തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈമാസം 28ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി 20യുടെ ടിക്കറ്റ് വിൽപ്പന തുടങ്ങി. 1500 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക്. ഇരു ടീമുകളും തിങ്കളാഴ്‌ച തിരുവനന്തപുരത്തെത്തും. അപ്പര്‍ ടയര്‍ ടിക്കറ്റിന് 1500 രൂപ, വിദ്യാര്‍ത്ഥികൾക്ക് 750 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. വിദ്യാര്‍ത്ഥികൾക്കുള്ള ടിക്കറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾ വഴി മാത്രമായിരിക്കും ലഭ്യം. 50 ശതമാനം ഇളവിൽ ടിക്കറ്റ് ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിക്കണം. പവിലിയന് 2750 രൂപ നൽകണം. കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണം അടക്കം 6000 രൂപ നൽകണം. പേടിഎം ഇൻസൈഡര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു മെയിൽ ഐഡിയിൽ നിന്ന് മൂന്ന് ടിക്കറ്റ് എടുക്കാം. ടിക്കറ്റ് വില്‍പനയ്ക്ക് അക്ഷയ കേന്ദ്രങ്ങളുമായി കെസിഎ ധാരണയിലെത്തി.
