നെയ്യാറ്റിൻകര: മരണവീട്ടിൽ കയറി പൊലീസ് അതിക്രമം കാണിച്ചതായി പരാതി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി മധുവിന്റെ വീട്ടിലാണ് പൊലീസ് കയറി അതിക്രമം കാണിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. നെയ്യാറ്റിൻകരയിലെ ഒരു ക്ഷേത്രത്തിലെ ഘോഷയാത്ര കടന്ന് പോകുന്നതിനിടെ മധുവും മകൻ അരവിന്ദും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇവരെ പിടിക്കാനായി മധുവിൻ്റെ ഭാര്യ വീട്ടിൽ കയറി പൊലീസ് അതിക്രമം കാണിച്ചുവെന്നാണ് പരാതി.
മധുവിന്റെ ഭാര്യയുടെ അമ്മ രണ്ട് ദിവസം മുമ്പാണ് മരിച്ചത്. അതിനാൽ മധുവും കുടുംബവും ഈ വീട്ടിലാണുണ്ടായിരുന്നത്. വീട്ടിലെത്തിയ സംഘം അരവിന്ദിനെ കസ്റ്റഡിയിലെടുത്താണ് മടങ്ങിയത്. അതേസമയം വീട്ടിനുള്ളിൽ അതിക്രമം കാണിച്ചെന്ന ആരോപണം നെയ്യാറ്റിൻകര ഡിവൈഎസ്പി നിഷേധിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയും കല്ലെടുത്ത് തലയ്ക്ക് അടിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് അരവിന്ദെന്നും ഇയാളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റതാണെന്നും ഡിവൈഎസ്പി പറഞ്ഞു