തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി ലോകം പുതുവർഷം പുലർന്നു . ഒമിക്രോൺ വ്യാപന സാഹചര്യം കണക്കിലെടുത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതിനാൽ സംസ്ഥാനത്ത് പുതുവർഷാഘോഷത്തിന് കടിഞ്ഞാൺ വീണു. വലിയ പുതുവർഷാഘോഷങ്ങൾ നടന്നിരുന്ന തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഫോർട്ട് കൊച്ചി, കോഴിക്കോട് ബീച്ച്, കോവളം തുടങ്ങിയ ഇടങ്ങളെല്ലാം രാത്രി ഒമ്പതോടെ തന്നെ ശൂന്യമായി.
കോവളം അടക്കമുള്ള ബീച്ചുകളില്‍ ആളുകളെ നേരത്തെ തന്നെ ഒഴിപ്പിച്ചു.
ആള്‍ക്കൂട്ടം പാടില്ലെന്നും എട്ട് മണിക്ക് എല്ലാവരും തിരികെ പോവണമെന്നും കോവളത്ത് പൊലീസ് അനൌണ്‍സ്മെന്‍റുണ്ടായിരുന്നു. കോവളം ബീച്ചിലെ ആഘോഷം എട്ടരയോടെ അവസാനിപ്പിക്കാനാണ് പൊലീസ് നിർദ്ദേശിച്ചത്. നഗരത്തിൽ പലയിടത്തും രാത്രി പത്ത് മണിയോടെ പൊലീസ് പരിശോധന കർശനമാക്കി.