മങ്കിപോക്‌സ് അനാവശ്യ ഭീതി വേണ്ട: മന്ത്രി വീണാ ജോര്‍ജ്

IMG_14072022_195232_(1200_x_628_pixel)

 

തിരുവനന്തപുരം: മങ്കിപോക്‌സില്‍ അനാവശ്യ ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവര്‍ക്കും ഈ രോഗത്തെ പറ്റി അവബോധം ഉണ്ടായിരിക്കണം. പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ലഭ്യമാക്കി. എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് സര്‍വയലന്‍സ് ശക്തമാക്കിയിട്ടുണ്ട്. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

 

മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി, ഡെങ്കിപ്പനി ഏറെ ശ്രദ്ധിക്കണം. വലിയ ജാഗ്രത ഉണ്ടായിരിക്കണം. പനി വന്നാല്‍ പാരസെറ്റമോള്‍ കഴിച്ച് വീട്ടിലിരിക്കുന്ന സ്ഥിതി ഉണ്ടാകരുത്. സ്വയം ചികിത്സ പാടില്ല. പനി വന്നാല്‍ ഏത് പനിയാണെന്ന് ഉറപ്പ് വരുത്തണം. ചെള്ളു പനിയ്‌ക്കെതിരെ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെ പരിശോധന നടത്തണം. പകര്‍ച്ചവ്യാധി അവബോധം സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലകള്‍ നടത്തേണ്ടതാണ്. സ്വകാര്യ ആശുപത്രികള്‍ പകര്‍ച്ച വ്യാധികള്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാ സ്വകാര്യ ആശുപത്രികളും ഇത് പാലിക്കേണ്ടതാണ്.

 

കോവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്ന ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം. മരണനിരക്ക് കൂടുതലും പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലുമായതിനാല്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും വാക്‌സിന്‍ കൃത്യസമയത്ത് എടുക്കണം. കരുതല്‍ ഡോസ് വാക്‌സിനേഷനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കാനുള്ളവരും കരുതല്‍ ഡോസ് എടുക്കാനുള്ളവരും സമയബന്ധിതമായി വാക്‌സിന്‍ എടുക്കണം. ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികളും കരുതല്‍ ഡോസ് എടുക്കേണ്ടതാണ്.

 

ജില്ലകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ഊര്‍ജിതമാക്കണം. ഇത് പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ വളരെ പ്രധാനമാണ്. മണ്ണുമായോ മലിന ജലവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ നിര്‍ബന്ധമായി കഴിക്കണം. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പിപി പ്രീത, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!