തിരുവനന്തപുരം: പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ ഫിലിപൊ ഒസെല്ലയെ കേരളത്തിൽ ഇറങ്ങാൻ അനുവദിക്കാതെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. ഇന്ന് തലസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി ഇന്നലെ തിരുവനന്തപുരത്തെത്തിയപ്പോഴാണ് അദ്ദേഹത്തിന് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ അനുമതി നിഷേധിച്ചത്. തിരുവനന്തപുരത്ത് കൊച്ചി യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയും സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാനാണ് ഇറ്റലിക്കാരനായ ഫിലിപൊ ഇന്നലെ രാവിലെ ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തിയത്. എന്നാൽ എമിഗ്രേഷൻ വിഭാഗത്തിന്റെ എൻട്രി ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ലിസ്റ്റിൽ പേരുള്ളവർക്ക് മാത്രമേ പ്രവേശനാനുമതി ലഭിക്കൂ. തുടർന്നാണ് ഫിലിപൊയെ മടക്കി അയയ്ക്കാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ എന്ത് കാരണത്താലാണ് അദ്ദേഹത്തിന് കേരളത്തിൽ ഇറങ്ങുന്നതിന് അനുമതി നിഷേധിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല.
