വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മേൽപ്പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഏപ്രിലിൽ ആരംഭിക്കും. ടെൻഡർ നടപടികൾ ജനുവരി അവസാനത്തോടെ പൂർത്തിയാകും.കരാർ എടുക്കുന്ന കമ്പനി ഏപ്രിലോടെ നിർമാണപ്രവർത്തങ്ങൾ ആരംഭിക്കുമെന്ന് ഡി.കെ.മുരളി എം.എൽ.എ. പറഞ്ഞു. 27.49 കോടിയുടേതാണ് പദ്ധതി. ലീല രവി ആശുപത്രിക്കു മുന്നിൽനിന്ന് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന്റെ മുൻവശം വരെ 430 മീറ്റർ നീളത്തിലും എട്ടുമീറ്റർ വീതിയിലും 6.9 മീറ്റർ ഉയരത്തിലുമാണ് മേൽപ്പാലം നിർമിക്കുക. 13 തൂണുകളാണ് മേൽപ്പാലത്തിനുണ്ടാവുക. ഇതിനു പുറമേ ഇരുവശത്തേക്കും സർവീസ് റോഡും ഉണ്ടാകും.
മേൽപ്പാലത്തിന്റെ അടിയിൽ പാർക്കിങ്ങും ക്രമീകരിക്കും. മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ വെഞ്ഞാറമൂടിനു മുഖച്ഛായ തന്നെ മാറുമെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങൾ നീണ്ട നാട്ടുകാരുടെ ആവശ്യമാണ് മേൽപ്പാലം വേണമെന്നുള്ളത്. ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന ഇതുവഴിയുള്ള ഗതാഗതക്കുരുക്കിനു മേൽപ്പാലം നിർമിക്കുന്നതോടെ പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.