തിരുവനന്തപുരം: കിള്ളിപ്പാലം– ആറ്റുകാൽ ബണ്ട് റോഡിലെ ആക്രിക്കടയിലുണ്ടായ വൻ തീപിടിത്തം മണിക്കൂറുകളോളം ആശങ്ക പരത്തി. കടയാകെ ചാമ്പലാക്കി ആളിപ്പടർന്ന തീയിൽ സമീപത്തെ 3 വീടുകൾക്കു സാരമായ കേടു പറ്റി. ആളപായമില്ല. 20 ഫയർ ഫോഴ്സ് യൂണിറ്റുകൾ മൂന്നര മണിക്കൂർ പണിപ്പെട്ടാണു തീ അണച്ചത്. ദേശീയ പാതയിൽ നിന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്കുളള റോഡിലെ കടയിലാണു രാവിലെ 11.30 ന് തീപിടിത്തമുണ്ടായത്.
വൈദ്യുതി കമ്പിയിൽ നിന്നു തീപ്പൊരി വീണതാണെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മിനിറ്റുകൾക്കകം തീ ആളിപ്പടർന്നു. ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിൽ നിന്നെത്തിയ ആദ്യ യൂണിറ്റിനു തീ നിയന്ത്രിക്കാനായില്ല. പാഴ്‌വസ്തുക്കൾ കത്തിയുണ്ടായ പുക പ്രദേശമാകെ വ്യാപിച്ചു. തീ പടർന്ന് ഒട്ടേറെ വൃക്ഷങ്ങൾ കത്തിക്കരിഞ്ഞു. ജനവാസ മേഖലയായതിനാൽ ആളുകളെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായി.തമിഴ്നാട് സ്വദേശി ചിദംബരത്തിന്റെ വസ്തുവിൽ പൂന്തുറ സ്വദേശി സുൾഫിക്കറാണ് ആക്രിക്കട നടത്തിയിരുന്നത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടിത്തം സംബന്ധിച്ചു വിശദമായ അന്വേഷണം തുടങ്ങി.