അയിരൂർ ബാബു കൊലക്കേസ്; ഒന്നാം പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 50000 രൂപ പിഴയും

IMG_20221031_210202_(1200_x_628_pixel)

 

തിരുവനന്തപുരം: ലോട്ടറി ക്കച്ചവടം നടത്തിയിരുന്ന അയിരൂർ ഇലകമൺ ദേശത്ത് പാണിൽ കോളനി ഒലിപ്പുവിള വീട്ടിൽ ബാബുവിനെ(58) തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയെ ‘മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക്’ അഞ്ച് വർഷം കഠിന തടവിനും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു. പിഴ ഒടുക്കിയില്ലങ്കിൽ 6 മാസം കൂടി അധിക തടവ് അനുഭവിക്കണം.പിഴ ഒടുക്കിയാൽ തുക മരണപ്പെട്ട ബാബുവിൻ്റെ ആശ്രിതർക്ക് നൽകാനും കോടതി ഉത്തരവിട്ടു.

നെയ്യാറ്റിൻകര, പെരുമ്പഴുതൂർ മൊട്ടക്കാട് കോളനിയിൽ അനിൽ മകൻ വിജയ് എന്ന് വിളിക്കുന്ന ബിജോയ് (25)നെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു ശിക്ഷിച്ചത്. കേസിലെ രണ്ടും,മൂന്നും പ്രതികളായ ഇലകമൺ പാണിൽ ലക്ഷം വീട് കോളനിയിൽ താമസക്കാരായ മാധവൻ മകൻ ഉണ്ണി എന്ന് വിളിക്കുന്ന സൈജു (32) രാജേന്ദ്രൻ മകൻ കണ്ണൻ എന്ന് വിളിക്കുന്ന സജീവ് (22) എന്നിവരെ മതിയായ തെളിവില്ലാത്തത് കാരണം കോടതി വെറുതെ വിട്ടു.

23-1-2015 ലായിരുന്നു കൃത്യത്തിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതി , പാണിൽ കോളനിയിയിലെ പൊതു ടാപ്പിൽ നിന്നും ഉടുതുണിയില്ലാതെ കുളിച്ചത് പറഞ്ഞ് വിലക്കിയതാണ് കൊലക്കുള്ള വിരോധ കാരണം. കൃത്യദിവസം രാത്രി 9 മണിക്ക് പ്രതികൾ പൊതു ടാപ്പ് പരിസരത്ത് വരുകയും രണ്ടാം പ്രതി ഉണ്ണി ഉടുതുണിയില്ലാതെ കുളിക്കുന്നത് കേസിലെ പ്രധാന സാക്ഷിയായ മോഹനനും,കൊല്ലപ്പെട്ട ബാബുവും ഉൾപ്പെടെയുള്ള കോളനി നിവാസികൾ ചോദ്യം ചെയ്തു.കോളനി നിവാസികളും പ്രതികളും തമ്മിലുള്ള വാക്കേറ്റത്തിനിടെ ചെണ്ട മുറുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് ഒന്നാം പ്രതി ബിജോയ്, സാക്ഷി മോഹനൻ്റെ തലക്കടിച്ചത് പിടിച്ച് മാറ്റാൻ ശ്രമിച്ച ബാബുവിൻ്റെ തലയിൽ കൊള്ളുകയായിരുന്നു. സ്ഥലത്ത് കുഴഞ്ഞ് വീണ ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും ചികിത്സയിരിക്കേ മരണപ്പെട്ടു.ബാബുവിൻ്റെ മകൾ മിനിമോൾ, മോഹനൻ എന്നിവരായിരുന്നു ദൃക്സാക്ഷികൾ.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, അഡ്വ.ദീപ വിശ്വനാഥ്, അഡ്വ: വിനു മുരളി,അഡ്വ:മോഹിത മോഹൻ, അഡ്വ. തുഷാര രാജേഷ് എന്നിവർ കോടതിയിൽ ഹാജരായി. 16 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 17 രേഖകളും, തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.വർക്കല പോലീസ് സർക്കിൾ ഇൻസ്പക്ടറായിരുന്ന ബി.വിനോദാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.

പ്രതികൾ ചെയ്ത കുറ്റത്തിൻ്റെ കാഠിന്യം അനുസരിച്ചുള്ളതല്ലാ ശിക്ഷാവിധി എന്നും ഉചിതമായ ശിക്ഷ കുറ്റവാളികൾക്ക് നൽകിയില്ലെങ്കിൽ കോടതി തൻ്റെ കർത്തവ്യം നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വേണം കരുതാനെന്ന് ശിക്ഷയിൻമേലുള്ള വാദത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ പറഞ്ഞു. കൊലപാതകത്തിന് പകരം കുറ്റകരമായ നരഹത്യ ആണെന്ന് കണ്ടെത്തിയ വിചാരണ കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular