തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസ്,വെട്ടുകാട് തിരുനാൾ എന്നിവ പ്രമാണിച്ച് ഇരു ആരാധനാലയങ്ങളിലേക്കും കെ.എസ്.ആർ.ടി.സി 45 സ്‌പെഷ്യൽ സർവീസുകൾ നടത്തുമെന്ന് മന്ത്രി സി.പി ജോൺ പറഞ്ഞു.
ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തൈക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബീമാപ്പള്ളിയിലേക്ക് 20 ബസുകൾ സർവീസ് നടത്തും.കഴിഞ്ഞവർഷം 14 സർവീസുകളാണ് നടത്തിയിരുന്നത്.വെട്ടുകാട് പള്ളിയിലേക്ക് ഇക്കുറി 25 സ്‌പെഷ്യൽ സർവീസുണ്ടാകും.കഴിഞ്ഞവർഷം 18 സർവീസാണുണ്ടായിരുന്നത്.
കിഴക്കേക്കോട്ട,ഈഞ്ചയ്ക്കൽ,വള്ളക്കടവ്,കല്ലുമൂട് എന്നീ റൂട്ടുകളിലൂടെയാണ് ബീമാപ്പള്ളിയിലേക്ക് സർവീസ്.കിഴക്കേക്കോട്ട,പാളയം,വലിയതുറ റൂട്ടുകളിലൂടെയാണ് വെട്ടുകാട് പള്ളിയിലേക്ക് സർവീസ്.ബീമാപ്പള്ളിയിലും വെട്ടുകാട് പള്ളിയിലും താത്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫീസും സജ്ജീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

