വിജയദശമി ഒരുക്കങ്ങളായി; നാളെ വിദ്യാരംഭം

IMG_20220929_201100_(1200_x_628_pixel)

തിരുവനന്തപുരം:  അക്ഷരദേവതയുടെ അനുഗ്രഹകടാക്ഷം പ്രാർഥിക്കുന്ന വിജയദശമി ആഘോഷം നാളെ. പൂജയെടുപ്പും കുട്ടികൾക്ക് വിദ്യാരംഭവുമായി വിജയദശമി ആഘോഷിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇക്കുറി എല്ലാ ക്ഷേത്രങ്ങളിലും നവരാത്രി ദർശനത്തിന് ഭക്തരുടെ തിരക്കുണ്ടായിരുന്നു.വിദ്യാരംഭം നടക്കുന്ന ബുധനാഴ്ചയും വൻതിരക്കാണ് പ്രതീക്ഷിക്കുന്നത്. നവരാത്രി മണ്ഡപത്തിലും പൂജപ്പുര സരസ്വതിമണ്ഡപത്തിലും കുരുന്നുകളെ എഴുത്തിനിരുത്തും.

 

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസന്റെ നടയിൽ കുട്ടികളെ എഴുത്തിനിരുത്തും. ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഗാന്ധാരിഅമ്മൻ കോവിൽ, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിൽ പൂജവയ്പും വിദ്യാരംഭവും നടക്കും.നഗരത്തിന് പുറത്തുള്ള ശിവഗിരിമഠം, അരുവിപ്പുറം മഠം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം എന്നിവിടങ്ങളിലും നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാറശ്ശാല മഹാദേവക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും പൂജവയ്പിനും വിദ്യാരംഭത്തിനും ഒരുക്കങ്ങൾ പൂർത്തിയായി.

ബുധനാഴ്ച പൂജയെടുപ്പിനു ശേഷം ആര്യശാല ക്ഷേത്രത്തിൽ നിന്ന് വേളിമല കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും.കരമനയിൽ നിന്നും രാവിലെ 9-ന് ഘോഷയാത്രയെ സ്വീകരിച്ച് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുടിയിരുത്തും. തുടർന്ന് കാവടി ഘോഷയാത്ര ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട് സരസ്വതി മണ്ഡപത്തിലെത്തും. ഉച്ചയ്ക്ക് 2-ന് കാവടി അഭിഷേകം. വൈകീട്ട് 4.30-ന് പള്ളിവേട്ടയ്ക്ക് ശേഷം കുമാരസ്വാമിയെ തിരിച്ചെഴുന്നള്ളിക്കും.സന്ധ്യകഴിഞ്ഞ് ചെന്തിട്ടയിൽ നിന്നു മുന്നൂറ്റിനങ്കയെയും കുമാരസ്വാമിയെയും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിന് മുന്നിലേക്ക് എഴുന്നള്ളിക്കും. അവിടെ രാജകുടുംബത്തിന്റെ സ്വീകരണം, കാണിക്ക സമർപ്പണം എന്നിവയ്ക്ക് ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് മടക്കി കൊണ്ടുപോകും. വ്യാഴാഴ്ച വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. വെള്ളിയാഴ്ച രാവിലെ നവരാത്രി വിഗ്രഹങ്ങൾ മാതൃക്ഷേത്രസ്ഥലമായ പദ്മനാഭപുരത്തേക്ക് മടക്കയാത്ര ആരംഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular