തിരുവനന്തപുരം: ട്രെയിനിനുള്ളിൽ വീണ്ടും ലൈംഗികാതിക്രമം. രാജ്യറാണി എക്സ്പ്രസിൽ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
പെൺകുട്ടിയുടെ പരാതിയിൽ വർക്കല ഇടവ സ്വദേശി അരവിന്ദിനെ (22) റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.
വയനാട്ടിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന അരവിന്ദ് സ്ഥലംമാറ്റം ലഭിച്ച് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്നു. ട്രെയിനിലെ ടോയ്ലറ്റിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയോട് പ്രതി മോശമായി പെരുമാറിയെന്നാണ് പരാതി.
പെൺകുട്ടി ബഹളം വച്ചതിന് പിന്നാലെ ട്രെയിനിലുണ്ടായിരുന്ന കുടുംബാംഗങ്ങളും മറ്റ് യാത്രക്കാരും ചേർന്ന് യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
നവംബർ ആദ്യവാരവും തിരുവനന്തപുരത്ത് ട്രെയിനിനുള്ളിൽ മറ്റൊരു യുവതി ലൈംഗികാതിക്രമം നേരിട്ടിരുന്നു.

