പാങ്ങോട്: കല്ലറയിൽ പൊലീസിനേയും ഡോക്ടറേയും ആശുപത്രിയിലെ വനിതാ ജീവനക്കാരേയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന് സൈനികനെ അറസ്റ്റ് ചെയ്തു. കല്ലറ പാങ്ങോട് സ്വദേശി വിമലിനെയാണ് അറസ്റ്റ് ചെയ്തത്. വിമലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പൊലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട് ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ ചങ്ങറയിൽ നിന്നാണ് വിമലിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പത്ത് മണിയ്ക്ക് കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ കാലിലെ മുറിവിന് ചികിത്സയ്ക്കെത്തിയപ്പോഴായിരുന്നു വിമൽ വേണുവിന്‍റെ അതിക്രമം. മുറിവ് അപകടത്തിലുണ്ടായതാണോ അടിപിടിയിലുണ്ടായതാണോയെന്ന് ഡോക്ടറും ജീവനക്കാരും ചോദിച്ചതിന് പിന്നാലെയായിരുന്നു അസഭ്യവര്‍ഷം. ഡോക്ടര്‍ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. ആശുപത്രി അധികൃതര്‍ അറിയിച്ചതിന് പിന്നാലെയെത്തിയ രണ്ട് പൊലീസുകാരെയും വിമൽ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.