അണ്ടൂർക്കോണം :കലകളുടെ സംരക്ഷണവും പ്രോത്സാഹനവും ലക്ഷ്യമിട്ട് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ‘കലാഗ്രാമം’ പദ്ധതി
ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ആലുംമൂട് ഗവ.എൽ.പി.സ്കൂൾ കേന്ദ്രമാക്കി ശനി, ഞായർ ദിവസങ്ങളിലാണ് കലാപരിശീലന കേന്ദ്രം പ്രവർത്തിക്കുക .
കുട്ടികൾക്കും മുതിന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭരതനാട്യം, കേരളനടനം, കുച്ചുപ്പുടി തിരുവാതിര, നാടോടിനൃത്തം, സംഗീതം,നാടകം, ചെണ്ട, ദഫ്‌മുട്ട്, വിൽപ്പാട്ട്, കോൽക്കളി, ചിത്രരചന തുടങ്ങിയ ഇനങ്ങളിലാകും പരിശീലനം. പഞ്ചായത്തിലെ പ്രശസ്തരായ പാരമ്പര്യ കലാകാരന്മാരുടെ സഹായത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ മേൽനോട്ടത്തിനായി ഒൻപത് അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി.