മെഷീനില്‍ കൈ ചതഞ്ഞരഞ്ഞു; അതിഥിത്തൊഴിലാളിയ്ക്ക് പുതുജന്മമേകി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍

Medical_college_Gate_Thiruvananthapuram

 

തിരുവനന്തപുരം: ജാര്‍ഖണ്ഡ് സ്വദേശിയായ അതിഥിത്തൊഴിലാളിയ്ക്ക് (21) പുതുജന്മമേകി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. മെഷീനില്‍ കുടുങ്ങി ചതഞ്ഞരഞ്ഞ കൈ 5 മണിക്കൂര്‍ നീണ്ട അതി സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് വച്ചുപിടിപ്പിച്ചത്. കൈ ചലിപ്പിച്ച് തുടങ്ങിയ യുവാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമായ യുവാവിനെ അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൃത്യ സമയത്ത് ഇടപെട്ട് അതിഥി തൊഴിലാളിയ്ക്ക് കൈകള്‍ വച്ചുപിടിപ്പിച്ച് കൈയ്യും ജീവനും രക്ഷിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

 

ഇക്കഴിഞ്ഞ ഒമ്പതാം തീയതി വൈകുന്നേരം ആറേ കാലോടെയാണ് അപകടത്തില്‍പ്പെട്ട അതിഥിതൊഴിലാളിയെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. വലത് കൈയ്യില്‍ ഇട്ടിരുന്ന വള മെഷീനില്‍ കുടുങ്ങി കൈത്തണ്ടയില്‍ വച്ച് കൈ മുറിഞ്ഞുപോകുകയായിരുന്നു. മസിലും ഞരമ്പും പൊട്ടി ചതഞ്ഞരഞ്ഞ് വേര്‍പെട്ട നിലയിലായിരുന്നു. സാധാരണ ഇത്തരം കേസുകളില്‍ കൈകള്‍ വച്ച് പിടിപ്പിക്കാന്‍ കഴിയാറില്ല. എന്നാല്‍ യുവാവിന്റെ പ്രായം കൂടി പരിഗണിച്ച് കൈ വച്ച് പിടിപ്പിക്കുന്ന വെല്ലുവിളി ഏറ്റെടുത്ത് രാത്രി 9 മണിയോടെ അപൂര്‍വ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

 

പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, അനസ്തീഷ്യ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സര്‍ജറി നടത്തിയത്. കൈയ്യിലെ പ്രധാന രണ്ട് രക്തക്കുഴലുകള്‍, സ്പര്‍ശനശേഷി, ചലനശേഷി എന്നിവ നല്‍കുന്ന ഞരമ്പുകള്‍, മറ്റ് ഞരമ്പുകള്‍, മസിലുകള്‍ എന്നിവ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് മുഖേന വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമായി.

 

പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോ. കലേഷ് സദാശിവന്‍, ഡോ. എന്‍.പി. ലിഷ, ഡോ. എസ്.ആര്‍. ബൃന്ദ, ഡോ. ജെ.എ. ചാള്‍സ്, ഡോ. താര അഗസ്റ്റിന്‍, ഡോ. സി. ആതിര, ഓര്‍ത്തോപീഡിക്‌സിലെ ഡോ. ഷിജു മജീദ്, ഡോ. ദ്രുതിഷ്, ഡോ. അര്‍ജന്‍, ഡോ. പി ജിതിന്‍, ഡോ. വി. ജിതിന്‍, ഡോ. ഗോകുല്‍, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. അഞ്ജന മേനോന്‍, ഡോ. ആതിര എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular