തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങള്‍ നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ ഏജന്‍സികള്‍ തമ്മില്‍ ഏകോപനം ഉറപ്പാക്കുന്നതിനുമായി നവംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് തിരുവനന്തപുരത്ത് മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. ഇത്രയും വിപുലമായ മോക്ക് ഡ്രില്‍ കേരളത്തില്‍ നടക്കുന്നത് ആദ്യമായാണ്.
ഓരോ വര്‍ഷവും വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന മോക്ക് ഡ്രില്ലിന് ഇക്കൊല്ലം വേദിയാകുന്നത് തിരുവനന്തപുരമാണ്. തിരുവനന്തപുരം നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും തന്ത്രപ്രധാനമായ വിവിധ കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രില്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 400ല്‍ പരം എന്‍.എസ്.ജി കമാണ്ടോകളും മോക്ക് ഡ്രില്ലില്‍ പങ്കെടുക്കും.
പോലീസ് ആസ്ഥാനത്ത് ഇന്നുചേര്‍ന്ന ഉന്നതതലയോഗം മോക്ക് ഡ്രില്ലിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. എന്‍.എസ്.ജി യിലെയും ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളിലെയും മുതിര്‍ന്ന ഓഫീസര്‍മാര്‍ പങ്കെടുത്തു.