിദേശ വിനോദയാത്രകൾ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് സിഎംഡി പറഞ്ഞു. പരിസ്ഥിതി സൗഹൃദ യാത്രകൾക്കായി കൂടുതൽ ഇലക്ട്രിക് ബസ് സർവ്വീസുകൾ കെ.എസ്.ആർ.ടി.സി. പ്രോത്സാഹിപ്പിക്കും. എല്ലാഘട്ടങ്ങളിലും കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും വലിയ ശക്തി മലയാളി സമൂഹമാണെന്ന് സി.എം.ഡി. അഭിപ്രായപ്പെട്ടു.
കെ.എസ്.ആർ.ടി.സി ക്ലസ്റ്റർ ഓഫീസർ എസ്. മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ നെയ്യാറ്റിൻകര ബസ്സ്റ്റാന്റിൽ ചേർന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. വിവിധ യാത്രകളുടെ ഭാഗമായി സംഘടിപ്പിച്ച രചനാ മത്സരങ്ങളിലെയും സെൽഫി കോണ്ടസ്റ്റിലെയും വിജയികൾക്ക് നിംസ് മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ സൗത്ത് സോൺ എക്സിക്യുട്ടീവ് ഡയറക്ടർ ജി. അനിൽകുമാർ,ബജറ്റ് ടൂറിസം സെൽ ചീഫ് ട്രാഫിക്ക് മാനേജർ ജേക്കബ്ബ് സാം ലോപ്പസ്, ബജറ്റ് ടൂറിസം സെൽ സ്റ്റേറ്റ് കോ – ഓർഡിനേറ്റർ പ്രശാന്ത് വി, ജില്ലാ കോ – ഓർഡിനേറ്റർ വി.എ.ജയകുമാർ, യൂണിറ്റ് കോ – ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ഫോട്ടോ ക്യാപ്ഷൻ : നെയ്യാറ്റിൻകര യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ” അമ്പതിന്റെ നിറവിൽ ” സി എം ഡി ബിജു പ്രഭാകർ ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു.