തിരുവനന്തപുരം: പണിമുടക്ക് അനുഭാവികള്‍ വാഹനങ്ങള്‍ തടയുകയും പോലീസ് വഴിതിരിച്ചുവിടുകയും ചെയ്ത സംഭവത്തില്‍ പോലീസിനോട് മജിസ്ട്രേറ്റ് വിശദീകരണം തേടി.പേട്ട ജങ്ഷനില്‍ ഒരുവിഭാഗം സമരക്കാര്‍ സ്വകാര്യവാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇതോടെ ചാക്കയില്‍നിന്ന് പേട്ടയിലേക്കു പോകുന്ന വാഹനങ്ങള്‍ ഈഞ്ചക്കല്‍ വഴി പോലീസ് തിരിച്ചുവിട്ടു. ഇതുകണ്ടാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ. അനീസ പേട്ട സി.ഐ.യോട് വിശദീകരണം തേടിയത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. വഞ്ചിയൂര്‍ കോടതിയിലേക്കു പോകാനെത്തിയ മജിസ്‌ട്രേറ്റിനോട്, പ്രകടനം നടക്കുന്നതിനാല്‍ ഈഞ്ചക്കല്‍വഴി പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു.എന്നാല്‍, പേട്ടവഴി മാത്രമേ താന്‍ പോകൂവെന്ന് മജിസ്ട്രേറ്റ് അറിയിച്ചു. മജിസ്ട്രേറ്റിന്റെ വാഹനമായതിനാല്‍ സമരക്കാര്‍ തടഞ്ഞില്ല.
കോടതിയിലെത്തിയ മജിസ്ട്രേറ്റ് പേട്ട എസ്.എച്ച്.ഒ.യെ ഫോണില്‍വിളിച്ച് വിശദീകരണം തേടി. സമരക്കാര്‍ക്ക് സഹായമൊരുക്കാനാണോ പോലീസ് നില്‍ക്കുന്നതെന്നും വാഹനങ്ങള്‍ തടയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ചോദിച്ചു. ഇതോടെ എച്ച്.എച്ച്.ഒ. മജിസ്ട്രേറ്റിനുമുന്നില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കി.സാധാരണഗതിയില്‍ സമരവും പ്രകടനവും ഉണ്ടാകുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നിലടക്കം വാഹനങ്ങള്‍ വഴിതിരിച്ചുവിടാറുണ്ടെന്നും വാഹനങ്ങള്‍ തടഞ്ഞതിനും പൊതുനിരത്തില്‍ സമരം നടത്തിയതിനും 13 ആളുകളുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്നും പേട്ട എസ്.എച്ച്.ഒ. റിയാസ് രാജ അറിയിച്ചു.