തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ ഏഴുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍.
2017 ഏപ്രില്‍ 2 ന് ജയമാധവന്‍ കൊല്ലപ്പെട്ട കേസില്‍ കാര്യസ്ഥനായിരുന്ന രവീന്ദ്രന് നായരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജയമാധവന്റെ മരണം കൊലപാതകമാണെന്ന് 2021 ല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്ന് കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കോടതി ജീവനക്കാരനായ രവീന്ദ്രന് നായരെ അറസ്റ്റ് ചെയ്തത്. സ്വത്തു തട്ടിയെടുക്കാന്‍ വേണ്ടി നടത്തിയ കൊലപാതകമാണിതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കെട്ടിക്കിടക്കുന്ന കേസുകള്‍ പൊടിതട്ടിയെടുത്തു വീണ്ടും അന്വേഷിക്കുന്നതിന്റെ ഭാഗമായാണു നടപടി. ബ്രെയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള ഫൊറന്‍സിക് പരിശോധനകള്‍ നടത്തിയതിനു ശേഷമാണ് അന്വേഷണസംഘം അറസ്റ്റിലേക്കു കടന്നത്.
ജയമാധവന്‍ സ്വത്തുക്കള്‍ രവീന്ദ്രന് നായര്‍ക്കു നല്‍കിയതായി വില്പത്രം തയാറാക്കിയിരുന്നു. ഇതിനുശേഷം ജയമാധവന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ വില്പത്രം റദ്ദാകുമെന്ന ആശങ്കയില്‍ ഇയാളെ ഇല്ലാതാക്കാന്‍ പ്രതി തീരുമാനിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

