വെഞ്ഞാറമൂട് :ടിപ്പർ ലോറിയിൽ ഓട്ടം പോകുന്നതിനായി ക്വാറിയിലേക്കു ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ, സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി ഇടിച്ച് യുവാവ് മരിച്ചു.
കല്ലറ മരുതമൺ ആയിരവില്ലിക്കോണം കാവുവിള വീട്ടിൽ അനിൽകുമാറിന്റെയും ലളിതകുമാരിയുടെയും മകൻ അനീഷ് (അരുൺകുമാർ– 31) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6ന് വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ ചുള്ളാളം ജംക്‌ഷനും അഞ്ചാംകല്ല് ജംക്‌ഷനും ഇടയിലെ വളവിലാണ് അപകടം. ടിപ്പർ ലോറി ഡ്രൈവറായ അനീഷ്, ക്വാറിയിൽനിന്നു ലോറി എടുക്കാനായി കല്ലറയിൽനിന്നും മരുതുംമൂട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
വളവിനു സമീപം, സുഹൃത്തായ ഡ്രൈവർ ടിപ്പറിൽ എതിരെ വന്നത് കണ്ടതോടെ അനീഷ് കൈ ഉയർത്തി കാട്ടി. ഇതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലോറിക്ക് അടിയിൽപെട്ട അനീഷ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അനീഷിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.

