തിരുവനന്തപുരം: സര്‍ക്കാരിന്റെ ‘ലഹരി മുക്ത കേരളം’ കാമ്പയിന്റെ ഭാഗമായി സംസ്ഥാന വനിത വികസന കോര്പ്പറേഷന് കീഴില്‍ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലും ലഹരി വിരുദ്ധ ഫ്ളാഷ് മോബുകള്‍ സംഘടിപ്പിച്ചു. 14 ജില്ലകളിലെ 42 കേന്ദ്രങ്ങളില്‍ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിന് മുന്‍വശത്ത് നടന്ന സംസ്ഥാനതല ഫ്ളാഷ് മോബില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി.
തിരുവനന്തപുരത്ത് ആള് സെയിന്റ്സ് കോളേജ് വിദ്യാര്‍ത്ഥിനികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിത വികസന കോര്പ്പറേഷന് വിവിധ കര്‍മ്മ പരിപാടികളാണ് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മിത്ര 181 ഹെല്പ് ലൈനില്‍ ലഹരിക്ക് അടിമപ്പെട്ട വനിതകള്‍ക്കും, അവരുടെ സ്ത്രീകളായ ബന്ധുക്കള്‍ക്കും കൗണ്‍സലിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോര്‍പ്പറേഷന്റെ വിമന്‍ സെല്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 100 കോളേജുകളില്‍ കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി ബോധവത്കരണ പരിപാടികള്‍ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.
വനിത വികസന കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ വിസി ബിന്ദു, ആള് സെയിന്റ്സ് കോളേജ് വിമന്‍സ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സോണിയ ജെ. നായര്‍ എന്നിവര്‍ പങ്കെടുത്തു.