തിരുവനന്തപുരം: കൊവിഡ് സമയത്ത് ഉപേക്ഷിച്ച റിസർവേഷൻ ഇല്ലാത്ത ജനറൽ കോച്ചുകൾ തിരിച്ചുകൊണ്ടുവന്ന് റെയിൽവെ ഇന്നലെയോടെയാണ് ജനറൽ കോച്ചുകൾ പൂർണ്ണമായും പുനഃസ്ഥാപിച്ചത്. വേണാട്, പരശുറാം, ഇന്റർസിറ്റി, വഞ്ചിനാട് എന്നിവയ്ക്കാണ് കൂടുതൽ ജനറൽ കോച്ചുകൾ അനുവദിച്ചിരിക്കുന്നത്. യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഈ ട്രെയിനുകളെയാണ്.ഇനി വേണാട്, പരശുറാം എക്സ്പ്രസുകളിൽ 15 ജനറൽ കോച്ചുകളിൽ യാത്രക്കാർക്ക് റിസർവേഷൻ കൂടാതെ യാത്ര ചെയ്യാം. ഏഴ് ഘട്ടങ്ങളിലായാണ് കൊവിഡ് കാലത്ത് നിർത്തിയ ജനറൽ കോച്ചുകൾ തിരുച്ചുവന്നത്. ഇതോടെ നേരത്തെയുണ്ടായിരുന്ന യാത്രാ സൗകര്യം പൂർണ്ണമായും പുനഃസഥാപിക്കപ്പെട്ടിരിക്കുകയാണ്. മാർച്ച് 10,16,20, ഏപ്രിൽ 1,16,20, മെയ് 2 തീയതികളിലായാണ് പുനഃസ്ഥാപനം പൂർത്തിയാക്കിയത്.
നാഗർകോവിൽ–മംഗളൂരു ഏറനാട്, കൊച്ചുവേളി–മംഗളൂരു അന്ത്യോദയ, തിരുവനന്തപുരം–മധുര അമൃത, നാഗർകോവിൽ–മംഗളൂരു പരശുറാം, ചെന്നൈ–കൊല്ലം അനന്തപുരി, ചെന്നൈ–കൊല്ലം എക്സ്പ്രസ്, തിരുവനന്തപുരം–ഷൊർണൂർ വേണാട്, തിരുവനന്തപുരം–ഗുരുവായൂർ ഇന്റർസിറ്റി, തിരുവനന്തപുരം–എറണാകുളം വഞ്ചിനാട്, പുനലൂർ–ഗുരുവായൂർ എക്സ്പ്രസ്, നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്, തുടങ്ങിയ ട്രെയിനുകളിലാണ് കൂടുതൽ ജനറൽ കോച്ചുകൾ സ്ഥാപിച്ചിരിക്കുന്നത്.