Search
Close this search box.

കോവിഡ് കുറഞ്ഞെങ്കിലും കൈകഴുകാന്‍ മറക്കരുത്: മന്ത്രി വീണാ ജോര്‍ജ്

1389307-veena-george

 

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സോപ്പുപയോഗിച്ച് കൈ കഴുകുക എന്നിവ. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും. കൈകഴുകല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാര്‍ഗമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകള്‍ നന്നായി തേച്ചുരച്ച് കഴുകുന്നത് ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു.

 

എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 15 അന്താരാഷ്ട്ര കൈകഴുകല്‍ ദിനമായി ആചരിച്ചു വരുന്നു. ‘കൈകളുടെ ശുചിത്വത്തിനായി പ്രായഭേദമന്യേ നമുക്കൊരുമിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ദിനാചരണത്തിന്റെ ഭാഗമായി മറ്റു ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം സംസ്ഥാനത്തെ അംഗന്‍വാടികളിലും സ്‌കൂളുകളിലും ക്ലാസുകളും സംഘടിപ്പിക്കുന്നു.

 

*കൈകഴുകാം രോഗങ്ങളെ തടയാം*

 

കൊവിഡിന് പുറമെ ജലജന്യ രോഗങ്ങളായ വയറിളക്കം, ഇ-കോളി, ടൈഫോയിഡ്, ഷിഗല്ല, ഹെപ്പറ്റൈറ്റിസ് എ&ഇ, നോറോ വൈറസ് തുടങ്ങിയവ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, വിരകള്‍ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതില്‍ കൈകഴുകലിന് വലിയ പങ്കുണ്ട്. കൈകള്‍ സ്ഥിരമായി കഴുകുന്നതിലൂടെ വയറിളക്കം മൂലം രോഗബാധിതരാകുന്ന ആളുകളുടെ ശതമാനം 23 മുതല്‍ 40 വരെയും ശ്വാസകോശ രോഗങ്ങള്‍ 16 മുതല്‍ 25 ശതമാനം വരെയും കുട്ടികളിലെ ഉദരരോഗങ്ങള്‍ 29 മുതല്‍ 57 ശതമാനം വരെയും കുറയ്ക്കാം. ലോകത്ത് ഏകദേശം 1.8 മില്യണ്‍ കുട്ടികള്‍ വയറിളക്കവും ന്യുമോണിയയും മൂലം മരിക്കുന്നു. കൈകള്‍ ശുചിയാക്കുന്നത് മൂന്നിലൊന്ന് കുട്ടികളെ വയറിളക്കത്തില്‍ നിന്നും അഞ്ചിലൊന്ന് കുട്ടികളെ ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

 

*സോപ്പുപയോഗിച്ച് കൈ കഴുകണം*

 

വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അതിനാല്‍ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം.

 

*നിര്‍ബന്ധമായും കൈകള്‍ കഴുകേണ്ടത് എപ്പോഴെല്ലാം?*

 

· ഭക്ഷണം പാകം ചെയ്യുന്നതിനു മുന്‍പും ശേഷവും

· ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും

· യാത്രയ്ക്ക് ശേഷം വീട്ടിലെത്തുമ്പോള്‍

· രോഗികളെ പരിചരിക്കുന്നതിനു മുന്‍പും ശേഷവും

· മുറിവുണ്ടായാല്‍ അത് പരിചരിക്കുന്നതിനു മുന്‍പും ശേഷവും

· കുഞ്ഞുങ്ങളുടെയും കിടപ്പുരോഗികളുടെയും ഡയപ്പര്‍ മാറ്റിയ ശേഷം

· മലമൂത്ര വിസര്‍ജ്ജനം ചെയ്ത കുഞ്ഞുങ്ങളെ വൃത്തിയാക്കിയതിനു ശേഷം

· ശുചിമുറി ഉപയോഗിച്ചതിനു ശേഷം

· മൃഗങ്ങളെ പരിപാലിക്കുക, അവയുടെ കൂട്, പാത്രം എന്നിവ കൈകാര്യം ചെയ്തതിന് ശേഷം

· മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിന് ശേഷം

· കൈ ഉപയോഗിച്ച് മൂക്കും വായയും മൂടി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു ശേഷം

 

ഇങ്ങനെ സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി കൈ കഴുകുന്നതിലൂടെ രോഗ പ്രതിരോധം ശക്തമാക്കാനാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!