തിരുവനന്തപുരം:അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്നതിനുള്ള പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി ജില്ലയിൽ നാളെ (നവംബർ 22) നടക്കും. ഇതിനായി 2,179 ബൂത്തുകൾ സജ്ജമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലായി 2,121 ബൂത്തുകളും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലായി 45 ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കും. അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 13 മൊബൈൽ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
സാധാരണ ബൂത്തുകൾ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രവർത്തിക്കുക. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകളിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ തുള്ളിമരുന്ന് ലഭിക്കും.
നവംബർ 23, 24 തീയതികളിൽ ആരോഗ്യപ്രവർത്തകർ ഭവനസന്ദർശനം നടത്തി 5 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.

