തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച് സർക്കാർ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള അടിയന്തര പ്രമേയം നിയമസഭ ചർച്ച ചെയ്യുക. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ചർച്ച ചെയ്യുന്ന ആദ്യത്തെ അടിയന്തരപ്രമേയ നോട്ടീസാണിത്. പി.സി. വിഷണുനാഥാണ് വിഷയം ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയത്.
കടുത്ത പാരിസ്ഥതിക നാശവും സാമ്പത്തിക പ്രതിസന്ധിയും പദ്ധതിയിലൂടെയുണ്ടാവും എന്നാണ് അടിയരപ്രമേയ നോട്ടീസിൽ പ്രതിപക്ഷം ആരോപിച്ചത്. നോട്ടീസിന് മറുപടി നൽകുമ്പോൾ വിശദമായ ചർച്ചയ്ക്ക് തയ്യാറാണ് എന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള വിശദമായ ഒരു മറുപടി പ്രസംഗം മുഖ്യമന്ത്രിയിൽ നിന്നുണ്ടാവും.