തിരുവനന്തപുരം: കാമുകനൊപ്പം ചേര്‍ന്ന് ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം ചേര്‍ത്ത് നല്‍കിയെന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര പോലീസാണ് കേസെടുത്തത്. സംഭവത്തില്‍ പാറശ്ശാല പോലീസിന് ആദ്യം പരാതി നല്‍കിയെങ്കിലും കേസെടുക്കാനോ അന്വേഷണത്തിനോ തയ്യാറായിരുന്നില്ല. പാറശ്ശാലയില്‍ ഷാരോണ്‍ എന്ന യുവാവിന് കാമുകി കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവമുണ്ടായതിന് പിന്നാലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ സുധീര്‍ വീണ്ടും പരാതി ഉന്നയിക്കുകയായിരുന്നു. 2018 ജൂലായിലാണ് തന്നെ കൊലപ്പെടുത്താന്‍ ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം നല്‍കിയതെന്നാണ് പരാതി.
ഒരിക്കൽ ഹോർലിക്‌സ് കുടിച്ചതിന് ശേഷം സുധീറിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. അന്ന് ഭാര്യ ശാന്തി സുധീറിന്റെ വീട്ടിലുണ്ടായിരുന്നു. തലവേദനയും ദേഹാസ്വാസ്ഥ്യവും തോന്നിയ സുധീർ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യ സ്ഥിതി വളഷായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറേണ്ടി വന്നു. മൂന്ന് ദിവസം വെന്റിലേറ്ററിൽ കിടന്നിരുന്നതായും സുധീർ പറയുന്നു.തന്നെ കൊല്ലാനായി വിഷവും മറ്റു ഉപകരണങ്ങളും കാമുകൻ മുരുകൻ കൊറിയറായി തമിഴ്‌നാട്ടിൽ നിന്നും യുവതിക്ക് അയച്ച് നൽകിയതാണെന്നും സുധീർ ആരോപിക്കുന്നു.