തിരുവനന്തപുരം: കടലിൽ കുളിക്കവെ തിരയിൽ പെട്ട സ്വകാര്യ ഹോട്ടലിലെ ലൈഫ് ഗാർഡിനെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി. കടലിൽ ശക്തമായ തിരയിൽപ്പെട്ടതിനെ തുടർന്ന് കരയ്ക്ക് കയറാനുള്ള ശ്രമം പരാജയപ്പെട്ട് തിര മുറിച്ച് കടക്കാനാകാതെ ഏറെ നേരം നീന്തിത്തളർന്ന അടിമലത്തുറ സ്വദേശി സേവ്യർ (33) നെയാണ് വിഴിഞ്ഞം തീരദേശ പൊലീസും മത്സ്യതൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആഴിമല തീരത്തായിരുന്നു സംഭവം.
ആഴിമല ഭാഗത്ത് ഒരാൾ കടലിൽ അകപ്പെട്ടെന്ന വിവരം നാട്ടുകാരാണ് വിഴിഞ്ഞം കോസ്റ്റൽ സി.ഐ. കെ. പ്രദീപിനെ അറിയിച്ചത്. സ്വന്തമായി ബോട്ടില്ലാത്ത തീരദേശ പൊലീസ് കടൽ ക്ഷോഭം വക വയ്ക്കാതെ സമീപത്തുണ്ടായിരുന്ന മത്സ്യബന്ധന ബോട്ടുമായി പാഞ്ഞ് എത്തി തിരയിൽപ്പെട്ട് നീന്തിത്തളർന്ന യുവാവിനെ കഠിന ശ്രമം നടത്തിയാണ് രക്ഷപ്പെടുത്തിയത്.
വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സേവ്യറിനെ അച്ഛൻ രത്നത്തിനോടൊപ്പം വീട്ടിലേക്ക് അയച്ചു. കോസ്റ്റൽ സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് കുമാർ , കോസ്റ്റൽ വാർഡന്മാരായ തദയൂസ്, സൂസ, കിരൺ,സിൽവസ്റ്റർ, മത്സ്യ തൊഴിലാളികളായ ജെയിംസ്, സുധീർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഒരു സ്വകാര്യ റിസോർട്ടിലെ ലൈഫ് ഗാർഡായി സേവനം ചെയ്യുകയാണ് സേവ്യർ.